പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷം നേടി വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ യു.ഡി.എഫ് പ്രവർത്തകർ എടുത്തുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്നു    ഫോട്ടോ: പി.അഭിജിത്

‘നീല ട്രോളി’ മുതൽ പത്രപ്പരസ്യം വരെ; പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ തുണച്ച ഘടകങ്ങളേറെ...

പാലക്കാട്: റെക്കോർഡ് ഭൂരിപക്ഷത്തോടെയുള്ള മിന്നുംജയവുമായി രാഹുൽ മാങ്കൂട്ടത്തിൽ ഉയർന്നുനിൽക്കുമ്പോൾ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും എൽ.ഡി.എഫിനും കനത്ത നിരാശ. കടുത്ത ആരോപണങ്ങളും ആക്ഷേപങ്ങളുമായി എൽ.ഡി.എഫും ബി.ജെ.പിയും ഒന്നിച്ചെതിർത്ത ത്രികോണപോരിൽ എല്ലാ എതിർപ്പുകളെയും വകഞ്ഞുമാറ്റി രാഹുൽ താരമാകുമ്പോൾ ഈ വിജയത്തിന് ഏറെ തിളക്കമുണ്ട്. പത്തനംതിട്ടയിൽ നിന്നെത്തിയ ‘വരത്തനെ’ന്ന് മുദ്രകുത്തി തന്നെ എതിർക്കാനുള്ള ശ്രമങ്ങൾക്ക് പാലക്കാടൻ മണ്ണിൽ കൂടുകൂട്ടി മറുപടി നൽകിയ രാഹുൽ തകർപ്പൻ ജയത്തോടെ അവിടു​ത്തെ ജനമനസ്സിലും കൂടൊരുക്കുകയാണ്.

ബി.ജെ.പിക്ക് കനത്ത ആഘാതമാണ് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് സമ്മാനിച്ചത്. പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കുന്ന പാർട്ടിക്ക് നഗരത്തിൽ അടിയുറച്ച വോട്ടുകളുടെ അടിത്തറയുണ്ടായിരുന്നു. ഇക്കുറി ആ അടിത്തറയിലുണ്ടായ വിള്ളലാണ് ബി.ജെ.പിയെ പിറകോട്ടടിപ്പിച്ചത്. ഇ. ശ്രീധരൻ മത്സരിച്ചപ്പോഴുണ്ടായ കുതിപ്പിൽ വിശ്വസിച്ച ബി.ജെ.പിക്ക് പക്ഷേ, അദ്ദേഹം സമാഹരിച്ച നിഷ്പക്ഷ വോട്ടുകൾ അതേയളവിൽ കൃഷ്ണകുമാറിന് അനുകൂലമാക്കാൻ കഴിഞ്ഞില്ല. ഒപ്പം, സ്ഥാനാർഥി നിർണയത്തിലെ ശോഭ സുരേന്ദ്രന്റെ അതൃപ്തി ഉൾപ്പെടെ പാർട്ടിയിലെ പടലപ്പിണക്കങ്ങൾ ബി.ജെ.പിക്ക് തിരിച്ചടിയായി.

Full View

തൊട്ടതെല്ലാം പിഴച്ചുപോയ തന്ത്രങ്ങളായിരുന്നു എൽ.ഡി.എഫിന് പാ​ലക്കാട്ടേത്. സ്വന്തം പാർട്ടിയിൽനിന്ന് ഒരു സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിയാതെ ആശയക്കുഴപ്പത്തിലായിരുന്ന സമയത്താണ് കോൺഗ്രസിൽനിന്ന് പിണങ്ങി പി. സരിൻ എത്തുന്നത്. പൊടുന്നനെ കളംമാറിയെത്തിയ സരിനെ സ്റ്റെതസ്കോപ്പ് ചിഹ്നത്തിൽ അങ്കത്തിനിറക്കിയതിനു പിന്നാലെ രാഹുലിനെ ‘​ആക്രമിക്കുന്ന’തിലേക്കായിരുന്നു എൽ.ഡി.എഫിന്റെ ശ്രദ്ധയത്രയും. ഇതിനായി പുറത്തിറക്കിയ ​‘നീല ട്രോളി ബാഗ്’ ആണ് ആദ്യം സി.പി.എമ്മിനെ തിരിഞ്ഞുകൊത്തിയത്. പടലപ്പിണക്കങ്ങൾ പൂർണമായും മാറാതെ കോൺഗ്രസിൽ അപസ്വരങ്ങൾ ബാക്കിയിരുന്ന സമയത്തെ ഈ വിവാദം പാർട്ടിയിൽ ഒത്തൊരുമയ്ക്ക് വഴിതുറക്കുകയായിരുന്നു.

അതിനുപുറ​മെ, കള്ളപ്പണ വിവാദത്തോടനുബന്ധിച്ച് അർധരാത്രി നടന്ന സംഭവങ്ങളിൽ യു.ഡി.എഫിനെതിരെ ഒരുമനസ്സോടെ ബി.ജെ.പി-സി.പി.എം നേതാക്കൾ അണിനിരന്നത് രാഹുൽ മാങ്കൂട്ടത്തിലും കൂട്ടരും ആയുധമാക്കി. ‘കമ്യൂണിസ്റ്റ് ജനതാ പാർട്ടി’ എന്ന പ്രയോഗവുമായി രാഹുൽ തന്നെ പ്രതിരോധത്തിന് മുന്നിൽ നിന്നപ്പോൾ അത് ചർച്ചാവിഷയമാവുകയായിരുന്നു.

Full View

പിന്നീട്, മണ്ഡലത്തിലെ വണ്ണാമട മലയാണ്ടി കൗണ്ടന്നൂരിൽ നിന്ന് 1,326 ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവവും യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കാൻ എൽ.ഡി.എഫ് ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും അതും തിരിഞ്ഞുകൊത്തി. ഏറ്റവുമൊടുവിൽ, സന്ദീപ് വാര്യർ ബി.ജെ.പിയിൽനിന്ന് കോൺഗ്രസിലേക്ക് കുടിയേറിയപ്പോൾ അത് യു.ഡി.എഫിനെ പ്രതിരോധിക്കാനുള്ള വടിയായി സി.പി.എമ്മും ഇടതുമുന്നണിയും കണ്ടു. മുമ്പ് സന്ദീപ് നടത്തിയ പരാമർശങ്ങൾക്ക് പ്രചാരം കൊടുക്കുകയും ന്യൂനപക്ഷ വോട്ടുകൾ ആകർഷിക്കാനുള്ള കെണിയായി അത് ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്തു.

അതിനായി തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് സുപ്രഭാതം, സിറാജ് ദിനപത്രങ്ങളിൽ നൽകിയ പരസ്യം പക്ഷേ, പാലക്കാട് എൽ.ഡി.എഫിനെ അങ്ങേയറ്റം പ്രതിരോധത്തിലാക്കി. ന്യൂനപക്ഷ വോട്ടുകളിൽ വീഴ്ത്തുകയെന്ന ഉദ്ദേശ്യത്തിൽ നൽകിയ ‘വർഗീയ’ പരസ്യം ബി.ജെ.പിയെ സഹായിക്കാനാണെന്ന പ്രചാരണം യു.ഡി.എഫ് ശക്തമാക്കിയതോടെ എൽ.ഡി.എഫ് സ്വയം കുഴിച്ച കുഴിയിൽ വീഴുകയായിരുന്നു. വ്യാപക വിമർശനമാണ് ഈ പത്രപ്പരസ്യത്തിനെതിരെ കേരളത്തിലുണ്ടായത്. ന്യൂനപക്ഷ വോട്ടുകൾ രാഹുലിന് പിന്നിൽ ഉറച്ചുനിൽക്കാൻ ഇത് വഴിയൊരുക്കിയെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.

Full View

ഷാഫി പറമ്പിലിന്റെ വ്യക്തിപരമായ സ്വാധീനമാണ് മത്സരഫലത്തെ നിർണയിച്ച മറ്റൊരു ഘടകം. പാലക്കാട് എം.എൽ.എയായിരുന്ന ഷാഫി വടകര എം.പിയായതോടെ ആ സ്ഥാനമൊഴിഞ്ഞപ്പോൾ ബി.ജെ.പി എം.എൽ.എയെ സൃഷ്ടിക്കാൻ ഷാഫി കളമൊരുക്കുന്നുവെന്നായിരുന്നു ഇടത് ആരോപണം. ഇതിന്റെ മുനയൊടിക്കുകയെന്ന ദൗത്യത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത ഷാഫിയായിരുന്നു യഥാർഥത്തിൽ പാലക്കാട്ട് യു​.ഡി.എഫിന്റെ പ്രധാന ചാലക ശക്തി. താനാണ് മത്സരിക്കുന്നതെന്ന രീതിയിൽ ഷാഫി പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ച് മുഴുവൻ സമയവും രാഹുലിനൊപ്പം നിഴലുപോലെ നിന്നപ്പോൾ ഷാഫിയെ ഏറെ ചേർത്തുപിടിക്കുന്ന പാലക്കാട് ആ സ്നേഹം രാഹുലിനും പകുത്ത് നൽകുകയായിരുന്നു.

സ്ഥാനാർഥിയെന്ന നിലയിൽ ആദ്യം മണ്ഡലത്തിൽ സജീവമായതും രാഹുലായിരുന്നു. എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ താരതമ്യേന വൈകി കളത്തിലെത്തുംമുമ്പേ മണ്ഡലത്തിൽ രാഹുൽ സജീവമായിക്കഴിഞ്ഞിരുന്നു. മൂന്നു സ്ഥാനാർഥികളിൽ കൂടുതൽ വ്യക്തിപ്രഭാവവും സ്വീകാര്യതയുമുള്ള സ്ഥാനാർഥിയെന്നതും രാഹുലിന് അനുകൂല ഘടകമായി. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡലത്തിൽ നേരത്തേ ഹോംവർക്ക് ചെയ്തതിന്റെ ഗുണം ലഭിച്ചതിനൊപ്പം അസ്വരാസ്യങ്ങളല്ലാം മാറ്റിവെച്ച് കോൺഗ്രസ് ഒരുമനസ്സോടെ പടനയിച്ചതാണ് ഷാഫിയെ വെല്ലുന്ന ഭൂരിപക്ഷത്തിലേക്ക് രാഹുലിനെ നയിച്ചത്.


പാലക്കാട് വോട്ടുനില:

രാഹുൽ മാങ്കൂട്ടത്തിൽ (യു.ഡി.എഫ്) -58,389 വോട്ടുകൾ (18,840 വോട്ടിന് വിജയിച്ചു)

സി. കൃഷ്ണകുമാർ (എൻ.ഡി.എ) -39,549

ഡോ. പി. സരിൻ -37,293

നോട്ട -1262

എം. രാജേഷ് ആലത്തൂർ (സ്വതന്ത്രൻ) -561

ബി. ഷമീർ (സ്വതന്ത്രൻ) -246

എരുപ്പശ്ശേരി സിദ്ദീഖ് (സ്വതന്ത്രൻ) - 241

രാഹുൽ .ആർ (സ്വതന്ത്രൻ) -183

രാഹുൽ മണലാഴി (സ്വതന്ത്രൻ) -157

ശെൽവൻ .എസ് (സ്വതന്ത്രൻ) -141

എൻ.എസ്.കെ. പുരം ശശികുമാർ (സ്വതന്ത്രൻ) -98

Tags:    
News Summary - From 'Blue Trolley' to newspaper ads; Many factors helped Rahul Mangkootathil at Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.