തിരുവനന്തപുരം: ദേവസ്വം ബോർഡിലെ മുന്നാക്കസംവരണം നിലനിൽക്കുന്നതല്ലെന്നും സംവരണ നടപടികളുമായി മുന്നോട്ടുപോയാൽ തിരിച്ചടിയുണ്ടാകുമെന്നും നിയമോപദേശം. സംവരണ വിഷയവുമായി ബന്ധപ്പെട്ട കേസുകളിലെ സുപ്രീംകോടതി വിധിക്കെതിരാണ് ഇൗ തീരുമാനമെന്നും നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സർക്കാറിന് നൽകിയ നിയമോപദേശത്തിൽ പറയുന്നു. ദേവസ്വം ബോർഡ് നിയമനങ്ങളിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുന്നാക്കക്കാർക്ക് പത്ത്ശതമാനം സാമ്പത്തിക സംവരണത്തിന് സർക്കാർ തീരുമാനിച്ചിരുന്നു. നിയമത്തിെൻറ പിൻബലമില്ലാത്തതും കോടതിയിൽ ചോദ്യംചെയ്താൽ നിലനിൽക്കാത്തതുമാണ് ദേവസ്വം ബോർഡില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ച പുതിയ സംവരണനയമെന്ന് നിയമ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തില്‍ മാത്രം പിന്നാക്കാവസ്ഥ കണക്കാക്കുന്ന രീതി രാജ്യത്ത് ഒരിടത്തും നിലവില്ല. ഈ രീതിയില്‍ സംവരണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഇന്ദ്രാ സാവ്നി കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. 2007ലെ നാഗരാജ് കേസിലും 2017ലെ ബി.കെ. പവിത്ര കേസിലും സുപ്രീംകോടതി ഈ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. ഇന്ദ്രാ സാവ്നി കേസിെൻറ വിധിപകർപ്പുകൂടി ഉള്‍പ്പെടുത്തിയാണ് മുഖ്യമന്ത്രിക്ക് നിയമോപദേശം കൈമാറിയത്.
മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം എന്ന ആശയമാണ് ഇതിലൂടെ നടപ്പാക്കാൻ സർക്കാർ ശ്രമിച്ചത്. അതിെൻറ ഭാഗമായാണ് ദേവസ്വം ബോർഡ് നിയമനങ്ങളിൽ പത്തുശതമാനം മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് സംവരണം ഏര്‍പ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനത്തെ എൻ.എസ്.എസ് സ്വാഗതം ചെയ്തെങ്കിലും എസ്.എൻ.ഡി.പി ഉൾപ്പെടെ ചില സാമുദായിക സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.