കൊണ്ടോട്ടി: റണ്‍വേ റീകാര്‍പറ്റിങ്ങിന്റെ ഭാഗമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഴുവന്‍ സമയ സര്‍വിസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ റണ്‍വേ അടച്ചിടുന്നത് വ്യാഴാഴ്ചയോടെ ഒഴിവാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നിയന്ത്രണം നീക്കുന്നതില്‍ വിമാനത്താവള അതോറിറ്റി അന്തിമ തീരുമാനമെടുത്തിട്ടില്ല.
റണ്‍വേ റീ കാര്‍പറ്റിങ് പ്രവൃത്തികള്‍ ജൂണിൽ തന്നെ പൂര്‍ത്തിയായിരുന്നെങ്കിലും റണ്‍വേയുടെ വശങ്ങളില്‍ മണ്ണിട്ട് നിരപ്പാക്കുന്ന പ്രവൃത്തികളാണ് അവശേഷിക്കുന്നത്. ഒരുവശത്ത് ഈ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. മറുവശത്തെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇതുകൂടി പൂര്‍ത്തിയായി റണ്‍വേയുടെ ക്ഷമത ഉറപ്പാക്കിയ ശേഷമാകും മുഴുവന്‍ സമയ സര്‍വിസുകള്‍ പുനരാരംഭിക്കുക.
റണ്‍വേ ഗ്രേഡിങ് മണ്ണ് ലഭ്യതയിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നീണ്ടതെന്ന് കരാറുകാര്‍ പറയുന്നു. മണ്ണ് ലഭ്യത ഉറപ്പായതോടെ രണ്ടാഴ്ചക്കകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. നവംബര്‍ വരെയാണ് ഇതിനായി കരാറുകാര്‍ക്ക് അതോറിറ്റി സമയം അനുവദിച്ചിരിക്കുന്നത്. ഗ്രേഡിങ് പൂര്‍ത്തിയാക്കി റണ്‍വേയുടെ ബലക്ഷമത ശാസ്ത്രീയമായി പരിശോധിക്കും. തുടര്‍ന്നാകും പൂര്‍ണസമയ സര്‍വിസുകള്‍ പുനരാരംഭിക്കുന്നതില്‍ അന്തിമ തീരുമാനമുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.