കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ സർക്കാറിെൻറ ഒളിച്ചുകളിയിൽ മുസ്ലിം സംഘടനകൾക്ക് പ്രതിഷേധം. സച്ചാർ, പാലോളി കമ്മിറ്റി ശിപാർശകളുടെ അന്തഃസത്ത ചോർത്തുന്നതാണ് സർക്കാർ നടപടിയെന്ന് സംഘടന നേതാക്കൾ അഭിപ്രായപ്പെട്ടു. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച സ്കോളര്‍ഷിപ് അട്ടിമറിക്കുന്ന സർക്കാർ നയം വഞ്ചനയാണെന്ന് മുസ്ലിംലീഗ് ജന. സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. മുസ്ലിം സമുദായത്തിന് കിട്ടേണ്ട ആനുകൂല്യം ഹൈകോടതി വിധിയിലൂടെ നഷ്ടപ്പെട്ടിരുന്നു. ഇത് പുനഃസ്ഥാപിക്കാനാണ് സർവകക്ഷി യോഗം ചേർന്നതും സമിതിയെ നിശ്ചയിച്ചതും. എന്നാൽ, കോടതിവിധി അതുപോലെ നടപ്പാക്കുകയാണ് സർക്കാർ ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ന്യൂനപക്ഷ സമുദായ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച സ്കോളര്ഷിപ്പിെൻറ അനുപാതം പുനഃക്രമീകരിക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു.
പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങൾക്കും അര്‍ഹമായ ആനുകൂല്യം ലഭിക്കണം. എന്നാല്‍, മുസ്ലിം സമുദായത്തിെൻറ പിന്നാക്കാവസ്ഥ സംബന്ധിച്ച പഠനത്തിെൻറ അടിസ്ഥാനത്തില്‍ നടപ്പാക്കിയ പരിഹാര നടപടികളാണ് റദ്ദാക്കിയത്. പാലോളി കമ്മിറ്റി നിർദേശപ്രകാരമാണ് മുസ്ലിം വിദ്യാർഥികൾക്ക് സ്കോളർഷിപ് അനുവദിച്ചത്. മറ്റിതര സമുദായങ്ങൾക്കും പഠനത്തിെൻറ അടിസ്ഥാനത്തിൽ ശാക്തീകരണ നടപടി സ്വീകരിക്കാം. അതിനു പകരം വർഗീയ ധ്രുവീകരണ പ്രചാരണങ്ങൾക്ക് വിധേയപ്പെടുകയും സ്കോളർഷിപ് അനുവദിച്ച പശ്ചാത്തലം മറച്ചുപിടിക്കുകയുമാണ് പുതിയ നീക്കത്തിലൂടെ സർക്കാർ ചെയ്തത്. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമത്തിന് സമഗ്രമായ നിയമനിർമാണം നടത്താൻ സന്നദ്ധമാവുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും എം.ഐ. അബ്ദുൽ അസീസ് കൂട്ടിച്ചേർത്തു.
മുസ്ലിം സമുദായം പല കാര്യങ്ങളിലും വിട്ടുവീഴ്ചക്ക് തയാറായതും പ്രകോപനമുണ്ടാക്കാത്തതും ദുരുപയോഗം ചെയ്യുന്ന സമീപനമാണ് സ്കോളർഷിപ് വിഷയത്തിൽ സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു. സച്ചാർ കമ്മിറ്റി റിപ്പോർട്ട് മുസ്ലിംകൾക്ക് മാത്രമുള്ളതാണ് എന്നിരിക്കെ, കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. വിഷയം ബാധിക്കുന്ന സമുദായത്തിലെ സംഘടനകളുമായി ധാരണയിലെത്താതെ പ്രഖ്യാപനം നടത്തിയത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം പിന്നാക്കാവസ്ഥ പഠിക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ രൂപവത്കരിച്ച സച്ചാർ, പാലോളി കമ്മിറ്റികളുടെ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതല്ല മന്ത്രിസഭയുടെ ഇന്നത്തെ തീരുമാനമെന്ന് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി എൻ. അലി അബ്ദുല്ല അഭിപ്രായപ്പെട്ടു. സച്ചാർ സമിതിയും പാലോളി സമിതിയും ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ചതല്ല, മുസ്ലിംകളുടെ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ചതാണ്. മുസ്ലിംകൾക്ക് സവിശേഷമായി ഏർപ്പെടുത്തണമെന്ന് നിയമപരമായി കണ്ടെത്തിയ ശിപാർശ അതേ രീതിയിൽ തന്നെ നടപ്പാക്കിയില്ലെങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങൾ ഏറെ പിന്നാക്കം തള്ളപ്പെടുമെന്ന ആശങ്ക സർക്കാർ ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സച്ചാര്‍ കമീഷന് റിപ്പോര്‍ട്ട് ശിപാര്‍ശകള്‍ നടപ്പാക്കുന്നത് റദ്ദ് ചെയ്ത പിണറായി സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ലെന്ന് കെ.എന്‍.എം. മര്‍കസു ദഅ്വ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. സച്ചാര്‍ കമീഷന് ക്ഷേമപദ്ധതികളുടെ വിഷയത്തില്‍ മുസ്ലിം സമുദായത്തെ കേള്‍ക്കാതെ ധിക്കാരപൂര്‍വമുള്ള സര്‍ക്കാര്‍ നടപടി അപലപനീയമാണ്. നീതി നിഷേധിക്കപ്പെട്ട മുസ്ലിം ജനവിഭാഗത്തിനുവേണ്ടി ശബ്ദിക്കാന്‍ ബാധ്യതപ്പെട്ട യു.ഡി.എഫ് നേതൃത്വം ന്യൂനപക്ഷ ക്ഷേമ പദ്ധതി വിഷയത്തില്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്നത് നീതീകരിക്കാവതല്ലെന്നും യോഗം വ്യക്തമാക്കി. പ്രസിഡൻറ് ഡോ. ഇ.കെ. അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
സ്കോളര്‍ഷിപ് പദ്ധതി കോടതി വിധിയുടെ മറപിടിച്ച് സര്‍ക്കാര്‍ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്തതെന്ന് എസ്. കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ മുസ്ലിം സമുദായത്തെ അവഗണിച്ചുകൊണ്ടുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
മുസ്ലിം സമുദായത്തിന് പൂര്‍ണമായും ലഭിക്കേണ്ട പദ്ധതിയെ ന്യൂനപക്ഷ വകുപ്പുമായി കൂട്ടിക്കെട്ടിയതാണ് ഇതിെൻറ അടിസ്ഥാനപരമായ പിശകെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സ്കോളർഷിപ് പദ്ധതിയുടെ വിഷയത്തിൽ തെറ്റായ കോടതിവിധി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സോളിഡാരിറ്റി വ്യക്തമാക്കി. സച്ചാര്‍, പാലോളി കമ്മിറ്റികൾ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ മുസ്ലിം പിന്നാക്കാവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ പഠിക്കാനും പരിഹരിക്കാനും തയാറാകണം. പകരം വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് മുന്നണികളെന്നും സംഘടന പറഞ്ഞു.
സ്കോളർഷിപ് സർക്കാരിന് തോന്നുംപോലെ ഇഷ്ടദാനം ചെയ്യാനുള്ളതല്ലെന്നും അത് സച്ചാർ റിപ്പോർട്ടിനും എൽ.ഡി.എഫിെൻറ പ്രകടനപത്രികക്കും വിരുദ്ധമാണെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പ്രസ്താവിച്ചു. കോടതി വിധിക്കെതിരെ അപ്പീൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്കോളർഷിപ് വിഷയത്തിലെ കോടതി വിധി നടപ്പാക്കാനുള്ള തീരുമാനം മുസ്ലിം സമുദായത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് എസ്.ഐ.ഒ. സച്ചാർ-പാലോളി കമ്മിറ്റികൾ തുറന്നു കാണിച്ച മുസ്ലിം പിന്നാക്കാവസ്ഥയോടുള്ള പിണറായി സർക്കാറിെൻറ പുറം തിരിഞ്ഞ നിലപാടാണ് ഇതുവഴി വ്യക്തമാകുന്നതെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് അംജദ് അലി ഇ.എം അധ്യക്ഷത വഹിച്ചു.
സച്ചാർ കമ്മിറ്റി റിപ്പോർട്ടിലെയും നരേന്ദ്രൻ കമീഷൻ റിപ്പോർട്ടിലെയും ശിപാർശകൾ നടപ്പാക്കണമെന്നും അട്ടിമറിക്കരുതെന്നും കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.