തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം 10 ലക്ഷം വിദ്യാർഥികള്‍ക്ക് സൗജന്യ കൈത്തറി സ്കൂള്‍ യൂനിഫോം തുണി വിതരണം ചെയ്യാൻ തീരുമാനം. 2020 ഏപ്രില്‍ ഒന്നിന് തുടങ്ങി മേയ് 15നു മുമ്പ് വിതരണം പൂര്‍ത്തിയാക്കും. സൗജന്യ യൂനിഫോം പദ്ധതി അവലോകനം ചെയ്യാന്‍ മന്ത്രി ഇ.പി. ജയരാജന്, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നുമുതല്‍ ഏഴുവരെയും എയ്ഡഡ് സ്കൂളുകളില്‍ ഒന്നുമുതല്‍ നാലുവരെയുമുള്ള 8.45 ലക്ഷം കുട്ടികള്‍ക്കും ഇതേ ക്ലാസുകളില്‍ പുതുതായി എത്തുന്ന ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികള്‍ക്കുമാണ് യൂനിഫോം ലഭ്യമാക്കുക. 48.75 ലക്ഷം മീറ്റര്‍ തുണി ഇതിനാവശ്യമാണ്. 122 കോടി രൂപ ചെലവുവരും.
അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള യൂനിഫോം ഉല്പാദനം കൈത്തറി സംഘങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞു. 5.80 ലക്ഷം മീറ്റര്‍ തുണി ഉല്പാദിപ്പിച്ചു. സൗജന്യ യൂനിഫോമിനായി 2016 ഡിസംബര്‍ മുതല്‍ 2019 ജൂണ്‍ വരെ 89.07 ലക്ഷം മീറ്റര്‍ തുണിയാണ് ആകെ ഉല്പാദിപ്പിച്ചത്. കൈത്തറി തൊഴിലാളികള്‍ക്ക് 111 കോടി രൂപ കൂലിയിനത്തില്‍ നല്കി. വടക്കന്‍ ജില്ലകളില്‍ ഹാന്‍വീവും തെക്കന്‍ ജില്ലകളില്‍ ഹാൻറക്സുമാണ് കൈത്തറി സംഘങ്ങളില്‍നിന്ന് യൂനിഫോം ശേഖരിച്ച് വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.