തിരുവനന്തപുരം: കേരളത്തിൽ ജാതി സെൻസസ് നടത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. ബിഹാറിൽ ജാതി സെൻസസ് റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. വ്യത്യസ്ത ജാതി സമൂഹങ്ങളുടെ ജനസംഖ്യയിലെ പങ്കാളിത്തം സ്വതന്ത്ര ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് ആദ്യമായി കൃത്യമായി കണക്കുകളോടെ പുറത്തുവന്നിരിക്കുന്നു. റിപ്പോർട്ട് പുറത്തുവന്നയുടൻ തന്നെ ബിഹാറിൽ ഒ.ബി.സി സംവരണത്തോത് ഉയർത്തുമെന്ന ബിഹാർ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നത് സ്വാഗതാർഹമാണ്.
വ്യത്യസ്ത ഘട്ടങ്ങളിൽ സംവരണം അട്ടിമറിക്കപ്പെടുകയും സവർണ സംവരണം നടപ്പാക്കപ്പെടുകയും ചെയ്തപ്പോഴെല്ലാം ജാതി സെൻസസിനെ കുറിച്ചുള്ള ആവശ്യം ശക്തമായി ഉയർന്നുവന്നിരുന്നു. ബിഹാർ ജാതി സെൻസസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും സംവരണം നീതിപൂർവം നടപ്പാക്കപ്പെടണമെങ്കിൽ ജാതി സെൻസസ് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി.
കേരളത്തെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷ സമുദായങ്ങൾ പ്രത്യേകിച്ചും മുസ്ലിം സമുദായം അനർഹമായി ആനുകൂല്യങ്ങളും പദവികളും അനുഭവിക്കുന്നുണ്ടെന്ന ദുഷ്പ്രചരണങ്ങൾ വേണ്ടവിധം പ്രതിരോധിക്കാൻ ഇടതുപക്ഷ സർക്കാർ തുനിഞ്ഞിട്ടില്ല. ഭരണഘടന ഭേദഗതി നടപ്പാക്കിയ ഉടൻതന്നെ യാതൊരു പഠനങ്ങളും ഇല്ലാതെയാണ് കേരളത്തിൽ 10 ശതമാനം സവർണ സംവരണം നടപ്പാക്കിയത്. ദേശീയ തലത്തിൽ തന്നെ ജാതി സെൻസസ് നടത്തണമെന്നാണ് ഏറെക്കാലമായി വെൽഫെയർ പാർട്ടി ആവശ്യപ്പെടുന്നത്. അതേസമയം ബിഹാറിലേതിനു സമാനമായി സമാനമായി കേരളത്തിലും ജാതി സെൻസസ് നടത്താൻ സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ തയാറാകണമെന്ന് റസാഖ് പാലേരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.