തിരുവനന്തപുരം: കേരള ബാങ്കിനോടുള്ള അവഗണന തുടർന്ന് സർക്കാർ-പൊതുമേഖല സ്ഥാപനങ്ങൾ. സംസ്ഥാനത്തെ ഒന്നാമത് ബാങ്കായി മാറ്റുമെന്ന് സർക്കാറും മാനേജ്മെന്റും അവകാശപ്പെടുമ്പോഴും കേരള ബാങ്കിലെ നിക്ഷേപം വർധിപ്പിക്കാൻ കാര്യമായ ഇടപെടലുകളില്ല. കേരള ബാങ്ക് രൂപവത്കരണത്തോടെ സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളുടെ നിക്ഷേപം വലിയതോതിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നിരാശയാണ് ഫലം.
വിവിധ ദേശസാത്കൃത-സ്വകാര്യ ബാങ്കുകളിലാണ് മിക്ക സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളും അക്കൗണ്ട് തുടരുന്നത്. കൂടുതൽ പലിശ നൽകുന്ന സ്വകാര്യ ബാങ്കുകളിലേക്ക് പൊതുമേഖല സ്ഥാപനങ്ങൾ പലതും അക്കൗണ്ട് മാറ്റുന്ന സാഹചര്യവുമുണ്ട്. ജല അതോറിറ്റിയാണ് ഒടുവിൽ സ്വകാര്യ ബാങ്കിലേക്ക് നിക്ഷേപം മാറ്റിയത്.
സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളുടെ നിക്ഷേപം കേരള ബാങ്കിലേക്ക് എത്തിക്കുന്നതിന് ശ്രമമുണ്ടാവുമെന്നാണ് സർക്കാർ വൃത്തങ്ങൾ ആദ്യം പറഞ്ഞിരുന്നത്. ഇതിനുള്ള ശ്രമങ്ങളൊന്നും തുടർന്നുണ്ടായില്ല. ജീവനക്കാരുടെ കുറവ് ഉൾപ്പെടെ അടിസ്ഥാന പ്രശ്നങ്ങളും പരിഹാരമില്ലാതെ തുടരുന്നു. 2000ഓളം ഒഴിവുകളാണ് നികത്താനുള്ളത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള നിയമനങ്ങൾക്ക് പോലും അനുമതി നൽകാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
സർക്കാറും മാനേജ്മെന്റും തുടരുന്ന നിസ്സംഗതക്കെതിരെ ജീവനക്കാർ വീണ്ടും സമരത്തിനിറങ്ങുന്ന സാഹചര്യവും നിലനിൽക്കുന്നു. സംഘടനകൾ നേരത്തേ സമരരംഗത്തായിരുന്നെങ്കിലും കരുവന്നൂർ ഉൾപ്പെടെ വിവാദങ്ങളെത്തുടർന്ന് സഹകരണ മേഖല പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ പിന്മാറിയിരുന്നു. വിവാദങ്ങൾ കെട്ടടങ്ങിയ സാഹചര്യത്തിൽ വീണ്ടും സമരദിനങ്ങളിലേക്ക് നീങ്ങുകയാണ് കേരള ബാങ്ക്.
എ.ഐ.സി.ബി.ഇ.എഫ്-എ.ഐ.ബി.ഇ.എ നേതൃത്വത്തിലെ കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ പണിമുടക്കും മാർച്ചിൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
സഹകരണ മേഖലയെ സംരക്ഷിക്കുക, നിയമനങ്ങൾ നടത്തുക, മുടങ്ങിയ ക്ഷാമബത്ത അനുവദിക്കുക, വായ്പാ നയം പരിഷ്കരിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. വായ്പാനയം ആകർഷമാക്കണമെന്ന ആവശ്യം നേരത്തേതന്നെ വിവിധ കോണുകളിൽനിന്ന് ഉയരുന്നതാണെങ്കിലും സഹകരണ വകുപ്പും സർക്കാറും നിസ്സംഗത തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.