കൊച്ചി: പ്രതിഷേധം ശക്തമാകുമ്പോഴും കടുത്ത നടപടികൾ തുടർന്ന് ലക്ഷദ്വീപ് ഭരണകൂടം. കടൽത്തീരത്തുനിന്ന് 20 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന നൂറുകണക്കിന് വീടുകൾ പൊളിച്ചുമാറ്റണമെന്ന് പുതിയ നിർദേശം. മത്സ്യബന്ധന ഷെഡുകൾ പൊളിച്ചുനീക്കിയതിന് പിന്നാലെയാണ് വീടുകളും ശുചിമുറികളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
കവരത്തിയിൽ മാത്രം 102 വീട്ടിലെ താമസക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 52 വീട്ടുകാർക്കുകൂടി ഉടൻ നോട്ടീസ് നൽകുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ചെറിയം, സുഹേലി, കൽപേനി ദ്വീപുകളിലെ കെട്ടിടങ്ങളും ഇത്തരത്തിൽ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് ഡെവലപ്മെൻറ് ഓഫിസർമാർ നോട്ടീസ് നൽകിയിരുന്നു. ജൂൺ 30നകം കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണം. അല്ലാത്തപക്ഷം ഉദ്യോഗസ്ഥരെത്തി പൊളിച്ചുനീക്കുമെന്നും അതിെൻറ ചെലവ് ഉടമകളുടെ പക്കൽനിന്ന് ഈടാക്കുമെന്നുമാണ് അറിയിപ്പ്.
ചിലയിടങ്ങളിൽ 50 മീറ്ററിന് അകലെ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾ വരെ പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദ്വീപ് നിവാസികൾ ആരോപിച്ചു. സംയോജിത ദ്വീപ് മാനേജ്മെൻറ് പ്ലാൻ പ്രകാരം അനധികൃതമെന്ന് കണ്ടെത്തിയ കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടതെന്ന് അധികൃതർ വിശദീകരിക്കുന്നു. എന്നാൽ, പതിറ്റാണ്ടുകൾക്കുമുമ്പ് തീരത്തുനിന്ന് 50 മീറ്ററോളം ദൂരെ നിർമിച്ച കെട്ടിടങ്ങളാണ് ഇവയിൽ പലതുമെന്നും പിന്നീട് കടൽ കയറി ഭൂമി ഇടിഞ്ഞപ്പോൾ ദൂരം കുറഞ്ഞ് 20 മീറ്ററിൽ എത്തിയതാണെന്നും ദ്വീപ് നിവാസികൾ പറയുന്നു.
ആൾത്താമസമില്ലാത്ത ദ്വീപുകളിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് നിർമിച്ചിട്ടുള്ള താൽക്കാലിക ഷെഡുകളും പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടവയിലുണ്ട്. തുടർ നടപടികൾക്കായി കെട്ടിട ഉടമകൾ കൈപ്പറ്റിയ നോട്ടീസുമായി സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികളെ സമീപിക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്ന് എസ്.എൽ.എഫ് കോഓഡിനേറ്റർ ഡോ. മുഹമ്മദ് സാദിഖ് വ്യക്തമാക്കി.
അതേസമയം, ദ്വീപ് നിവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജീർണിച്ച വീടുകളും ശുചിമുറികളുമാണ് പൊളിച്ച് നീക്കുകയെന്നുമാണ് ഭരണകൂടെത്തിെൻറ വാദം. അഞ്ച് ഇടങ്ങളിലായി ആശുപത്രി നിർമിക്കാനാണ് നിർമാണങ്ങൾ പൊളിക്കുന്നതെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.