കൊല്ലം: രണ്ടുമാസം മുമ്പ് നഷ്ടമായ മുന്നാക്ക സമുദായ ക്ഷേമ ബോർഡ് ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് ബിക്ക് തിരികെ ലഭിച്ചു. ഇതോടെ, പാർട്ടി ചെയർമാൻ കെ.ബി. ഗണേഷ് കുമാറും ഇടതുമുന്നണിയുമായുള്ള അകൽച്ചയുമില്ലാതാകുന്നു. കെ.ജി. പ്രേംജിത്തിനാണ് ബോർഡ് ചെയർമാനായി പുനർനിയമനം ലഭിച്ചത്. പ്രേംജിത്തിനെ നീക്കി പകരം സി.പി.എം പ്രതിനിധി എം. രാജഗോപാലൻ നായരെ നിയമിച്ചിരുന്നു.
തന്നോട് ആലോചിക്കാതെയുള്ള നടപടിയിൽ ഗണേഷ് പ്രതിഷേധിക്കുകയും പ്രേംജിത്തിനെ പുനർനിയമിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉടൻ പുനർനിയമനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുകൊടുത്തെങ്കിലും നടന്നില്ല. അതിനു പിന്നാലെ, സോളാർ വിവാദം വീണ്ടും ഉയർന്നതോടെ പ്രേംജിത്തിന്റെ പുനർനിയമനത്തിനൊപ്പം അടുത്തമാസം നടക്കാനിരിക്കുന്ന മന്ത്രിസഭ പുനഃസംഘടനയിൽ ഗണേഷിന് ലഭിക്കേണ്ട സ്ഥാനവും തുലാസ്സിലായി. എന്തായാലും പ്രേംജിത്തിന്റെ പുനർനിയമന ഉത്തരവ് ഇറങ്ങിയതോടെ ഗണേഷിന്റെ മന്ത്രിസഭ പ്രവേശനം കൂടിയാണ് ഉറപ്പായത്. ആറ് അനൗദ്യോഗിക അംഗങ്ങളെയും മൂന്ന് ഔദ്യോഗിക അംഗങ്ങളെയും ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കുകയും ചെയ്തു.
എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെ പങ്കെടുപ്പിച്ച് ഒരാഴ്ചമുമ്പ് കേരള കോൺഗ്രസ് ബി കൊട്ടാരക്കരയിൽ ജില്ല സമ്മേളനവും ശക്തി പ്രകടനവും നടത്തിയിരുന്നു. സോളാറും മുന്നണിയിലെ പിണക്കവുമടക്കം വിവാദ പ്രശ്നങ്ങൾക്കെല്ലാമുള്ള മറുപടിയായാണ് സമ്മേളനം മാറിയത്.
അതേ സമയം, ഗണേഷിന് മന്ത്രി സ്ഥാനമുറപ്പായതിനൊപ്പം ഇടതുമുന്നണിയിൽ മറ്റൊരു പോരിന് തിരിതെളിഞ്ഞിട്ടുണ്ട്. കേരള കോൺഗ്രസ് എം-ബി വടംവലിയാണിത്. തിരുവനന്തപുരത്ത് കേരള കോൺഗ്രസിൽ (എം) നിന്ന് ചിലർ ‘ബി’ യിൽ ചേർന്നതാണ് പ്രശ്നമായത്. ഗണേഷ് തന്നെയാണ് അത് പ്രഖ്യാപിച്ചത്. എന്നാൽ, ഈ പ്രസ്താവനക്കെതിരെ അത് വ്യാജമാണെന്നും ഒരേ മുന്നണിയിലെ മറ്റൊരു പാർട്ടിക്കെതിരെ ഇത്തരം പ്രസ്താവന നടത്തുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും കേരള കോൺഗ്രസ് എം തിരുവനന്തപുരം ജില്ല കമ്മിറ്റി പത്രക്കുറിപ്പിറക്കി.
ജോസ് കെ. മാണിയുടെ പേര് സോളാർ പീഡന പരാതിയിലേക്ക് വലിച്ചിഴച്ചത് ഗണേഷാണെന്ന് നേരത്തേ തന്നെ കേരള കോൺഗ്രസ് എം ആരോപിച്ചിരുന്നു. മുന്നണിയിൽ എം.എൽ.എ മാത്രമായിരുന്ന ഗണേഷ് മന്ത്രിയാകുന്നതോടെ, വകുപ്പിന്റെ വലിപ്പ ചെറുപ്പമടക്കം പുതിയ തർക്കങ്ങളിലേക്ക് വഴിതുറക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.