ആലുവ റെയിവേ സ്‌റ്റേഷനിൽ പാളം തെറ്റിയതിനെ തുടർന്ന് മറിഞ്ഞ ബോഗികൾ മുറിച്ചുമാറ്റുന്നു

ആലുവയിലെ ഗുഡ്സ് ട്രെയിൻ പാളം തെറ്റൽ: രണ്ട് ബോഗികൾ മുറിച്ചുമാറ്റി, ഗതാഗതം പുനഃസ്ഥാപിച്ചു

ആലുവ: ആലുവയിലെ പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്‍റെ രണ്ട് ബോഗികൾ പൂർണമായും അറുത്തുമാറ്റി. രണ്ട് ബോഗികളാണ് പൂർണമായി മറിഞ്ഞിരുന്നത്. ഒരെണ്ണം ചാരിയുകയും ചെയ്തിരുന്നു. പൂർണമായും മറിഞ്ഞ രണ്ട് ബോഗികളാണ് മുറിച്ചുമാറ്റിയത്.

ഗുഡ്സ് ട്രെയിൻ ആലുവയിൽ പാളം തെറ്റിയതിനെ തുടർന്ന് എറണാകുളം-തൃശൂർ പാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. വ്യാഴാഴ്ച്ച രാത്രി പത്തരയോടെയാണ് ആലുവ സ്‌റ്റേഷനിൽ ചരക്കുവണ്ടി പാളം തെറ്റിയത്. ആന്ധ്രയിൽനിന്ന് സിമൻറുമായി വന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.

ആലുവയിലും കൊല്ലത്തും ഇറക്കാനുള്ളതായിരുന്നു സിമൻറ്. ഇതിൽ ആദ്യ ലോഡ് ആലുവയിൽ ഇറക്കാനായി ട്രെയിൻ സ്‌റ്റേഷനിലേക്ക് കടന്ന ഉടനെയാണ് അപകടമുണ്ടായത്. അങ്കമാലി - എറണാകുളം പ്രധാന ട്രാക്കിൽനിന്ന് ഷണ്ടിങ് യാഡിലേക്കുള്ള ട്രാക്കിലേക്ക് കയറിയ ശേഷമാണ് അപകടം. എഞ്ചിനും ഒന്നാമത്തെ ബോഗിയും പ്രശ്നമില്ലാതെ മുന്നോട്ട് പോയെങ്കിലും രണ്ട്, മൂന്ന്, നാല് ബോഗികൾ പാളം തെറ്റുകയായിരുന്നു.

എന്നാൽ, ഇത് അറിയാതെ ട്രെയിൻ മുന്നോട്ട് എടുത്തതോടെ മൂന്ന് ബോഗികളും മറിഞ്ഞു. മൂന്നും നാലും ബോഗികളാണ് പൂർണമായി മറിഞ്ഞത്. നാലാമത്തെ ബോഗി ഭാഗികമായി മറിഞ്ഞു. അതിനാൽ തന്നെ ഇത് മുറിച്ച് കളയേണ്ടി വന്നില്ല.

ബോഗികൾ പാളം തെറ്റിയതിനെ തുടർന്ന് പോയിൻറ് സംവിധാനം പൂർണ്ണമായും തകരാറിലായി. ട്രാക്കിനും തകരാർ സംഭവിച്ചു. തകർന്ന ബോഗികൾക്ക് ശേഷമുണ്ടായിരുന്ന ബോഗികൾ അങ്കമാലി - ആലുവ ട്രാക്കിലും എറണാകുളം - അങ്കമാലി ട്രാക്കുകളിലുമായി കുടുങ്ങി. ഇതോടെ ട്രെയിൻ ഗതാഗതം പൂർണമായി സ്തംഭിച്ചു. ട്രെയിനുകൾ എറണാകുളം ടൗൺ, തൃപ്പൂണിത്തുറ, ഇടപ്പള്ളി, ചാലക്കുടി സ്‌റ്റേഷനുകളിൽ രാത്രി പിടിച്ചിടുകയായിരുന്നു. ഉടൻ തന്നെ തടസ്സങ്ങൾ നീക്കാൻ നടപടി ആരംഭിച്ചു.

ഇതിന്‍റെ ഭാഗമായി അപകടമുണ്ടായ ബോഗികൾക്ക് പിന്നിലുണ്ടായിരുന്നു ബോഗികൾ അങ്കമാലി ഭാഗത്തേക്ക് കൊണ്ടുപോയി. മുമ്പിലുണ്ടായിരുന്ന എഞ്ചിനും ഒരു ബോഗിയും മുമ്പോട്ട് നീക്കിയിടുകയും ചെയ്തു. തുടർന്നാണ് മറിഞ്ഞ ബോഗികൾ നീക്കം ചെയ്യാൻ നടപടി ആരംഭിച്ചത്. ഇതിനിടയിൽ പൂർണമായും തടസ്സപ്പെട്ട ഗതാഗതം പുനഃസ്‌ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചു.

ഇതിന്‍റെ ഭാഗമായി രാത്രി ഒന്നരയോടെ തടസ്സപ്പെട്ട ഗതാഗതം ഭാഗികമായി പുനഃസ്‌ഥാപിച്ചു. അങ്കമാലി - ആലുവ ട്രാക്കിലൂടെയാണ് ഇരു ദിശയിലേക്കുമുള്ള ട്രെയിനുകൾ കടത്തിവിട്ടത്. അതിനാൽ തന്നെ ട്രെയിൻ സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

റദ്ദാക്കിയത്​ 11 ട്രെയിനുകൾ

വിവിധ സ്‌റ്റേഷനുകളിൽ ട്രെയിൻ നിർത്തിയിട്ടശേഷം പല സമയങ്ങളിലായി കടത്തിവിടുകയായിരുന്നു. ഇതിന്‍റെ ഭാഗമായി 11 ട്രെയിനുകളാണ്​ റദ്ദാക്കിയത്​. മറ്റ് ട്രെയിനുകൾ വൈകി ഓടി. റെയിൽവെ ഡിവിഷനൽ മാനേജർ ആർ. മുകുന്ദിന്‍റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ നടത്തിയത്.

വെള്ളിയാഴ്ച ഉച്ചയോടെ ഇരു ദിശകളിലേക്കുമുള്ള ട്രെയിൻ ഗതാഗതം പൂർണമായി പുനഃസ്‌ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു റെയിൽവെ അധികൃതർ. എന്നാൽ, ബോഗികൾ മുറിച്ചുമാറ്റൽ നീണ്ടുപോയതിനാൽ സാധിച്ചില്ല. വൈകീട്ട് നാലരയോടെയാണ് ബോഗികൾ പൂർണമായി മുറിച്ചുമാറ്റിയത്.

ട്രാക്കിന്‍റെ അറ്റകുറ്റപ്പണികളും സിഗ്‌നൽ സംവിധാനമടക്കമുള്ളവയുടെ പണികളും പിന്നെയും നീണ്ടു. തൃശൂർ ഭാഗത്തേക്കുള്ള ട്രാക്കിലും ഷണ്ടിങ് യാഡിലേക്കുള്ള ട്രാക്കിലുമാണ് ട്രെയിൻ പാളം തെറ്റിയത് മൂലം കൂടുതൽ നാശനഷ്ടമുണ്ടായത്.

പ്രശ്നമായത്​ ട്രാക്കിന്‍റെ തകരാർ

ട്രാക്കിന്‍റെ തകരാറാണ് പാളം തെറ്റലിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. പാളം തെറ്റിയ ശേഷം ലോക്കോ പൈലറ്റ് തിരിച്ചറിയാൻ കഴിയാതെ മുന്നോട്ടുപോകാൻ ശ്രമിച്ചതാണ് കൂടുതൽ നാശനഷ്ടങ്ങൾക്കിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

റെയിൽവെയുടെ ഇലക്ട്രിക്കൽ, എൻജിനീയറിങ്, മെക്കാനിക്കൽ വിഭാഗങ്ങൾ സംയുക്തമായാണ് ഗതാഗതം പുനഃസ്‌ഥാപിക്കാനുള്ള പ്രവൃത്തികൾക്ക് നേതൃത്വം നൽകിയത്. പാളം തെറ്റിയ ബോഗികൾ പല ഭാഗങ്ങളായി മുറിച്ചുമാറ്റിയാണ് നീക്കം ചെയ്തത്.

പാളത്തിന്‍റെ തകരാറിലായ ഭാഗവും കേടുവന്ന സിഗ്നൽ ബോക്സുകളും പുനഃസ്‌ഥാപിച്ചു. പണികൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി 7.15ഓടെയാണ് എറണാകുളം - അങ്കമാലി ട്രാക്കിലൂടെ ഗതാഗതം പുനരാരംഭിച്ചത്. 

Tags:    
News Summary - Goods train derailment in Aluva: Two bogies cut off and traffic restored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.