തിരുവനന്തപുരം: തുടർഭരണത്തിന്റെ പെരുമയിൽ രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിപുലമായ വാർഷികാഘോഷ പരിപാടികളില്ല. സർക്കാർ മൂന്നുവർഷം തികച്ച ദിനമായ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. തുടർഭരണം കേരളത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചെന്ന് എൽ.ഡി.എഫ് അവകാശപ്പെടുമ്പോൾ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലായതാണ് നേട്ടമെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തുന്നു.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറ്റിയും പുതിയ പദ്ധതികൾ ഏറ്റെടുത്തും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു. പിണറായി സർക്കാറിന്റെ തുടർഭരണം കേരളത്തെ നാശത്തിലേക്ക് നയിച്ചെന്നും സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
കേരളം അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യസംസ്ഥാനമായി മാറുന്നതിന്റെ പ്രഖ്യാപനവും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പൂർത്തീകരണവുമാണ് നാലാം വർഷത്തിലെ അഭിമാന നേട്ടമായി സർക്കാർ മുന്നോട്ടുവെക്കുന്നത്. ദേശീയപാത നിർമാണം, ഗെയിൽ പൈപ്പ്ലൈൻ, വാട്ടർ മെട്രോ തുടങ്ങിയവയും രണ്ടാം പിണറായി സർക്കാർ മുന്നോട്ടുവെക്കുന്ന നേട്ടങ്ങളാണ്. നാലാം വർഷത്തിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 57,400 കോടി രൂപയുടെ വിഹിതം വെട്ടിക്കുറച്ച കേന്ദ്രഅവഗണനയാണ് അതിനു കാരണമെന്ന് ഭരണപക്ഷം വിശദീകരിക്കുന്നു.
പിണറായി സർക്കാറിന്റെ നികുതി പിരിവിലെ കെടുകാര്യസ്ഥതയാണ് പ്രശ്നമെന്ന് പ്രതിപക്ഷം പറയുന്നു. കോവിഡ് കാലത്തെ കിറ്റിന്റെയും ക്ഷേമ പെൻഷൻ വർധിപ്പിച്ചത് വീട്ടിലെത്തിച്ചതിന്റെയും ഫലമായിരുന്നു തുടർഭരണം. രണ്ടാം പിണറായി സർക്കാർ നാലാം വർഷമെത്തുമ്പോൾ സപ്ലൈകോയിൽ സബ്സിഡി സാധനം പോലുമില്ലാത്ത അവസ്ഥയാണ്. ക്ഷേമ പെൻഷൻ ആറുമാസം കുടിശ്ശികയുമുണ്ട്. രണ്ടര വർഷം പിന്നിട്ടതിന് പിന്നാലെ മന്ത്രിസഭയിൽ രണ്ടു മാറ്റങ്ങളുണ്ടായി.
ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മാറി പകരം കെ.ബി. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും വന്നു. സ്വർണക്കടത്തിന്റെ തുടർആരോപണം മുതൽ കരിമണൽ മാസപ്പടി വരെയുള്ള വിവാദങ്ങളിൽ മുഖ്യമന്ത്രിക്ക് നേരെയായിരുന്നു പ്രതിപക്ഷ ആക്രമണത്തിന്റെ കുന്തമുന. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശ വിനോദയാത്രയാണ് ഒടുവിലത്തെ വിവാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.