മലപ്പുറം: 2023-24 സാമ്പത്തിക വർഷം ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തുക മാറാതെ ട്രഷറിയിൽ ബാക്കിയുള്ളത് 1492 ബില്ലുകൾ. ജില്ല പഞ്ചായത്തിന്റേതാണ് ഏറ്റവും കൂടുതൽ ബില്ലുകളുള്ളത്, 91. രണ്ടാം സ്ഥാനത്തുള്ള പെരിന്തൽമണ്ണ നഗരസഭക്ക് 32ഉം പൊന്നാനി നഗരസഭക്ക് 31ഉം ബില്ലുകൾ മാറാനുണ്ട്. മൂന്നാം സ്ഥാനത്തുള്ള അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ 28 വീതം ബില്ലുകളുണ്ട്.
ആലങ്കോട് 24, നന്നംമുക്ക്, പുറത്തൂർ, കാളികാവ്, തുവ്വൂർ എന്നിവിടങ്ങളിൽ 23, ആലിപ്പറമ്പ് 22, മങ്കട, വട്ടംകുളം എന്നിവിടങ്ങളിൽ 21, കരുവാരകുണ്ട് 20, മേലാറ്റൂർ, കീഴുപറമ്പ്, മംഗലം, വെട്ടം, കുറ്റിപ്പുറം എന്നിവിടങ്ങളിൽ 18 വീതം, തവനൂർ, മാറഞ്ചേരി എന്നിവിടങ്ങളിൽ 17, ചേലേമ്പ്ര, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ 16 വീതം, കൂട്ടിലങ്ങാടി, കീഴാറ്റൂർ, ഊരകം, വാഴയൂർ, പെരുവള്ളൂർ, ഒഴൂർ പഞ്ചായത്തുകൾ, മഞ്ചേരി നഗരസഭ എന്നിവിടങ്ങളിൽ 15 വീതം, മാറാക്കര, പെരുമ്പടപ്പ്, തിരുവാലി, അമരമ്പലം, ചാലിയാർ, മമ്പാട്, പള്ളിക്കൽ, ആനക്കയം, കാവനൂർ പഞ്ചായത്തുകൾ, പരപ്പനങ്ങാടി നഗരസഭ, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ 14 വീതം ബില്ലുകളുമുണ്ട്. ഏറ്റവും കുറവുള്ള ഏലംകുളം ഗ്രാമപഞ്ചായത്തിന് ഒന്നും താനൂർ ബ്ലോക്ക് പഞ്ചായത്തിന് രണ്ടും കോട്ടക്കൽ നഗരസഭ, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത്, അരീക്കോട്, പൊന്മുണ്ടം എന്നീ ഗ്രാമപഞ്ചായത്തുകൾക്ക് മൂന്ന് വീതം ബില്ലുകളുമാണ് മാറാൻ കാത്തിരിക്കുന്നത്.
എൽ.എസ്.ജി.ഡി തലത്തിൽ ജില്ലയിൽ രണ്ട് മാസത്തെ ബില്ലുകളാണ് മുടങ്ങിയിരിക്കുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിലായി ഒരു ലക്ഷത്തിന് മുകളിൽ വരുന്ന ബില്ലുകളിലാണ് സർക്കാർ നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണമേർപ്പെടുത്തിയത്. നിയന്ത്രണം പിൻവലിക്കണമെങ്കിൽ സർക്കാർ നിർദേശം വരണം. നിലവിൽ ഒരു ലക്ഷത്തിന് താഴെ വരുന്ന ബില്ലുകൾ രേഖകൾ കൃത്യമാണെങ്കിൽ വേഗത്തിൽ തന്നെ വിതരണം ചെയ്യുമെന്ന് ട്രഷറി അറിയിച്ചു.
ശമ്പള ബില്ലുകൾ, എസ്.സി-എസ്.ടി ഫണ്ടുകൾ, ലൈഫ് മിഷൻ പദ്ധതികൾ, പൊതുമരാമത്ത് പ്രവൃത്തികൾ തുടങ്ങിയവയെ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2023 ജനുവരി മുതൽ സെപ്റ്റംബർ 30 വരെയുള്ള എല്ലാ ബില്ലുകളും നൽകിയതായി ജില്ല ട്രഷറി വകുപ്പ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ബില്ലുകൾ ക്യൂ സംവിധാനത്തിലേക്ക് മാറ്റിയതാണ്. ഇത്തരം ബില്ലുകൾ എന്ന് നൽകുമെന്ന് പറയാൻ കഴിയില്ലെന്നും ട്രഷറി വകുപ്പ് അറിയിച്ചു.
2023-24 വർഷത്തെ പദ്ധതി തുക ചെലവഴിക്കലിൽ എട്ട് മാസം പിന്നിടുമ്പോൾ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്നിൽ. 38.57 ശതമാനം തുക ചെലവഴിച്ചാണ് തദ്ദേശ സ്ഥാപന പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. 37.66 ശതമാനവുമായി കണ്ണമംഗലം ഗ്രാമപഞ്ചായത്താണ് രണ്ടാമത്. 36.88 ശതമാനവുമായി തിരുവാലി ഗ്രാമപഞ്ചായത്താണ് മൂന്നാമത്.
12 നഗരസഭകളിൽ 37.62 ശതമാനവുമായി പെരിന്തൽമണ്ണയാണ് മുന്നിൽ. 37.1 ശതമാനവുമായി കോട്ടക്കലാണ് പട്ടികയിൽ രണ്ടാമത്. മൂന്നാമതുള്ള പൊന്നാനി നഗരസഭയിൽ 33.99 ശതമാനം തുക ചെലവഴിച്ചിട്ടുണ്ട്. 15 ബ്ലോക്ക് പഞ്ചായത്തുകളിൽ 30.58 ശതമാനം ചെലവഴിച്ച് തിരൂരങ്ങാടി ബ്ലോക്ക് ഒന്നാമതും 30.14 ശതമാനവുമായി കൊണ്ടോട്ടി ബ്ലോക്ക് രണ്ടാമതും 30.11 ശതമാനവുമായി മലപ്പുറം ബ്ലോക്ക് മൂന്നാമതുമാണ്.
ഗ്രാമപഞ്ചായത്തുകളിൽ 10.44 ശതമാനവുമായി മൂന്നിയൂരാണ് പട്ടികയിൽ പിറകിൽ. നഗരസഭകളിൽ 18.26 ശതമാനവുമായി തിരൂരും ബ്ലോക്ക് പഞ്ചായത്തുകളിൽ 9.58 ശതമാനവുമായി കാളികാവുമാണ് പിറകിൽ. നിലവിൽ നാല് മാസം കൂടി ബാക്കി നിൽക്കേ തുക ചെലവഴിക്കലിനുള്ള ഒരുക്കത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ. ജില്ലയിൽ 26.42 ശതമാനമാണ് ആകെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി തുക ചെലവഴിക്കൽ പൂർത്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.