തിരുവനന്തപുരം: പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിന് 28 സഞ്ചരിക്കുന്ന തക്കാളി വണ്ടികൾ കൃഷിവകുപ്പ് നിരത്തിലിറക്കുമെന്ന് മന്ത്രി പി. പ്രസാദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തക്കാളി വണ്ടിയിൽ ഒരു കിലോ തക്കാളിക്ക് 50 രൂപയാണ് വില. മറ്റുപച്ചക്കറികളും വിലക്കുറവിൽ ലഭിക്കും. രാവിലെ 7.30 മുതൽ വൈകീട്ട് 7.30 വരെയാണ് പ്രവർത്തനം. കേരളത്തിലെ വിവിധയിടങ്ങൾ, അയൽ സംസ്ഥാനങ്ങൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പച്ചക്കറി സംഭരിച്ച് വിതരണം ചെയ്യും.
സ്ഥിരം വിപണിയില്ലാത്ത സ്ഥലങ്ങളിൽ ഹോർട്ടികോർപ് നേതൃത്വത്തിൽ സഞ്ചരിക്കുന്ന വിൽപനശാലകളും ആരംഭിക്കും. കൂടുതൽ സംഭരണ കേന്ദ്രങ്ങളിൽ ശേഖരിച്ച് വിൽപന നടത്തും. ഇതിന് എട്ടുകോടി രൂപ പ്രത്യേകം അനുവദിച്ചു. വരുംകാലത്ത് ഇത്തരം സാഹചര്യം മുൻകൂട്ടി കണ്ട് ഇടപെടാൻ കൃഷി സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൃഷി ഡയറക്ടർ കൺവീനറായി കമ്മിറ്റി രൂപവത്കരിച്ചു.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി സംഭരിക്കാൻ കൃഷി ഡയറക്ടറുടെ നേതൃത്വത്തിൽ സ്ഥിരം കമ്മിറ്റിയും രൂപവത്കരിച്ചു. 40 ടൺ പച്ചക്കറി വീതം പ്രതിദിനം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സംഭരിച്ച് ഹോർട്ടികോർപ് ചില്ലറ വിൽപന ശാലകളിലൂടെ വിൽപന നടത്തുന്നുണ്ട്. 170 ടൺ പച്ചക്കറി പ്രാദേശികമായി വി.എഫ്.പി.സി.കെ വഴി സംഭരിച്ച് വിൽക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.