ജെമിനി, ജംബോ സർകസ് കമ്പനികളുടെ സ്ഥാപകൻ ജെമിനി ശങ്കരൻ അന്തരിച്ചു

കണ്ണൂർ: ആധുനിക ഇന്ത്യൻ സർകസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർകസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരൻ എന്ന മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ (എം.വി. ശങ്കരൻ–99) അന്തരിച്ചു. ഞായറാഴ്ച രാത്രി 11.40ന് കണ്ണൂർ കൊയിലി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് പയ്യാമ്പലത്ത് നടത്തും.

ഇന്ത്യൻ സർകസിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നവരിൽ പ്രമുഖനായിരുന്നു ജെമിനി ശങ്കരൻ. സർകസുമായി ബന്ധപ്പെട്ട് ഇന്ത്യക്കകത്തും പുറത്തും സഞ്ചരിച്ച അദ്ദേഹത്തിന് ഇന്ത്യൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, മൊറാർജി ദേശായി, രാജീവ് ഗാന്ധി എന്നിവർക്ക് പുറമെ ലോകനേതാക്കളായ മാർട്ടിൻ ലൂതർകിങ്‌, മൗണ്ട്ബാറ്റൺ പ്രഭു, കെന്നത്ത് കൗണ്ട, ബഹിരാകാശ യാത്രികയായ വാലന്റീന തെരഷ്‌കോവ തുടങ്ങിയ പ്രമുഖരുമായി സൗഹൃദമുണ്ടായിരുന്നു. ഇന്ത്യൻ സർക്കസ് ഫെഡറേഷൻ പ്രസിഡന്റായും പ്രവർത്തിച്ചു.

1924 ജൂൺ 13ന് തലശ്ശേരി കൊളശ്ശേരിയിലെ രാമൻ മാഷിന്റെയും കല്യാണിയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ മകനായാണ് ജനനം. ഏഴാം ക്ലാസ് വിദ്യാഭ്യാസം നിർത്തിയ ശേഷം സർകസിനോടുള്ള അഭിനിവേശംമൂലം 1938ൽ തലശ്ശേരി ചിറക്കരയിൽ കീലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ കളരിയിൽ ചേർന്നു. പിന്നീട് പട്ടാളത്തിൽ ചേർന്നു. നാലര വർഷത്തോളം അവിടെ തുടർന്ന അദ്ദേഹം സ്വയം വിരമിച്ചു. 1946ൽ കൊൽക്കത്തയിലെ പ്രശസ്തമായ ബോസ്‌ലിയൻ സർകസിൽ ചേർന്നു. തുടർന്ന് ഇന്ത്യയിലെ അക്കാലത്തെ ശ്രദ്ധേയമായ നാഷനൽ സർകസിലും ഗ്രേറ്റ്‌ ബോംബെ സർകസിലും ചേർന്നു. ഹൊറിസോണ്ടൽ ബാർ, ഫ്ലയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനായിരുന്നു ശങ്കരൻ.

സാമ്പത്തികപ്രശ്‌നം കാരണം തകർന്ന വിജയ സർകസ് ശങ്കരനും കൂട്ടുകാരനും ചേർന്ന് ഏറ്റെടുത്തു. പിന്നീടാണ് ജെമിനി സർക്കസ് എന്ന പേരിൽ തുടങ്ങുന്നത്. വിദേശരാജ്യങ്ങളിലെ കലാകാരന്മാരെയും വന്യമൃഗങ്ങളെയും സർകസിൽ അണിനിരത്തി ജെമിനി ശ്രദ്ധ നേടി. 1977ൽ ജംബോ സർകസ് കൂടി ശങ്കരൻ ഏറ്റെടുത്തു. ചൈനയിൽ നടന്ന ഇന്റർനാഷനൽ സർകസ് ഫെസ്റ്റിവലിലും പങ്കെടുത്തു. കുവൈത്ത് ഗോൾഡൻ ഫോക് പുരസ്‌കാരവും സർകസിലെ സേവനം മാനിച്ച് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ടി.കെ.എം ട്രസ്റ്റിന്റെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ലഭിച്ചു.

ഭാര്യ: ശോഭന. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ, ഡോ. രേണുശങ്കർ (പ്രഫസർ, മെൽബൺ ആസ്‌ട്രേലിയ). മരുമക്കൾ: പൂർണിമ, സുനിത, പ്രദീപ്‌ നായർ (കമ്പ്യൂട്ടർ എൻജിനീയർ മെൽബൺ, ആസ്‌ട്രേലിയ). സഹോദരങ്ങൾ: എം. ബാലൻ (മുംബൈ), പരേതരായ എം. കൃഷ്ണൻ നായർ, എം. കണ്ണൻ നായർ, മൂർക്കോത്ത് കുഞ്ഞിരാമൻ, എം. നാരായണൻ, എം. ലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച പയ്യാമ്പലത്ത്.

Tags:    
News Summary - Founder of Gemini and Jumbo Circus Companies M.V. Shankar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.