കൊച്ചി: 18 കോടിയുടെ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച കേരള സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് സിറോ മലബാർ സഭ മുൻ വക്താവ് ഫാ. പോൾ തേലക്കാട്. രാഷ്ട്രീയ താൽപര്യം മുൻനിർത്തി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വസ്തുതകൾ മറച്ചുപിടിച്ചെന്ന് പോൾ തേലക്കാട് പറഞ്ഞു.
സത്യത്തിനൊപ്പം നിൽക്കാത്ത സർക്കാരാണോ എന്ന് സംശയിക്കുന്നതാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം. സത്യവാങ്മൂലം സർക്കാറിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യും. അപാകതയില്ലെങ്കിൽ മാർ ആലഞ്ചേരിയെ എന്തിന് അതിരൂപത അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് പോൾ തേലക്കാട് ചോദിച്ചു.
ആറു കോടി രൂപയാണ് ആദായ നികുതി വകുപ്പ് പിഴയായി ശിക്ഷിച്ചത്. ഒരു കാര്യമില്ലാതെയാണ് പിഴ വിധിച്ചതെന്നാണ് പൊലീസും സർക്കാരും കാണുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെറുതേ കേസ് രജിസ്റ്റർ ചെയ്യുമോ എന്നും പോൾ തേലക്കാട് കൂട്ടിച്ചേർത്തു.
സിറോ മലബാർ സഭയുടെ 18 കോടിയുടെ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകിയുള്ള സത്യവാങ്മൂലമാണ് കേരള സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചത്. കേസിൽ വിചാരണ നേരിടണമെന്ന ഹൈകോടതി വിധിക്കെതിരെ കർദിനാൾ സമർപ്പിച്ച ഹരജിയിലാണ് സംസ്ഥാന സർക്കാർ അദ്ദേഹത്തിന് അനുകൂലമായ നിലപാടെടുത്തത്.
ഭൂമി വാങ്ങിയ എല്ലാവരെയും ചോദ്യം ചെയ്തപ്പോൾ ഔദ്യോഗികമായി രേഖയിൽ കാണിച്ച തുക മാത്രമേ ഭൂമിക്ക് തങ്ങൾ കൊടുത്തിട്ടുള്ളൂവെന്ന് അവർ പൊലീസിനോട് പറഞ്ഞുവെന്നും അതിനാൽ കണക്കിൽ കവിഞ്ഞ തുകക്ക് ഭൂമി വിറ്റുവെന്നത് കണ്ടെത്താനായില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 36 പേർക്കാണ് ഭൂമി വിറ്റത്. ഈ കച്ചവടത്തിലൂടെ 27 കോടി കിട്ടിയെന്നത് പരാതിക്കാരൻ തെറ്റിദ്ധരിച്ചതാണ്.
സഭയുടെ രേഖ പ്രകാരം 13,51,44,260 രൂപ മാത്രമേ കിട്ടിയിട്ടുള്ളൂ. സെന്റിന് ഒമ്പതു ലക്ഷത്തിന് വിൽക്കാൻ തീരുമാനിച്ച നാലു വ്യത്യസ്ത സ്ഥലങ്ങളിലുള്ള ഭൂമി കർദിനാളിന്റെ നേതൃത്വത്തിൽ വിറ്റപ്പോൾ ചിലതിന് സെന്റിന് 2.43 ലക്ഷം രൂപ മുതൽ 10.75 ലക്ഷം രൂപ വരെയാണ് കിട്ടിയതെന്നും വ്യത്യസ്ത ഭാഗങ്ങളിലെ വ്യത്യസ്ത വിലകളാണ് അതിന് കാരണമെന്നും കേരള സർക്കാർ ബോധിപ്പിച്ചു.
റോമൻ കത്തോലിക്ക സഭയെ നിയന്ത്രിക്കുന്ന കാനൻ നിയമവും എറണാകുളം അതിരൂപതയുടെ ചട്ടങ്ങളും പ്രകാരം ശരിയായ കൂടിയാലോചന നടത്തിയാണ് ഭൂമി ഇടപാട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സഭയുടെ ഭരണപരമായ കാര്യങ്ങൾക്കുള്ള സമിതികളായ കൂരിയ, കോളജ് ഓഫ് കൺസൽട്ടേഴ്സ്, ഫിനാൻസ് കൗൺസിൽ എന്നിവയിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും മിനിറ്റ്സിൽ അവ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
സിറോ മലബാർ സഭയുടെയും എറണാകുളം-അങ്കമാലി അതിരൂപതയുടെയും ചെലവിൽ കർദിനാൾ ആലഞ്ചേരിയും സംഘവും വഞ്ചന നടത്തിയെന്നു കാണിച്ച് അതേ അതിരൂപതക്ക് കീഴിലുള്ള ചൊവ്വര പ്രസന്നപുരം ആത്തപ്പിള്ളി ഹൗസിൽ പാപ്പച്ചൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെ സമീപിച്ചതോടെയാണ് കേസിന്റെ തുടക്കം. തുടർന്ന് മജിസ്ട്രേറ്റ് മേൽനടപടിക്കായി ഈ പരാതി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ 2019ൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.