നെടുമ്പാശേരി: കള്ളക്കടത്തിൽ പുതിയ പരീക്ഷണവുമായി സ്വർണക്കടത്തുകാർ. കസ്റ്റംസിനെ കബളിപ്പിക്കാന്‍ പുതിയ രീതി പ്രയോഗിച്ച യാത്രക്കാരന്‍ കസ്റ്റംസിന്റെ വലയില്‍ കുടുങ്ങി. ഈ മാസം 10ന് ദുബൈയില്‍ നിന്നും സ്‌പൈസ് ജെറ്റില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയ തൃശ്ശൂര്‍ സ്വദേശിയായ ഫഹദ്(26) ആണ് 'നൂതന രീതി'യിൽ സ്വര്‍ണ്ണം കടത്തി കസ്റ്റംസിന്റെ വലയിലായത്. ദ്രാവക രൂപത്തിലുള്ള സ്വര്‍ണ്ണത്തില്‍ ബാത്ത് ടൗവ്വലുകള്‍ മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്താണ് ഇയാൾ കൊണ്ടുവന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള അനധികൃത സ്വര്‍ണ്ണക്കടത്ത് തടയാന്‍ എയര്‍ കസ്റ്റംസ് നടപടികള്‍ കൂടുതല്‍ ശക്തമാക്കിയതോടെയാണ് പുതിയ തന്ത്രം സ്വീകരിച്ചത്. പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലെ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും മുന്‍പ് കുളിച്ചതാണെന്നും തോര്‍ത്ത് ഉണങ്ങാന്‍ സമയം ലഭിച്ചില്ലെന്നുമാണ് ഇയാള്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് വിശദ പരിശോധന നടത്തിയതോടെ സമാന രീതിയില്‍ 5 തോര്‍ത്തുകള്‍ കണ്ടെത്തി. ഇതോടെയാണ് സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ച പുതിയ മാര്‍ഗ്ഗത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
സ്വർണം വേർതിരിക്കാൻ സമയമെടുക്കും
പിടികൂടിയ തോര്‍ത്തുകളില്‍ എത്ര സ്വര്‍ണ്ണം ഉണ്ടാകുമെന്നു കൃത്യമായി പറയാന്‍ സമയമെടുക്കുമെന്നും ശാസ്ത്രീയമായ രീതിയിലുള്ള പരിശോധനകള്‍ തുടരുകയാണെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ദ്രാവക രൂപത്തിലുള്ള സ്വര്‍ണ്ണത്തില്‍ മുക്കിയ തോര്‍ത്തുകള്‍ (ബാത്ത് ടൗവ്വലുകള്‍) പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കയ്യുറകളില്‍ വരെ സ്വര്‍ണ്ണത്തിന്റെ അംശം പറ്റിപ്പിടിച്ചു. അഞ്ച് ബാത്ത് ടൗവ്വലുകളാണ് കസ്റ്റംസ് ഇയാളുടെ ബാഗില്‍ നിന്നും പിടിച്ചെടുത്തത്.
അതി സങ്കീര്‍ണമായ മാര്‍ഗം ഉപയോഗിച്ചാണ് ഇതില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുക്കുക. സുരക്ഷാ കാരണങ്ങളാല്‍ ഇത് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. ആദ്യമായാണ് ഇത്തരത്തില്‍ സ്വര്‍ണ്ണം കടത്തുന്നത് ശ്രദ്ധയിൽപെട്ടതെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
മലദ്വാരത്തിൽ അടക്കം ഒളിപ്പിച്ച് കടത്തുന്നത് തുടര്‍ച്ചയായി പിടിക്കപ്പെട്ടപ്പോഴാണ് കള്ളക്കടത്തിന് പിന്നിലുള്ളവര്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയതെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഇതോടെ ജാഗ്രത കൂടുതല്‍ ശക്തമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.