തിരുവനന്തപുരം: കേരള കോൺഗ്രസ് (ബി) ചെയർമാനും മുൻ മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സോളാർ ലൈംഗികാതിക്രമക്കേസിലെ പരാതിക്കാരി. ഗണേഷ് ആറു മാസം തന്നെ തടവിൽ പാർപ്പിച്ചതായും ഗണേഷിന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ള ഉൾപ്പെടെ രാഷ്ട്രീയ നേതാക്കൾ മൊഴിമാറ്റാൻ സമ്മർദം ചെലുത്തിയതായും പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചു. സോളാര്‍ കേസില്‍ രാഷ്ട്രീയം കലര്‍ത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. അവരുടെ ഗ്രൂപ് സമവായങ്ങളുടെ ഭാഗമായിട്ടും അധികാര കൈമാറ്റത്തിന്റെ വടംവലിക്കകത്തും തന്നെ പിടിച്ചിട്ടതാണ്.
2011ല്‍ യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ പ്രധാനപ്പെട്ട ചുമതലകള്‍ വീതംവെക്കാന്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിൽ ധാരണയുണ്ടായിരുന്നു. എന്നാല്‍, ഉമ്മന്‍ ചാണ്ടി അതിന് വഴങ്ങാതെ നില്ക്കുന്ന സമയത്താണ് ഞാന്‍ ഇതിലേക്ക് എത്തിപ്പെടുന്നത്. ഗണേഷുമായി ഒരു ബന്ധമുണ്ടായിരുന്നെന്ന് അന്നത്തെ ചീഫ് വിപ്പ് മനസ്സിലാക്കുന്നു. ഉമ്മന്‍ ചാണ്ടി മാറാന്‍ തയാറാകാത്ത സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റ ഓഫിസില്‍ ഞാന്‍ കയറിയിറങ്ങുന്നത് ഐ ഗ്രൂപ് നേതാക്കള്‍ മനസ്സിലാക്കിയിരുന്നു. അത് ആരൊക്കെയാണെന്ന് ഞാന്‍ പറയുന്നില്ല. അങ്ങനെ പറഞ്ഞാല്‍ ഒരുപാട് പേരുടെ മുഖംമൂടി വലിച്ചുകീറേണ്ടിവരുമെന്നും പരാതിക്കാരി പ്രതികരിച്ചു.
ഗണേഷ് കത്തിൽ ഇടപെട്ടില്ല -ശരണ്യ മനോജ്
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വന്ന കത്തുകളിൽ ഗണേഷ്കുമാര് ഇടപെട്ടിട്ടില്ലെന്ന് ബന്ധുവും മുൻ അനുയായിയുമായിരുന്ന ശരണ്യ മനോജ്. പരാതിക്കാരിയുടെ ആദ്യ കത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗികാരോപണമില്ലായിരുന്നു. എന്നാൽ, ഗണേഷിനെതിരെ ചില പരാമർശങ്ങളുണ്ടായിരുന്നു. കത്തിലെ മറ്റ് പരാമര്‍ശങ്ങളെക്കുറിച്ച് പറയാന്‍ ഇപ്പോള്‍ തയാറല്ല. ബാലകൃഷ്ണപ്പിള്ള ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിഷയത്തിലിടപെട്ടത്. ഗണേഷിന്റെ സഹായിയായിരുന്ന പ്രദീപാണ് കത്ത് കൈപ്പറ്റിയത്. അതും ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടതിനെ തുടർന്ന്. യു.ഡി.എഫ് സർക്കാറിനെ സംരക്ഷിക്കേണ്ട ചുമതല തനിക്കുണ്ടെന്ന് അദ്ദേഹം കരുതി. കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി ഗണേഷ് മൊഴികൊടുത്തെന്നാണ് താന്‍ മനസ്സിലാക്കുന്നത്. മൊഴികൊടുക്കാന്‍ പോയപ്പോള്‍ സി.ബി.ഐ അങ്ങനെയാണ് തന്നോട് പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ തങ്ങളുടെ പേരില്‍ ആക്ഷേപം വരുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. സോളാര്‍ കമീഷന് പ്രത്യേക താൽപര്യമുണ്ടായിരുന്നെന്നും മനോജ് മാധ്യമങ്ങളോട് പറഞ്ഞു.
ഗണേഷിന്റെ പൊതുജീവിതം ഉമ്മൻ ചാണ്ടിയുടെ ഔദാര്യം -രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ റിപ്പോർട്ടിനുപിന്നാലെ, ഗണേഷ് കുമാർ എം.എൽ.എക്കെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ് സിനിമയിൽ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ടെന്നും ആ റോൾ അതിലുപരി ജീവിതത്തിൽ പകർന്നാടിയിട്ടുണ്ടെന്നും രാഹുൽ വിമർശിച്ചു. ഉമ്മൻ ചാണ്ടി മരണം വരെ മനസ്സിൽ സൂക്ഷിച്ച ഒരു രഹസ്യത്തിന്റെ ഔദാര്യം തന്നെയാണ് ഗണേഷിന്റെ പൊതുജീവിതം. ഇപ്പോൾ ഇടക്കൊക്കെ സർക്കാർ വിമർശനമൊക്കെ നടത്തി യു.ഡി.എഫിലേക്ക് ഒരു പാലം പണിതിടാമെന്ന് ഗണേഷ് വിചാരിച്ചാലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് യു.ഡി.എഫ് പത്തനാപുരം എം.എൽ.എയാക്കാമെന്ന് ഏതെങ്കിലും നേതാക്കൾ ആഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കും. പത്തനാപുരം പോയാലും, കേരളം പോയാലും ഇയാളെ ചുമക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.