കോട്ടയം: നഗരസഭ ജീവനക്കാരൻ പെൻഷൻ ഫണ്ടിൽ തിരിമറി നടത്തിയ സംഭവത്തിൽ അടിയന്തിര കൗൺസിൽ വിളിക്കാൻ ആവശ്യപ്പെട്ട് എൽ.ഡി.എഫ് അനിശ്ചിതകാല സമരത്തിന്. വിഷയം ചർച്ച ചെയ്യാൻ കൗൺസിൽ വിളിക്കുംവരെ മുനിസിപ്പൽ ഓഫിസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. തിങ്കളാഴ്ച എൽ.ഡി.എഫ് കൗൺസിലർമാർ നടത്തിയ പ്രതിഷേധം സി.പി.എം ഏരിയ സെക്രട്ടറി ബി. ശശികുമാർ ഉദ്ഘാടനം ചെയ്തു.
കൗൺസിലർ ജോസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് മുൻ ക്ലർക്ക് അഖിൽ സി. വർഗീസ് പെൻഷൻ വകയിൽ മൂന്നുകോടിയിലേറെ രൂപ തന്റെ അമ്മയുടെ പേരിലേക്ക് മാറ്റിയതായി കണ്ടെത്തിയത്. പെൻഷൻ വാങ്ങിയിരുന്ന സ്ത്രീ മരിച്ചുപോയതിനെതുടർന്ന് ആ വിവരം കാണിക്കാതെ തന്റെ അമ്മയുടെ പേരും അക്കൗണ്ടും ചേർത്ത് മാസം ഏഴുലക്ഷം രൂപവരെ തട്ടിയെടുക്കുകയായിരുന്നു. ഭരണസമിതി അറിയാതെ ഇത്തരത്തിൽ ഒരു ജീവനക്കാരന് തട്ടിപ്പ് നടത്താനാവില്ലെന്നാണ് എൽ.ഡി.എഫിന്റെ ആക്ഷേപം. തട്ടിപ്പിന്റെ പ്രാരംഭവിവരങ്ങൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ.
പ്രതിക്ക് ഒളിവിൽ പോകാൻ എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന നടപടിയാണ് ചെയർപേഴ്സന്റെ ഭാഗത്തുനിന്നുണ്ടായത്. വൈക്കം നഗരസഭയിൽ ജോലി ചെയ്യുന്ന പ്രതി കോട്ടയം നഗരസഭയിലെത്തി ഏഴുലക്ഷം രൂപ തട്ടിയെടുത്തത് ആരും അറിയാതെ വഴിയില്ല. കൊല്ലം കോർപറേഷനിൽ ജോലി ചെയ്യുമ്പോൾ 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ വിവരം പ്രതിയുടെ സർവിസ് ബുക്കിലുണ്ടാവും.
ഇത് മറച്ചുവെച്ച് കോട്ടയത്ത് ജോലിക്ക് വെച്ചതിൽ ദുരൂഹതയുണ്ട്. ഭരണസമിതിയിലെ പ്രധാനപ്പെട്ട ചിലർക്ക് തട്ടിപ്പിൽ പങ്കുണ്ട്. കേവലം ഒരാളിൽ ഒതുങ്ങുന്നതല്ല തട്ടിപ്പിന്റെ വ്യാപ്തി. അടിയന്തിര കൗൺസിൽ വിളിക്കാനാവശ്യപ്പെട്ട് തങ്ങൾ നോട്ടീസ് നൽകിയതായും പ്രതിപക്ഷനേതാവ് അഡ്വ. ഷീജ അനിൽ പറഞ്ഞു.
തട്ടിപ്പിൽ സി.പി.എം-കോൺഗ്രസ് കൂട്ടുകെട്ട് ആരോപിച്ച് ബി.ജെ.പി ചൊവ്വാഴ്ച രാവിലെ 11ന് നഗരസഭയിലേക്ക് മാർച്ച് നടത്തും. ജില്ല പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്യും.
കോടികളുടെ തട്ടിപ്പ് നടന്നതിൽ ഭരണസമിതിക്ക് പങ്കുണ്ടെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ കോട്ടയം നഗരസഭയിലേക്ക് മാർച്ച് നടത്തി. തിരുനക്കര മോട്ടോർ ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പ്രധാന ഗേറ്റിൽ പൊലീസ് തടഞ്ഞു. ഇത് നേരിയ ഉന്തും തള്ളിനും കാരണമായി. ഇതിനിടയിൽ രണ്ടാം ഗേറ്റിലൂടെ പ്രവർത്തകർ മുനിസിപ്പാലിറ്റിക്കുള്ളിൽ കയറി കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ വെളിയിൽ നിന്ന പ്രവർത്തകർ ഗേറ്റ് തുറന്ന് അകത്തു കയറി.
യോഗം ജില്ല സെക്രട്ടറി ബി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി അജിൻ കുരുവിള ബാബു അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ബി. ശശി കുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ, പി.ജെ. വർഗീസ്, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് അഡ്വ. ബി. മഹേഷ് ചന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് അതുൽ ജോൺ ജേക്കബ്, ജില്ല കമ്മിറ്റി അംഗങ്ങളായ എം.പി. പ്രതീഷ്, രാഹുൽ പി. ജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.