തിരുവനന്തപുരം: ഭരണകക്ഷിയുടെ കേഡറെ പോലെയാണ് കണ്ണൂർ വി.സി പെരുമാറുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പദവിക്ക് യോജിച്ച രീതിയിലല്ല അദ്ദേഹത്തിന്റെ പ്രവർത്തനമെന്നും ഗവർണർ കുറ്റപ്പെടുത്തി. സർവകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രിയവർഗീസിന്റെ നിയമനനടപടികൾ മരവിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് ഗവർണർ കണ്ണൂർ വി.സിക്കെതിരെയും സംസ്ഥാന സർക്കാറിനെതിരെയും രൂക്ഷവിമർശനം ഉയർത്തുന്നത്.
തനിക്ക് അനുയോജ്യരെന്ന് തോന്നുന്നവരെ സർവകലാശാലകളിൽ നിയമിക്കും. തന്റെ അധികാരപരിധിയിൽ സർക്കാർ ഇടപെടരുത്. ചാൻസിലർ സ്ഥാനത്ത് നിന്നും തന്നെ മാറ്റാനുള്ള ഓർഡിനൻസിന് പിന്നിൽ ബന്ധുനിയമന ലക്ഷ്യം തന്നെയാണുള്ളതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
അധികാര കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ നിയമിക്കാൻ കണ്ണൂർ വി.സി ഒരുങ്ങിയത്. മറ്റ് ഉദ്യോഗാർഥികളുടെ അധ്യാപന പരിചയം ഉൾപ്പടെ കണക്കിലെടുക്കാതെയാണ് കണ്ണൂർ വി.സി നിയമനത്തിനൊരുങ്ങിയത്. ഇത് നാണക്കേടാണെന്നും ഗവർണർ പറഞ്ഞു.
കേരള യൂനിവേഴ്സിറ്റിയിലെ വി.സി നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് പാനൽ നിയമനം നിയമപരമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.സർവകലാശാലകളിലെ വി.സി നിയമനത്തിലുൾപ്പടെ രാഷ്ട്രീയഅതിപ്രസരമുണ്ടെന്ന് ഗവർണർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.