കോഴിക്കോട്: ബുള്ളി ബായ്, സുള്ളി ഡീൽ ആക്രമണങ്ങളിലൂടെ മുസ്ലിം സ്ത്രീകളെ അടിച്ചമർത്താമെന്നത് സംഘ്പരിവാറിന്റെ വ്യാമോഹം മാത്രമാണെന്ന് ജി.ഐ.ഒ കേരള സംഘടിപ്പിച്ച 'ദ മുസ്ലിമ റെസിസ്റ്റൻസ്' പ്രതിഷേധസംഗമം പ്രഖ്യാപിച്ചു. പൗരത്വ സമരത്തിന് സമാനമായ സമരം ബുള്ളി ബായ് ആക്രമണത്തിനെതിരെ ഉയർന്നുവരുമെന്നും കോഴിക്കോട് മാനാഞ്ചിറയിൽ സംഘടിപ്പിച്ച യോഗം മുന്നറിയിപ്പ് നൽകി. ബുള്ളിബായ് ആക്രമണത്തിനെതിരെ ഒരുമിച്ച് ബാനറുയർത്തി സംഗമം ഉദ്ഘാടനം ചെയ്തു. മുസ്ലിം സ്ത്രീകൾക്കെതിരായ സുള്ളി ഡീൽ ആക്രമണം നടന്നപ്പോൾ ഡൽഹി സർക്കാർ ഒന്നും ചെയ്തില്ലെന്ന് ആക്ടിവിസ്റ്റ് ഖാലിദ പർവീൻ ആരോപിച്ചു. ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ മുസ്ലിം സ്ത്രീകൾതന്നെ പോരാട്ടം നയിക്കുമെന്നും അവർ പറഞ്ഞു.
രാജ്യത്തെ രണ്ടാംതരം പൗരന്മാരായി ജീവിക്കാൻ മുസ്ലിം സ്ത്രീകൾ തയാറല്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ ഇസ്ലാമോഫോബിയയുടെ ഭാഗംകൂടിയാണെന്ന് ആക്ടിവിസ്റ്റ് ആയിഷ റെന്ന പറഞ്ഞു. സുള്ളി ഡീൽ ആക്രമണമുണ്ടായപ്പോൾ താൻ കേരളത്തിൽ നൽകിയ പരാതി പിണറായിയുടെ പൊലീസ് അവഗണിച്ചുവെന്ന് വിദ്യാർഥിനേതാവും ആക്ടിവിസ്റ്റുമായ ലദീദ ഫർസാന പറഞ്ഞു. ബുള്ളി ബായ് ആക്രമണത്തിനെതിരെ കോഴിക്കോട് പൊലീസ് കമീഷ
ണർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതും അവഗണിക്കപ്പെടുമോ. സ്ത്രീകളെ അടിച്ചമർത്തൽ ഫാഷിസത്തിന്റെ മുഖമുദ്രയാണെന്ന് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പി. റുക്സാന പറഞ്ഞു.
ജി.ഐ.ഒ കേരള പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന അധ്യക്ഷത വഹിച്ചു. സമർ അലി സ്വാഗതവും ലുലു മർജാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.