കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയത് എന്തിനായിരുന്നുവെന്ന് ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് എൻ.ഐ.എ. പ്രതികൾ തീവ്രവാദ പ്രവർത്തനത്തിന് പണം ശേഖരിക്കാനാണ് സ്വർണം കടത്തിയതെന്നും രാജ്യത്തിെൻറ സാമ്പത്തിക അടിത്തറ തകർക്കാനുള്ള ശ്രമമാണ് നടത്തിയതെന്നുമാണ് എൻ.ഐ.എ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, ബുധനാഴ്ച രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രതികളുടെ ഉദ്ദേശ്യം കണ്ടെത്താനായിട്ടില്ലെന്ന് എൻ.ഐ.എക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ പി. വിജയകുമാർ വ്യക്തമാക്കിയത്. ഹംസത് അബ്ദുൽ സലാം, ടി.എം. സംജു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. ജാമ്യത്തെ എതിർത്ത എൻ.ഐ.എ, അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം നൽകരുതെന്നും ആവശ്യപ്പെട്ടു.
പ്രതികളുടെ യഥാർഥ ലക്ഷ്യം സംബന്ധിച്ച് തെളിവുകൾ ശേഖരിക്കാനുണ്ട്. അന്വേഷണത്തിന് കൂടുതൽ സമയമെടുക്കും. 99 ഡിജിറ്റൽ ഉപകരണങ്ങൾ നൽകിയതിൽ 22 എണ്ണത്തിെൻറ പരിശോധന മാത്രമാണ് പൂർത്തിയായത്. സ്വർണക്കടത്തിലെ പ്രധാന കണ്ണിയാണ് ഹംസത്. ദുബൈയിൽ സ്വർണക്കട നടത്തുന്ന മകൻ സുഹൈലിെൻറ സഹായവും കള്ളക്കടത്തിന് ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്ത്, ഹവാല പണമിടപാട് കേസുകളിൽ നേരത്തേ ഹംസത്തിനെതിരെ കസ്റ്റംസും ഇ.ഡിയും കേസ് എടുത്തിട്ടുണ്ടെന്നും എൻ.ഐ.എ ആരോപിച്ചു. പണം നിക്ഷേപിച്ച് സംജുവും വൻതോതിൽ സ്വർണം കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, സ്വർണം കടത്തിയത് തീവ്രവാദ പ്രവർത്തനത്തിനല്ലെന്നും എൻ.ഐ.എക്ക് ഇതിൽ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. തുടർന്ന് ഹരജി വിധി പറയാൻ മാറ്റി.
അതിനിടെ, മൂന്ന് പ്രതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. സരിത്, കെ.ടി.റമീസ്, എ.എം. ജലാൽ എന്നീ പ്രതികളെയാണ് മൂന്ന് ദിവസത്തേക്ക് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി അന്വേഷണസംഘത്തിെൻറ കസ്റ്റഡിയിൽ വിട്ടത്. സന്ദീപ് നായർ നൽകിയ മൊഴികളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. കൂടാതെ, റമീസിെൻറ ടാൻസാനിയ ബന്ധവും ചോദ്യം ചെയ്യാനുണ്ടെന്നാണ് എൻ.ഐ.എ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.