തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിൽ ഭരണനവീകരണ നടപടികളുടെയും മൂലധന സമാഹരണത്തിെൻറയും വേഗം വർധിക്കും. ഇത് മുൻനിർത്തിയാണ് ഉദ്യോഗസ്ഥതല ഭരണനവീകരണ പരിപാടികൾക്ക് ചുക്കാൻപിടിച്ച കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമിനെ മുഖ്യമന്ത്രി ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാക്കിയത്.
2001ലെ എ.കെ. ആൻറണി സർക്കാറിെൻറ കാലത്തെ സർക്കാർ പരിപാടികൾ നവീകരിക്കാൻ എ.ഡി.ബി (ഏഷ്യൻ ഡെവലപ്െമൻറ് ബാങ്ക്) നടപ്പാക്കിയ വിവാദ എം.ജി.പി (മോേഡണൈസിങ് ഗവൺമെൻറ് പ്രോഗ്രാം) സെക്രട്ടറിയായിരുന്നു കെ.എം. എബ്രഹാം. അന്ന് ഭരണ നവീകരണത്തിനെതിരെ എൽ.ഡി.എഫ് കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. സെക്രേട്ടറിയറ്റിലെ ഇടത്-വലത് സംഘടനകളിലെ ജീവനക്കാർ മാസത്തിലേറെ നീണ്ട സമരം നടത്തി. ഒന്നാം പിണറായി സർക്കാറിൽ മുഖ്യമന്ത്രിയുടെ താൽപര്യപ്രകാരം സെക്രേട്ടറിയറ്റിൽ ഭരണനടപടികൾ ലഘൂകരിക്കാൻ നടത്തിയ പല നടപടികളും സി.പി.എം അനുകൂല സെക്രേട്ടറിയറ്റ് ജീവനക്കാരുടെ സംഘടനയുടെ എതിർപ്പുമൂലം പൂർത്തീകരിക്കാനായില്ല. ഇ-ഫയൽ സംവിധാനം നടപ്പാക്കിയപ്പോൾ സെക്രേട്ടറിയറ്റ് ലാസ്റ്റ്ഗ്രേഡ് ജീവനക്കാരെ പുനർവിന്യസിക്കുന്നതിലും ടൈപിസ്റ്റുകളുടെ ജോലി ക്രമീകരണത്തിലും എതിർപ്പ് നേരിട്ടു.
സെക്രേട്ടറിയറ്റിൽ ഉദ്യോഗസ്ഥതല ഭരണപരിഷ്കാരം നടപ്പാക്കാൻ ഉറച്ചാണ് മുഖ്യമന്ത്രി മുന്നോട്ടുപോകുന്നത്. ഇതിൽ കെ.എം. എബ്രഹാമിെൻറ പരിചയം സർക്കാർ ഉപയോഗിക്കുമെന്നാണ് സൂചന. മറ്റ് വകുപ്പുകൾക്ക് മുകളിൽ വികസന, നിർമാണപദ്ധതികൾ നടപ്പാക്കുന്ന കിഫ്ബി സി.ഇ.ഒ എന്നതിന് പുറമേ സർക്കാറിെൻറ സ്വപ്ന പദ്ധതിയായ കെ-ഡിസ്കിെൻറ (കേരള െഡവലപ്മെൻറ് ആൻഡ് ഇെന്നാവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) ചെയർമാൻ കൂടിയാണ് എബ്രഹാം. സർക്കാർ ചെലവ് ചുരുക്കാൻ നിർദേശം സമർപ്പിക്കുന്നതിന് കഴിഞ്ഞവർഷം നിയോഗിച്ച സമിതിയുടെ അധ്യക്ഷനും കെ.എം. എബ്രഹാമായിരുന്നു. ഇതിലെ നിർദേശങ്ങളിൽ ചിലത് കടുത്ത എതിർപ്പിന് വഴിെവച്ചു.
സിൽവർ ലൈൻ, അതിവേഗ ഇടനാഴി, എൻ.എച്ച് വികസനം, ഉൾനാടൻ ജലഗതാഗത വികസനം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഏറ്റെടുത്ത കിഫ്ബിക്ക് ഇനിയും വൻകിട പദ്ധതികൾ ഏറ്റെടുക്കാനാകുമോ എന്ന് സംശയമാണ്. ഇൗ സാഹചര്യത്തിൽ കെ-ഡിസ്കിന് മുൻഗണന നൽകാനാണ് നീക്കം. ഒപ്പമാണ് ധനമൂലധന സമാഹരണത്തിലും വിദേശനിക്ഷേപം ആകർഷിക്കലിലും എബ്രഹാമിെൻറ സവിശേഷ പങ്ക് പ്രസക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.