തിരുവനന്തപുരം: കൊലപാതകമടക്കം കൊടും കുറ്റകൃത്യങ്ങൾ പൊലീസിനെ നോക്കുകുത്തിയാക്കി പേടിയില്ലാതെ ചെയ്യാനും വീരപരിവേഷമായി കൊണ്ടാടാനും ഗുണ്ടകൾക്ക് വളമായത് പൊലീസിന്റെ നിഷ്ക്രിയത്വവും സ്റ്റേഷനിൽ മതിയായ പൊലീസുകാരില്ലാത്തതും.
സംസ്ഥാനത്ത് ചെറുതും വലുതുമായ ഗുണ്ടാ ആക്രമണങ്ങൾ ദിനംതോറും സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും അവ മാധ്യമശ്രദ്ധയിലേക്ക് എത്തുമ്പോൾ മാത്രമാണ് ഓരോ പേരുകളിൽ പുതിയൊരു ഓപറേഷനുമായി സംസ്ഥാന, ജില്ല പൊലീസ് മേധാവിമാർ രംഗത്തിറങ്ങുന്നത്. എന്നാൽ പേരിലെ തീ ഒന്നും അധികകാലമുണ്ടാകാറില്ല. പദ്ധതികള്‍ അകാലചരമം അടയുന്നതാണ് ചരിത്രം.
മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താനായി നടപ്പാക്കിയ 'ഡി ഹണ്ട്' അതിനൊരുദാഹരണമാണ്. ആ പദ്ധതി ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. കരമനയിലെയും വെള്ളറടയിലെയും ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വീണ്ടും പൊടിതട്ടിയെടുെത്തന്ന് മാത്രം.
കഴിഞ്ഞവർഷം ആവിഷ്കരിച്ച ഓപറേഷൻ ആഗിന്റെ ഭാഗമായി ഓരോ സ്റ്റേഷൻ പരിധിയിലെയും ഗുണ്ടകളുടെ പ്രൊഫൈൽ തയാറാക്കി ഇവരെ സാമ്പത്തികമായും അല്ലാതെയും സഹായിക്കുന്നവരെ പിടികൂടുമെന്നായിരുന്നു അന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ പറഞ്ഞത്.
എന്നാൽ കുപ്രസിദ്ധ ഗുണ്ടകളിൽ ഒരാൾ പോലും പൊലീസിന്റെ വലയിലായില്ല. ഓപറേഷൻ കാവലും ഓപറേഷൻ ആഗും ഓപറേഷൻ സുപ്പാരിയുമൊക്കെ നിലനിൽക്കുമ്പോഴാണ് കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തൻപാലം രാജേഷും നഗരത്തെ വിറപ്പിച്ചത്. പിന്നീട് മാസങ്ങൾക്കുശേഷമാണ് ഇവർ പൊലീസിന് മുന്നിൽ കീഴടങ്ങിയത്.
ഓരോ പൊലീസ് സ്റ്റേഷനിലും പ്രധാന റൗഡികളുടെ പട്ടിക ഉണ്ടെങ്കിലും അവരുടെ നീക്കങ്ങൾ സ്പെഷൽ ബ്രാഞ്ചോ പൊലീസുകാരോ നിരീക്ഷിക്കുന്നില്ല. ക്രമസമാധാനതകര്‍ച്ചയുടെ വക്കില്‍ നിൽക്കുമ്പോള് മാത്രമാണ് പൊലീസ് എന്തെങ്കിലുമൊക്കെ ചെയ്യാനിറങ്ങുന്നത്. അതാണ് കഴിഞ്ഞദിവസങ്ങളിൽ തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്.
ഒന്നരവര്‍ഷത്തിനിടെ അഞ്ഞൂറിലധികം ഗുണ്ടകളുടെ വര്‍ധനവുണ്ടായതായാണ് കേരള പൊലീസിന്റെ കണക്കുകള്‍. ശരാശരി 30 ഓളം കേസുകള്‍ മാസത്തില്‍ വര്‍ധിക്കുന്നുണ്ട്. 35 വർഷം മുമ്പുള്ള അംഗബലമാണ് പൊലീസ് സേനക്ക് ഇപ്പോഴുമുള്ളത്. സംസ്ഥാനത്തെ 3.3 കോടിപേർക്ക് 53,222 പേരാണ് പൊലീസിലുള്ളത്. അതിൽ തന്നെ നല്ലൊരു ശതമാനവും വിജിലൻസ്, ഇന്റലിജൻസ്, സ്പെഷൽ ബ്രാഞ്ച്, ക്രൈം റെക്കോഡ്സ് ബ്യൂറോ എന്നിങ്ങനെ വിവിധ സ്പെഷൽ യൂനിറ്റുകളിലാണ്.
നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം 2022ൽ 2.36 ലക്ഷം ക്രിമിനൽകുറ്റങ്ങൾ സംസ്ഥാനത്ത് നടന്നു. ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പിന്റെ 2016ലെ പഠന റിപ്പോർട്ട് 500 പൗരന്മാർക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന അനുപാതം ശിപാർശ ചെയ്യുന്നുണ്ടെങ്കിലും നിലവിലെ അനുപാതം 656 പേർക്ക് ഒരു പൊലീസുകാരനാണ്. അതായത് നിലവിൽ സേനയിൽ 7000 പൊലീസുകാരുടെ കുറവുണ്ട്.
ജനസംഖ്യാനുപാതികമായി സൈബർ കുറ്റകൃത്യങ്ങളും പ്രത്യേക അന്വേഷണവിഭാഗങ്ങളും ഉൾപ്പെടെ സേനയുടെ ആവശ്യം ഗണ്യമായി വർധിച്ചു. അതിനാല്‍ മിക്കവരും അധികസമയം ഡ്യൂട്ടി ചെയ്യേണ്ടിവരുന്നു. പലർക്കും 18 മണിക്കൂറുകൾ വരെ തുടർച്ചയായി ജോലി ചെയ്യേണ്ട അവസ്ഥയാണ്.
ജോലിഭാരംമൂലം ഒമ്പത് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 78 പൊലീസുകാരാണ്. സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകളില്‍ 364 എണ്ണത്തിലും പൊലീസുകാരുടെ അംഗസംഖ്യ അമ്പതില്‍ താഴെയാണ്. 44 സ്റ്റേഷനുകളില്‍ 19 മുതല്‍ 30 വരെ ഉദ്യോഗസ്ഥരേ ഉള്ളൂ.
അതേസമയം സെക്രേട്ടറിയറ്റിന് ചുറ്റും സുരക്ഷയൊരുക്കാൻ അമ്പതിൽപരം പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിനുപുറമെയാണ് മന്ത്രിമാരുടെയും വി.ഐ.പികളുടെയും സുരക്ഷക്കും ഔദ്യോഗിക വസതികളിലും നിയോഗിച്ചിട്ടുള്ള നൂറുകണക്കിന് പൊലീസുകാർ
പഴയ ഗുണ്ടകൾ ഒതുങ്ങിയെങ്കിലും ഇപ്പോൾ ഇവരുടെ മക്കളാണ് നഗരത്തെ വിറപ്പിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് കരമനയിൽ നടന്ന അഖിൽ കൊലക്കേസിലും 2019 ലെ അനന്തു ഗിരീഷ് കൊലക്കേസിലും പ്രതിയായ കിരൺ കൃഷ്ണ എന്ന ബാലു ഈ രംഗത്തേക്ക് വഴിതെറ്റി വന്നതല്ലെന്ന് പൊലീസ് പറയുന്നു.
2007ൽ നാടിനെ നടുക്കിയ മൊട്ടമൂട് ഷാജി വധക്കേസിലെ പ്രതിയായ കണ്ണന്റെ മകനാണ് കിരൺ. അനന്തുഗിരീഷ് വധത്തിൽ പൊലീസിനെ പ്രതികളിലേക്ക് വേഗമെത്തിക്കാൻ സഹായിച്ചത് കണ്ണന്റെ മകൻ ഇക്കൂട്ടത്തിലുണ്ടെന്ന് കണ്ടെത്തിയതിലൂടെയാണ്. ചെറിയ അക്രമങ്ങളിലൂടെ കളത്തിലിറങ്ങിയ കിരൺ കൃഷ്ണ പിന്നീട് കൊടും ക്രിമിനലായെന്ന് പൊലീസ് പറയുന്നു
പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റിയിലും റൂറലിലുമുണ്ടായിരുന്ന പൊലീസുകാരെ കൊല്ലത്തേക്കും കൊല്ലത്തുണ്ടായിരുന്നവരെ തിരുവനന്തപുരത്തേക്കുമാണ് സ്ഥലംമാറ്റിയത്. സ്റ്റേഷനിലേക്ക് എത്തിയ പുതിയ എസ്.എച്ച്.ഒമാർക്ക് ക്രിമിനലുകളുടെ പുറകെ പായാനൊന്നും താൽപര്യമില്ല. സ്റ്റേഷനിൽ ചാർജെടുത്ത് മാസങ്ങളായിട്ടും റൗഡി ലിസ്റ്റ് പരിശോധിക്കാത്ത എസ്.എച്ച്.ഒമാർ നഗരത്തിലുണ്ട്.
മുൻകാലങ്ങളിൽ പുതുതായി സ്റ്റേഷനിലെത്തിയ എസ്.എച്ച്.ഒമാർ സ്ഥലത്തെ ചെറുതും വലുതുമായ ഗുണ്ടകളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിക്കും. ഓരോ ആഴ്ചയും സ്റ്റേഷനിൽ വരാൻ നിർദേശിക്കും. കാണാതായാൽ വീടുകളിലേക്ക് പൊലീസുകാരെ അയച്ച് വരുത്തിക്കും. ഇപ്പോൾ അതൊന്നുമില്ല.
അടുത്തമാസം പുറത്തിറങ്ങേണ്ട സ്ഥലംമാറ്റപട്ടികയിൽ തിരികെ കൊല്ലത്തേക്ക് പോകേണ്ടതിനാൽ വയ്യാവേലി കേസുകളൊന്നും ഏറ്റുപിടിക്കേണ്ടതില്ലെന്നാണ് സ്റ്റേഷനിലെ പൊലീസുകാരോടും ഇവർ നിർദേശിച്ചിരിക്കുന്നത്.
കൂടാതെ പലരും വേനലവധിക്കാലമായതിനാൽ കുടുംബസമേതം യാത്രകളിലുമാണ്. ഇത്തരത്തിൽ കൊല്ലത്തുനിന്നെത്തിയ സി.ഐയുടെ കുടുംബത്തിന്റെ യാത്ര, ഭക്ഷണ, താമസസൗകര്യ ചെലവുകൾ വഹിച്ചത് നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാരിയാണ്. വസ്ത്രവ്യാപാരസ്ഥാപനത്തിന് മുന്നിലെ പാർക്കിങ് പൊതുജനങ്ങൾക്കും പൊലീസിനും തലവേദനയാകുന്ന ഘട്ടത്തിലായിരുന്നു ഈ സ്പോൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.