ചാവക്കാട്: വാതക ശ്മശാനം പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസിനു മുന്നിൽ മൃതദേഹവുമായി നാട്ടുകാർ. കടപ്പുറം പഞ്ചായത്തിലെ വാതക ശ്മശാനമാണ് മാസങ്ങളായി പ്രവർത്തിക്കാത്തത്.
ഒമ്പതാം വാർഡ് മുനക്കകടവ് അഴിമുഖത്ത് നിര്യാതനായ ചേന്ദങ്കര കൃഷ്ണൻ കുട്ടിയുടെ മൃതദേഹമാണ് പഞ്ചായത്തിനു മുന്നിൽ വെച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. പ്രതിഷേധങ്ങൾ പല രീതിയിൽ നടത്തിയിട്ടും പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിക്ക് യാതൊരു കുലുക്കവുമില്ലെന്ന് ആരോപിച്ചാണ് മൃതദേഹവുമായി പ്രതിഷേധം സംഘടിപ്പിച്ചത്.
വെള്ളിയാഴ്ച വിവിധ മരണാനന്തര സമിതികളും നാട്ടുകാരും ചേർന്നാണ് മൃതദേഹവുമായി പഞ്ചായത്തിലെത്തിയത്. ഇതിനിടയിൽ ചാവക്കാട് പൊലീസെത്തി. ശ്മശാനം അടിയന്തരമായി പ്രവർത്തിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചശേഷമാണ് പ്രതിഷേധക്കാർ പിൻവാങ്ങിയത്. മൃതദേഹം ഒരുമനയൂർ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.
സാങ്കേതിക പ്രശ്നങ്ങൾ കാരണം കടപ്പുറം പഞ്ചായത്തിലെ ശ്മശാനം പ്രവർത്തിക്കാത്തതിനാൽ മേഖലയിലെ മൃതദേഹങ്ങൾ ചാവക്കാട്, ഒരുമനയൂർ ശ്മശാനങ്ങളിലാണ് കൊണ്ടുപോയി സംസ്കരിക്കുന്നത്. ഇത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്നും പഞ്ചായത്ത് അധികൃതരുടെ അലംഭാവം അവസാനിപ്പിക്കണമെന്നും പഞ്ചായത്ത് അംഗം സമീറ ഷരീഫ് ആവശ്യപ്പെട്ടു.
ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കാനായി അപേക്ഷ നൽകി പണമടച്ച് ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയ ശേഷമാണ് വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ മൃതദേഹം പഞ്ചായത്ത് ഓഫിസിൽ കൊണ്ട് വന്ന് പ്രദർശിപ്പിച്ച് മൃതദേഹത്തെ അപമാനിക്കുകയും ഓഫിസ് പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ ആരോപിച്ചു.
പഞ്ചായത്ത് ശ്മശാനത്തിലെ ജലസംഭരണിയുടെ ചോർച്ചയെ തുടർന്നാണ് അറ്റകുറ്റപ്പണിക്കായി താൽക്കാലികമായി അടച്ചിട്ടിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 16 വരെ വാതക ശ്മശാനം പ്രവർത്തിച്ചിട്ടുണ്ട്. പുതിയ സംഭരണി സ്ഥാപിക്കാൻ രണ്ട് ലക്ഷം ചെലവ് വരും. അതിന് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് സംഭരണി മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. സർക്കാർ അംഗീകരിച്ച ക്രിമിറ്റോറിയം ബൈലോ പ്രകാരം നിലവിൽ ശ്മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് ഒഴികെയുള്ള ഏതെങ്കിലും രീതിയിലുള്ള സംസ്കരണം അനുവദിക്കുന്നതല്ല. ഈ വിവരം പഞ്ചായത്തിലെ എല്ലാ അംഗങ്ങൾക്കും മരണാനന്തര സമിതികൾക്കും അറിവുള്ളതാണ്. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ ട്രഷറിയിൽ നിന്ന് മാറി ലഭിക്കാത്ത സാഹചര്യത്തിൽ കരാറുകാർ പ്രവൃത്തികൾ സമയബന്ധിതമായി ചെയ്യുന്നതിന് വിമുഖത കാണിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഈ ശ്മശാനം പ്രവർത്തനരഹിതമാകുന്ന സമയങ്ങളിൽ സമീപ പ്രദേശങ്ങളിലെ വാതക ശ്മശാനങ്ങളെ സമീപിക്കുന്ന രീതി പതിവായിട്ടുണ്ട്. ഒരുമനയൂർ, ചാവക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള മൃതദേഹങ്ങൾ കഴിഞ്ഞ കാലങ്ങളിൽ കടപ്പുറം പഞ്ചായത്ത് ശ്മശാനത്തിൽ ദഹിപ്പിച്ചിരുന്നതായും വാർത്താകുറിപ്പിൽ പ്രസിഡന്റ് ഹസീന താജുദ്ദീൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.