തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രഖ്യാപനം പെരുമാറ്റചട്ടലംഘനമാണെന്ന് ആരോപിച്ച് യു.ഡി.എഫും ബി.ജെ.പിയും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, കെ.സി. ജോസഫ് എം.എൽ.എ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ എന്നിവരാണ് പരാതി നൽകിയത്.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പ്രഖ്യാപനം. വാക്സിെൻറ ലഭ്യതയെക്കുറിച്ച് കേന്ദ്ര സർക്കാറിൽനിന്ന് വ്യക്തമായ വിവരങ്ങള്‍ ഇപ്പോഴും സംസ്ഥാന സര്‍ക്കാറിന് ലഭിച്ചിട്ടില്ല. വാക്സിന്‍ ലഭ്യമായാല്‍ വിതരണം സംബന്ധിച്ച പദ്ധതി ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ചിട്ടില്ലെന്നും ഹസെൻറ പരാതിയിൽ പറയുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോവിഡ് വ്യാപിക്കാൻ ഇടയുണ്ടെന്ന് ആരോഗ്യമന്ത്രി ഭയപ്പാട് ഉണ്ടാക്കിയ ശേഷം വാക്സിൻ സൗജന്യമായി നൽകാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുയായിരുന്നുവെന്നും ഇത് നാല് ജില്ലകളിലെ വോട്ടർമാരെ സ്വാധീനിക്കാനാണെന്നും കെ.സി. ജോസഫ് പരാതിയിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രസ്താവന പെരുമാറ്റ ചട്ടലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മുഖ്യമന്ത്രി ലംഘിച്ചുവെന്നും നടപടി എടുക്കണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സി.പി.എം പിന്തുണച്ചു. സൗജന്യ വാക്സിൻ വിതരണം കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും യു.ഡി.എഫ് കൺവീനറുടെ വാദം ദുർബലമാണെന്നും ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. ആരോപണങ്ങൾ ജനം തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.