തിരുവനന്തപുരം: സ്വർണക്കടത്ത് അന്വേഷണം ലൈഫ് മിഷൻ, െഎ.ടി പദ്ധതികളിലേക്കും നീങ്ങുന്നു. ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും കൈക്കൂലി നൽകിയിട്ടുണ്ടെന്ന് സംശയിക്കണമെന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) നിഗമനം ആ മേഖലയിലേക്കുള്ള അന്വേഷണത്തിലേക്കാണ് വിരൽചൂണ്ടുന്നത്. കെ-ഫോൺ, കൊച്ചി സ്മാർട്ട്സിറ്റി തുടങ്ങിയ െഎ.ടി അനുബന്ധ പദ്ധതികളിേലക്കും അന്വേഷണം വ്യാപിക്കുകയാണ്.
അതിെൻറ അടിസ്ഥാനത്തിലാണ് െഎ.ടി പദ്ധതികൾ സംബന്ധിച്ച വിശദാംശങ്ങൾ സർക്കാറിനോട് കേന്ദ്ര ഏജൻസികൾ ആവശ്യപ്പെട്ടിട്ടുള്ളത്. സ്വർണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷ്, സരിത് എന്നിവരുടെ രഹസ്യമൊഴി കസ്റ്റംസ് രേഖപ്പെടുത്തിയതിെൻറ കൂടി അടിസ്ഥാനത്തിലാണ് ഇൗ പദ്ധതികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം വ്യാപിപ്പിക്കുന്നത്.
ലൈഫ് മിഷെൻറ ഭാഗമായി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമിക്കാൻ കരാർ ലഭിച്ച യൂനിടാക് കമ്പനിയിൽനിന്ന് എം. ശിവശങ്കർ കൈക്കൂലി വാങ്ങിയെന്ന വിലയിരുത്തലിലാണ് ഇ.ഡി. കെ-ഫോണും ലൈഫ് മിഷനുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ശിവശങ്കർ, സ്വപ്നയുമായി പങ്കുവെച്ചിരുന്നെന്നും ലൈഫ് മിഷെൻറ കരാറുമായി ബന്ധപ്പെട്ട മറ്റുരണ്ട് കമ്പനികളുടെ ക്വട്ടേഷൻ വിവരങ്ങൾ ശിവശങ്കർ സ്വപ്നക്ക് കൈമാറിയിരുന്നെന്നും ഇ.ഡി പറയുന്നു.
ലൈഫ്മിഷനിലെ ആകെയുള്ള 36 പദ്ധതികളിൽ 26 എണ്ണവും വാട്സ്ആപ് സന്ദേശത്തിൽ പരാമർശിക്കുന്ന രണ്ട് കമ്പനികൾക്കാണ് കിട്ടിയത്. ലൈഫ് മിഷെൻറ ടെൻഡറിനെപ്പോലും സംശയത്തിൽ നിർത്തുന്ന പ്രവൃത്തിയാണിതെന്ന ഇ.ഡി വിലയിരുത്തൽ സംഭവത്തിെൻറ ഗൗരവം വർധിപ്പിക്കുകയാണ്. കൊച്ചി സ്മാർട്ട്സിറ്റി പദ്ധതിയിലും സ്വപ്നക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐ.ടി സെക്രട്ടറി എന്നീ നിലയിൽ ശിവശങ്കറിന് സ്മാർട്ട് സിറ്റിയുടെ കാര്യത്തിൽ മേൽനോട്ടമുണ്ടായിരുന്നു.
പദ്ധതി ഏറെനാളായി നിശ്ചലമായിരുന്നു. സ്വപ്നയുടെ ഇടപെടൽ ഉണ്ടായതോടെയാണ് പദ്ധതി സജീവമായതെന്നാണ് വിലയിരുത്തൽ. അതിനുപുറമെ മറ്റ് ചില െഎ.ടി പദ്ധതികളുമായി ബന്ധപ്പെട്ട ഭൂമിയിടപാടുകളുകളിലും കമ്മീഷൻ സംശയിക്കുന്നുണ്ട്. വളരെ ഗൗരവതരമായ മറ്റ് പല ഇടപാടുകളും െഎ.ടി വകുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ സംശയം. അതിൽ വ്യക്തത വരുത്തുന്നതിനായാണ് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് ഏജൻസി ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.