ഗെയില്‍ വാതക പൈപ്പ്ലൈന്‍ പദ്ധതി: റവന്യൂ വകുപ്പിനെ നോക്കുകുത്തിയാക്കി ഭൂമി ഏറ്റെടുക്കുന്നു

തൃശൂര്‍: റവന്യൂ വകുപ്പിനെ നോക്കുകുത്തിയാക്കി കൊച്ചി - കൂറ്റനാട് - മംഗലാപുരം - ബംഗളൂരു വാതക പൈപ്പ്ലൈന്‍ പദ്ധതിക്കുവേണ്ടി ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കാന്‍ ഗെയിലിന്‍െറ നീക്കം.

നടപടിക്രമങ്ങള്‍ മറികടന്ന് പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കാനാണ് പരിപാടി. വില്ളേജ്  ഓഫിസുകളെ ബന്ധപ്പെടുകയോ രേഖകള്‍ പരിശോധിക്കുകയോ ചെയ്യില്ല.   ഭൂമിയുടെ മുഴുവന്‍ വിവരവും വില്ളേജ് ഓഫിസുകളിലാണുള്ളത്. 2011ല്‍ പദ്ധതിക്കായി വിട്ടുകിട്ടേണ്ട ഭൂമിയുടെ സര്‍വേ നമ്പറുകള്‍ ഗെയില്‍ റവന്യൂവകുപ്പിന് കൈമാറിയിരുന്നു. പദ്ധതിക്കാവശ്യമായ ഭൂമിയുമായി ബന്ധപ്പെട്ട തുടര്‍നടപടികളൊന്നും പിന്നീടുണ്ടായില്ല. അന്ന് വില്ളേജ് ഓഫിസുകളില്‍ നല്‍കിയ പട്ടികയിലെ സര്‍വേ ഭൂമിയിലൂടെയല്ല പദ്ധതി കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഈ ഭൂമി ഗെയിലിന് ആവശ്യമില്ല.

പുതിയ ഭൂമി ഏറ്റെടുക്കുന്നതിന് നടപടികള്‍ ഒന്നുമുതല്‍ തുടങ്ങേണ്ടതുമുണ്ട്. ഇതിന് തയാറല്ലാത്ത ഗെയില്‍ സര്‍ക്കാറിന്‍െറ പിന്തുണയില്‍ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ ആവശ്യമായ ഭൂമി ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഇതിന് വില്ളേജ് ഓഫിസര്‍മാര്‍ അനുകൂലമല്ല. അതിനാല്‍, ജനങ്ങള്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ തടയുകയാണ്.

  ആഭ്യന്തരവകുപ്പിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെയാണ് ഭൂമി ഏറ്റെടുക്കുക. എന്തുവിലകൊടുത്തും ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂവകുപ്പ് എതിരുമാണ്. അതുകൊണ്ടുതന്നെ ഏഴ് ജില്ലകളിലും ഭൂമി ഏറ്റെടുക്കല്‍ നടപടി അക്രമാസക്തമാണ്. സര്‍ക്കാര്‍ ഏറ്റെടുക്കാത്ത ഭൂമിയില്‍ സര്‍വേ നടപടിക്കെതിരെ നിലപാട് സ്വീകരിക്കുന്ന ഭൂവുടമകളെ അറസ്റ്റ് ചെയ്യാന്‍ പൊലീസും മടിക്കുന്നു.

 നടപടിക്രമങ്ങള്‍ പാലിക്കാതെ ഭൂമി ഏറ്റെടുക്കുന്നതിനെ പിന്തുണക്കാന്‍ സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാജരേഖകള്‍ ചമച്ച് പദ്ധതിക്കായി നടത്തുന്ന സര്‍വേയുമായി മുന്നോട്ടുപോകാനാകില്ളെന്നാണ് വില്ളേജ് ഓഫിസര്‍മാരുടെയും ജില്ലാ സര്‍വേ ഓഫിസര്‍മാരുടെയും നിലപാട്. ഭൂവുടമകള്‍ നിയമനടപടി സ്വീകരിച്ചാല്‍ പ്രശ്നം വഷളാകുമെന്ന തിരിച്ചറിവാണ് ഉദ്യോഗസ്ഥരെ ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ പ്രാപ്തരാക്കുന്നത്. വകുപ്പിന്‍െറ അറിവോടെയാണ് ഉദ്യോഗസ്ഥര്‍ കൃത്യമായ നിലപാട് സ്വീകരിക്കുന്നത്.

Tags:    
News Summary - gail gas pipeline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.