ആലപ്പുഴ: ധനവകുപ്പിനും കിഫ്ബി പദ്ധതികൾക്കും എതിരെ ആലപ്പുഴയിൽ ടാക്സ് കൺസൽട്ടൻസ് അസോസിയേഷൻ പ്രതിനിധി സമ്മേളനത്തിൽ താൻ പ്രസംഗിച്ചതായ വാർത്ത ഭാവനസൃഷ്ടിയാണെന്ന് മന്ത്രി ജി. സുധാകരൻ വാർത്തകുറിപ്പിൽ അറിയിച്ചു. ഒരക്ഷരംപോലും കിഫ്ബിക്കെതിരെ സംസാരിച്ചില്ല. കിഫ്ബി മുഖേന സംസ്ഥാനത്ത് ഉണ്ടാകുന്ന വികസന കുതിപ്പിനെ പറ്റിയാണ് സംസാരിച്ചത്.
അഞ്ചുവർഷം കിഫ്ബി വഴി സംസ്ഥാനത്ത് ലക്ഷം കോടി രൂപയുടെയും ആലപ്പുഴ ജില്ലയിൽ 10,000 കോടി രൂപയുടെയും അടിസ്ഥാന സൗകര്യ വികസനം നടക്കുമെന്നാണ് താൻ പറഞ്ഞത്. ഒരുവർഷത്തെ ഉദാഹരണങ്ങളും വിശദീകരിച്ചിരുന്നു. പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളിൽ പതിറ്റാണ്ടുകളായി തുടർന്നുവരുന്ന ചില ഗുണകരമല്ലാത്ത ശീലങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ചില നിർദേശങ്ങൾ പറഞ്ഞു. അതിലൊന്നും കിഫ്ബിയെ പരാമർശിച്ചിട്ടില്ല. ഇത് ബോധപൂർവം കെട്ടിച്ചമച്ച വാർത്തയാണ്. ഇതിൽ അതിശക്തമായ പ്രതിഷേധമുണ്ട്. ഒരു മാധ്യമപ്രവർത്തകനും പറയാത്ത കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ അധികാരമില്ല. പ്രസംഗത്തിൽ പറഞ്ഞ നല്ല കാര്യങ്ങൾ തമസ്കരിക്കുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതി ഒരു മാധ്യമത്തിനും നല്ലതല്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.