ജനറൽ ആശുപത്രിയിലേക്കാണോ ? വെള്ളം കൂടി എടുത്തോളൂ.. ശുദ്ധജലം കിട്ടാതെ രോഗികൾ

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് കുടിക്കാൻ ശുദ്ധജലമില്ല. കുടിക്കണമെങ്കിൽ വീട്ടിൽനിന്ന് കൊണ്ടുവരുകയോ പുറത്തുനിന്ന് പണംകൊടുത്ത് വാങ്ങുകയോ വേണം. ആശുപത്രിയിലെ തകരാറിലായ ഫിൽറ്ററുകൾ ശരിയാക്കുമെന്നു പറഞ്ഞിട്ട് നാലുമാസം പിന്നിടുമ്പോഴാണ് ഒരു നടപടിയുമില്ലാത്തത്.

ഇതുവരെ ഒന്നുപോലും ശരിയാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. അത്യാഹിത വിഭാഗത്തിന് മുന്നിലും വിവിധ വാർഡുകളിലും സ്ഥാപിച്ച ഫിൽറ്ററുകളാണ് കൂട്ടത്തോടെ തകരാറിലായത്. രോഗികളും ജീവനക്കാരും ശുദ്ധജലം കിട്ടാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലും ആശുപത്രി അധികൃതരുടെ നിസ്സംഗ നിലപാട് വിവാദമായിട്ടുണ്ട്.

ആശുപത്രി ജീവനക്കാർ വരെ വെള്ളംകിട്ടാത്തതിനെതിരെ പരാതിയുമായി രംഗത്തുണ്ട്. നാലുമാസം മുമ്പായിരുന്നു ഫിൽറ്റർ കൂട്ടത്തോടെ തകരാറിലായത്. സംഭവം വിവാദമായതോടെ അന്നത്തെ സൂപ്രണ്ട് ഫിൽറ്ററുകളുടെ തകരാർ ഉടൻ പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചു. പുതിയ ഫിൽറ്ററുകൾ സ്ഥാപിക്കാൻ സ്പോൺസർമാരെ കണ്ടെത്താൻ ശ്രമം നടത്തുമെന്ന പ്രഖ്യാപനവും വെറുതെയായി.

പ്രഖ്യാപനം നടത്തിയ സൂപ്രണ്ടിന് അധികകാലം ആ സ്ഥാനത്തിരിക്കാനായില്ല. പുതിയ സൂപ്രണ്ട് ചുമതലയേറ്റെടുത്തെങ്കിലും ഫിൽറ്റർ തകരാർ പരിഹരിക്കാൻ നടപടിയുണ്ടായില്ല. വീണ്ടും സൂപ്രണ്ടിനെ മാറ്റി പുതിയ സൂപ്രണ്ടിനെ നിയമിച്ചിരിക്കുകയാണിപ്പോൾ.

ശുദ്ധജലം കിട്ടാൻ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിൽ ജീവനക്കാരും രോഗികളും നിൽക്കെ മാസങ്ങൾ കടന്നുപോകുന്നതല്ലാതെ നടപടിയില്ല.

വിവിധ സന്നദ്ധ സംഘടനകൾ സൗജന്യമായി നൽകിയ ഫിൽറ്ററുകളാണ് ഉപയോഗശൂന്യമായത്. ആലപ്പുഴ നഗരസഭയുടെ നിയന്ത്രണത്തിലാണ് ജനറൽ ആശുപത്രി. ശുദ്ധജലമില്ലാതെ രോഗികൾ ദുരിതത്തിലായിട്ടും നഗരസഭ അനങ്ങുന്നില്ലെന്നും പരാതിയുണ്ട്.

Tags:    
News Summary - general hospital- Take more water,the patients are not getting clean water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.