അറസ്റ്റിലായ കെ. ​റ​മീ​സ്, പി. ജി​തി​ൻ, അ​നു​വി​ന്ദ്, അ​മ​ൽ​ ബാ​ബു

യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച കേസിൽ നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

പഴയങ്ങാടി: നവകേരള ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച സംഭവത്തിൽ നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ ചെറുതാഴം മേഖല പ്രസിഡന്റ് കെ. റമീസ് (25), മാടായി ബ്ലോക്ക് കമ്മിറ്റി അംഗം ജി.കെ. അനുവിന്ദ് (25), മാടായി ബ്ലോക്ക് ജോ. സെക്രട്ടറി പി. ജിതിൻ (29), ചെറുതാഴം സൗത്ത് മേഖല പ്രസിഡന്റ് അമൽ ബാബു (25) എന്നിവരെയാണ് അറസ്റ്റുചെയ്തത്. പൊലീസ് സ്റ്റേഷനിൽ ഹാജരായ ഇവരുടെ അറസ്റ്റ് കേസന്വേഷണ ചുമതലയുള്ള പരിയാരം ഇൻസ്പെക്ടർ നളിനാക്ഷൻ രേഖപ്പെടുത്തി. പയ്യന്നൂർ കോടതി ഇവരെ റിമാൻഡ് ചെയ്തു.

തിങ്കളാഴ്ച നവകേരള ബസിന് കരിങ്കൊടി കാണിച്ച സുധീഷ് വെള്ളച്ചാൽ, മഹിത മോഹൻ, രാഹുൽ പുത്തൻപുരയിൽ, സായി ശരൺ, തുടങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ 14 പേരും കണ്ടാലറിയാവുന്ന ആറ് പേരുമടക്കം 20 ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകരുടെ പേരിലാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. പ്രതിപ്പട്ടികയിലെ ആദ്യ മൂന്നു പേരും ആറാമനുമാണ് ഇപ്പോൾ അറസ്റ്റിലായത്.

തിങ്കളാഴ്ച നവകേരള സദസ്സുമായി ബന്ധപ്പെട്ട് പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മുസ്‍ലിം ലീഗ് പ്രവർത്തകരെ നേരത്തെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസിന്‍റെ ഈ നടപടിയിൽ പ്രതിഷേധിച്ചാണ് കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചത്.

മാടായിപ്പാറയിലെ കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സിനുശേഷം തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു നേരെ പഴയങ്ങാടി കെ.എസ്.ഇ.ബി ഓഫിസ് പരിസരത്താണ് യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരും ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകരും ചേർന്ന് ഇത് തടഞ്ഞു.

നവകേരള ബസ് പോയ ശേഷമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ മർദിച്ചത്. ഹെൽമറ്റുകളും ചെടിച്ചട്ടികളും ഉപയോഗിച്ചായിരുന്നു ക്രൂരമർദനം. സംഘം ചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഘർഷം ചിത്രീകരിക്കുന്നതിനിടെ മീഡിയ വൺ കാമറാമാൻ ജയ്സൽ ബാബുവിനും മർദനമേറ്റു.

മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജില്ല വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ രക്തസ്രാവത്തെ തുടർന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാഹുൽ പുങ്കാവ്, മഹിത മോഹനൻ, സായി ശരൺ എന്നിവർക്കും പരിക്കേറ്റിരുന്നു.

ബസിന് കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. സുധീഷ് വെള്ളച്ചാൽ, മഹിത മോഹൻ, രാഹുൽ പുത്തൻപുരയിൽ, സായി ശരൺ എന്നിവർക്കെതിരെയാണ് കേസ്.

Tags:    
News Summary - Four DYFI activists were arrested in the case of attacking youth congress workers in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT