ആത്മകഥാ വിവാദം: വെറും പ്രസാധകർ മാത്രം; കൂടുതൽ പ്രതികരിക്കാനില്ലെന്നും ഡി.സി ബുക്സ്

ഷാർജ: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഡി.സി ബുക്സ് ഉടമ രവി ഡി.സി. വിഷയത്തിൽ ഡി.സി ബുക്സിന്റെ നിലപാട് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഡി.സി വെറും പ്രസാധകർ മാത്രമാണെന്നും പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും രവി ഡി.സി വ്യക്തമാക്കി.

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലാണ് അദ്ദേഹം പ്രതികരിച്ചത്. പുസ്തക വിവാദവുമായി ബന്ധപ്പെട്ട് ജയരാജൻ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ കോട്ടയം എസ്.പിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്. കേസെടുക്കാതെയുള്ള അന്വേഷണമാണ് ആദ്യം നടത്തുക. അന്വേഷണത്തിന്റെ ഭാഗമായി ജയരാജന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. പരാതിയിൽ ആരുടെയും പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിക്കാത്തതിനാൽ തൽക്കാലം കേസ് രജിസ്റ്റർ ചെയ്യേണ്ടെന്നാണ് പൊലീസ് തീരുമാനം.

ഗൂഢാലോചന, വ്യാജരേഖ ചമക്കൽ എന്നിവ പ്രകാരമുള്ള ആരോപണങ്ങളാണ് ജയരാജൻ ഉന്നയിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഇത് തെളിഞ്ഞാൽ കേസ് രജിസ്റ്റർ ചെയ്യും. അന്വേഷണത്തിന്റെ ഭാഗമായി ഡി.സി ബുക്സിൽ നിന്നടക്കം വിവരങ്ങൾ ശേഖരിക്കും. ആത്മകഥ വിവാദമായതിനു പിന്നാലെ പുസ്തകം ഉടൻ പുറത്തിറക്കില്ലെന്ന് പ്രസാധകരായ ഡി.സി ബുക്സ് അറിയിച്ചിരുന്നു.

കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിർമിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടിവച്ചിരിക്കുന്നതായും ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ആയിരുന്നു ഡി.സി ബുക്സിന്റെ അറിയിപ്പ്.

തന്‍റെ ആത്മകഥ വ്യാജമായുണ്ടാക്കി പ്രസിദ്ധീകരിച്ചുവെന്നാണ് ജയരാജന്‍റെ പരാതി. എന്നാൽ പരാതിയിൽ ഡി.സി ബുക്സിന്‍റെ പേര് പരാമർശിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ വാര്‍ത്ത വന്നതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. ആത്മകഥയിലെ ഭാഗമെന്ന്​ പറഞ്ഞ് മാധ്യമങ്ങളില്‍ വന്ന ഭാഗം വ്യാജമാണ്. വ്യാജരേഖ, ഗൂഢാലോചന എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ജയരാജന്‍ പരാതിയില്‍ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് കേസെടുക്കാതെ പരാതിയിൽ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്. 

Tags:    
News Summary - The Autobiography Controversy: no further comment -DC Books

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.