Maradu Flat waste

മരട് ഫ്ലാറ്റ് ഉടമകൾക്ക് നൽകിയ സർക്കാർ ധനസഹായം: കെട്ടിട നിർമാതാക്കളിൽനിന്ന് തിരിച്ചുപിടിക്കാനായത് 3.23 കോടി മാത്രം

കൊച്ചി: വിവാദമായ മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് സർക്കാർ വിതരണംചെയ്ത 62.75 കോടി താൽക്കാലിക ധനസഹായത്തിൽ കെട്ടിട നിർമാതാക്കളിൽനിന്ന് തിരിച്ചുപിടിക്കാനായത് 3.23 കോടി മാത്രം. സർക്കാറിന് തിരിച്ചുനൽകാനുള്ള 62.75 കോടി, ഫ്ലാറ്റുടമകൾ കെട്ടിട നിർമാതാവിന് നൽകിയ തുകയിൽ 62.75 കോടി കിഴിച്ചുള്ള 57.02 കോടി, ഫ്ലാറ്റുകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ രൂപവത്കരിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ നടത്തിപ്പിനായി സർക്കാർ ചെലവഴിച്ച തുകയുടെ ഒരുഭാഗമെന്ന നിലയിൽ 1.20 കോടി എന്നിങ്ങനെ 121 കോടി രൂപയാണ് നാല് കെട്ടിട നിർമാതാക്കളുംകൂടി ആകെ അടക്കാനുള്ളത്. ഇതിൽ മൂന്ന് നിർമാതാക്കളുംകൂടി ആകെ 37.32 കോടി അടച്ചപ്പോൾ ഹോളി ഫെയ്ത്ത് ഒരുരൂപ പോലും തിരിച്ചടച്ചിട്ടില്ല.

ഗോൾഡൻ കായലോരം കെട്ടിടത്തിന്‍റെ നിർമാതാക്കളായ വിച്ചൂസ് കൺസ്ട്രക്ഷൻസ് അടക്കാനുള്ള 13.97 കോടി രൂപയിൽ 6.76 കോടി കൈമാറി. ജെയിൻ കൺസ്ട്രക്ഷൻസ് നിർമാതാവ് 32.76 കോടിയിൽ 16.76 കോടിയും ആൽഫ വെഞ്ചേഴ്സ് 32.10 കോടിയിൽ 13.80 കോടിയും മാത്രമാണ് കമ്മിറ്റിയിലേക്ക് നൽകിയിട്ടുള്ളതെന്ന് വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു.ഇവരിൽനിന്ന് നിർബന്ധപൂർവം പണം ഈടാക്കാനുള്ള അധികാരം ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റിക്കില്ല. വിച്ചൂസ് കൺസ്ട്രക്ഷൻസ് അടച്ച 6.76 കോടിയിൽ 4.12 ലക്ഷം രൂപ ഫ്ലാറ്റ് ഉടമകൾക്കും 2.63 കോടി സർക്കാറിനും നൽകി. ജെയിൻ കൺസ്ട്രക്ഷൻസ് അടച്ചതിൽ 1.61 കോടി ഫ്ലാറ്റ് ഉടമകൾക്കും 60 ലക്ഷം സർക്കാറിനും കൈമാറി. ആൽഫ വെഞ്ചേഴ്സ് അടച്ചതിൽനിന്ന് 13.56 കോടി ഫ്ലാറ്റ് ഉടമകൾക്ക് നൽകി. ബാക്കി 23.77 ലക്ഷം രൂപ സുപ്രീംകോടതി ഉത്തരവ് പ്രതീക്ഷിച്ച് കമ്മിറ്റിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുകയാണ്.

കെട്ടിടം പൊളിക്കാൻ ചെലവായ തുകയായ 3.35 കോടി നൽകിയത് മരട് മുനിസിപ്പാലിറ്റിയാണ്. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി ഉത്തരവനുസരിച്ച് മരടിലെ ജെയിൻ കോറൽകോവ്, ഹോളിഫെയ്ത്ത്, ആൽഫ സെറീൻ, ഗോൾഡൻ കായലോരം ഫ്ലാറ്റ് സമുച്ചയങ്ങൾ 2020 ജനുവരി 11നാണ് പൊളിച്ചുനീക്കിയത്.

Tags:    
News Summary - Government assistance to Maradu flat owners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.