കൊച്ചി: ഇന്ധന വിലവർധനയ്ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിൽ നാടകീയ സംഭവങ്ങൾ. ഉപരോധ സ്ഥലത്ത് കാറിലെത്തിയ നടൻ ജോജു ജോർജ് സമരക്കാർക്കെതിരെ രോഷാകുലനായി. വാക്കേറ്റത്തിനിടെ സമരക്കാർ നടന്‍റെ കാറിന്‍റെ ചില്ല് തകർത്തു.
ജോജുവിനെ പൊലീസ് കസ്റ്റഡിയിെലടുത്തു. നടൻ മദ്യപിച്ചിരുന്നതായി സമരക്കാർ പരാതിപ്പെട്ടതിനാൽ വൈദ്യ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.
അരമണിക്കൂറിൽ ഏറെനേരം ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡിന്‍റെ ഇടതു ഭാഗം അടച്ചിട്ട് പ്രതിഷേധ സമരം നടത്തുന്നതിന് എതിരെയാണ് ജോജു പ്രതിഷേധിച്ചത്. ദേശീയ പാതയിൽ വൻ ഗതാഗത തടസമാണ് ഉണ്ടായത്. ഇതിനെതിരെ റോഡിൽ ഇറങ്ങിയ ജോജുവും സമരത്തെ അനുകൂലിക്കുന്നവരും തമ്മിൽ വാക്കു തർക്കമുണ്ടാവുകയായിരുന്നു.
അര മണിക്കൂർ ഉപരോധിക്കും എന്നായിരുന്നു കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നതെന്ന് എറണാകുളം ഡി.സി.പി ഐശ്വര്യ ഡോംഗ്രെ അറിയിച്ചു. സമരം അതിലേറെ നീണ്ടുപോയതായാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. അതേസമയം, സമരം മുന്നിൽ കണ്ട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ജോജു മദ്യപിച്ചിരുന്നതായി ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അരോപിച്ചു. സമരത്തിലുണ്ടായിരുന്ന സ്ത്രീകളെ ജോജു അധിക്ഷേപിച്ചതായി മഹിളാ കോൺഗ്രസും പൊലീസിൽ പരാതി നൽകി. അതേസമയം, കാറിന്‍റെ ചില്ല് തകർത്ത സംഭവത്തിൽ കണ്ടാലറിയാവുന്നവർക്കെതിരെ പൊലീസ് കേസെടുത്തു.
തുടർച്ചയായി ഉണ്ടാകുന്ന ഇന്ധനവില വർധനയ്ക്കെതിരെയാണ് കോൺഗ്രസ് പ്രത്യക്ഷ സമരം നടത്തിയത്. ജനങ്ങൾക്കു മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാർ നിലപാടുകൾക്കെതിരെ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.
കെ.പി.സി.സി വർക്കിങ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. കാറുകളും മുച്ചക്ര വാഹനങ്ങളും ഉൾപ്പടെ 1500 ഓളം വാഹനങ്ങൾ നിരത്തിലിറക്കിയാണ് ഉപരോധിച്ചത്. അതേസമയം വലിയ വാഹനങ്ങൾ പൊലീസ് ഇടപെട്ട് ഇടപ്പള്ളിയിൽനിന്ന് വഴിതിരിച്ചു വിട്ടു.
അതേസമയം, കോണ്‍ഗ്രസിന്‍റെ സമരത്തെ ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസിന്‍റെ റിപ്പോർട്ട് . വൈദ്യപരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലെത്തിയാണ് താരം വൈദ്യപരിശോധനക്ക് വിധേയനായത്. അഞ്ച് വർഷം മദ്യപാനം പൂർണമായും ഉപേക്ഷിച്ചതായി ജോജു ജോർജ് മാധ്യമങ്ങളോട് നേരത്തേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.