കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ അപരന്മാരുടെ പത്രിക തള്ളി. ആവശ്യമായ തെളിവുകൾ ഹാജരാക്കിയില്ലന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യ വരണാധികാരിയായ കലക്ടറുടെ നടപടി.
നാമനിർദേശ പത്രികയിൽ ഒപ്പിട്ടവരെ ഹാജരാക്കാൻ അപര സ്ഥാനാർഥികൾ കൂടുതൽ സമയം ചോദിച്ചത് വരണാധികാരി അംഗീകരിച്ചില്ല. അതേസമയം, പത്രിക തള്ളിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് അപര സ്ഥാനാർഥികളുടെ അഭിഭാഷകർ അറിയിച്ചു.
അപരന്മാരുടെ പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്നും പത്രിക പൂർണമായും പൂരിപ്പിച്ചിട്ടില്ലെന്നുമാണ് യു.ഡി.എഫിന്റെ പരാതി. ഇതേതുടർന്ന് പത്രികയിൽ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാൻ അപരന്മാർക്ക് കലക്ടർ നിർദേശം നൽകുകയായിരുന്നു.
ഫ്രാൻസിസ് ഇ. ജോർജിനായി പത്രികയിൽ ഒപ്പിട്ടിരിക്കുന്നത് കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ഒരു ബൂത്തിലെ 10 വോട്ടർമാരാണെന്നും ഈ വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടിക നോക്കി പകർത്തിയതാണെന്നും ഒപ്പുകൾ വ്യാജമെന്നും യു.ഡി.എഫ് ആരോപിച്ചു. കൂവപ്പള്ളിക്കാരൻ ഫ്രാൻസിസ് ജോർജിന്റെ പത്രികയിലെ ഒപ്പുകളിലും യു.ഡി.എഫ് സംശയം ഉന്നയിച്ചു.
സി.പി.എം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജും കേരള കോൺഗ്രസ് മാണി വിഭാഗം ജില്ല കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജുമാണ് പത്രിക സമര്‍പ്പിച്ചത്. 'ഫ്രാൻസിസ് ജോർജു'മാരുടെ പിന്നിൽ എൽ.ഡി.എഫാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാൻസിസ് ജോർജും ആരോപിച്ചു.
യു.ഡി.എഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് മത്സരിക്കുന്ന ഫ്രാൻസിസ് ജോർജിന്റെ വോട്ടുകൾ ചോര്‍ത്താൻ ലക്ഷ്യമിട്ടാണ് ഇവര്‍ പത്രിക നൽകിയതെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.