കണ്ണൂർ വി.സിക്ക് സർക്കാർ പിന്തുണ; ഗവർണർക്കെതിരായ പോരിന്‍റെ തുടർച്ച

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ നിയമന പ്രശ്നത്തിൽ ഗവർണറും വൈസ് ചാൻസലറും കൊമ്പുകോർക്കുന്ന അസാധാരണ സാഹചര്യം സർക്കാർ -ഗവർണർ പോരിന്‍റെ തുടർച്ച. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സ്റ്റേ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ച വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രന് സർക്കാറിന്‍റെ പൂർണ പിന്തുണയുണ്ട്. ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്ന വി.സിയുടെ പരോക്ഷ വിമർശനം സർക്കാർ പിന്തുണയുടെ കൂടി ബലത്തിലാണ്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് മലയാളം വിഭാഗത്തിൽ അസോ. പ്രഫസറായി നിയമനം നൽകിയതിൽ സ്വജനപക്ഷപാതം ഉണ്ടെന്ന പരാതി ശരിവെക്കുന്നതാണ് നിയമന നടപടികൾ സ്റ്റേ ചെയ്ത ഗവർണറുടെ ഇടപെടൽ. റിസർച് സ്കോറിൽ ബഹുദൂരം മുന്നിലുള്ളയാൾക്ക് അഭിമുഖത്തിൽ കുറഞ്ഞ മാർക്ക് നൽകി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ കെ.കെ. രാഗേഷിന്‍റെ ഭാര്യക്ക് റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം നൽകിയത്. ഇതിന്‍റെ വിവരാവകാശ രേഖകൾ നേരത്തേ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ നിയമനം സ്റ്റേ ചെയ്ത ഗവർണറുടെ നടപടി സർക്കാറിന് ഏൽപിക്കുന്ന പരിക്ക് ചെറുതല്ല.

പ്രിയ വർഗീസിന്‍റെ വഴിവിട്ട നിയമനം സർക്കാറിനുനേരെ വലിയ ധാർമിക ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അപ്പോഴും പ്രിയ വർഗീസിനെ പിന്തുണക്കാനുള്ള സർക്കാർ തീരുമാനം തൽക്കാലം ഗവർണർക്ക് കീഴടങ്ങേണ്ടതില്ല എന്ന പാർട്ടി നിലപാടിന്‍റെ ഭാഗമാണ്. ഇതുവരെയുള്ള കീഴ് വഴക്കങ്ങൾ മാറ്റിമറിച്ചാണ് പ്രഫ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാല വി.സിയായി പിണറായി സർക്കാർ തുടർ നിയമനം നൽകിയത്. മാർക്ക് അട്ടിമറി ഉൾപ്പെടെ ശക്തമായ ആക്ഷേപങ്ങളെല്ലാം തള്ളിക്കളഞ്ഞ് പ്രിയ വർഗീസിനെ നിയമിക്കാനുള്ള നടപടികളുമായി മുന്നോട്ടുനീങ്ങിയ വി.സി, സർക്കാർ താൽപര്യത്തിനൊപ്പമെന്നതും വ്യക്തമാണ്. പ്രിയ വർഗീസിന് രണ്ടുദിവസത്തിനകം നിയമന ഉത്തരവ് നൽകുമെന്ന് ബുധനാഴ്ച വി.സി വെളിപ്പെടുത്തിയിരുന്നു. അതിന് തൊട്ടുപിറകെയാണ് നിയമന നടപടികൾ ഗവർണർ സ്റ്റേ ചെയ്തത്. നിയമനത്തിൽ ഇടപെടാൻ ഗവർണർക്ക് ചട്ടപ്രകാരം അധികാരമില്ലെന്നാണ് വി.സിയുടെ വാദം. ഇക്കാര്യം കോടതിയിൽ വാദിച്ച് സ്റ്റേ നീക്കാമെന്നാണ് വി.സിയുടെ കണക്കുകൂട്ടൽ. അങ്ങനെ സംഭവിച്ചാൽ ഗവർണറുമായുള്ള പോരിൽ ഒരു വിജയമാണ് സർക്കാറിന്‍റെ പ്രതീക്ഷ. അതേസമയം, മാർക്ക് അട്ടിമറിയുടെ വിശദാംശങ്ങൾ വീണ്ടും കോടതിയിൽ ചർച്ചയാകുന്നതും സ്വജനപക്ഷപാതം കോടതിയും ശരിവെച്ചാൽ ഉണ്ടാകുന്ന കനത്ത തിരിച്ചടിഭീഷണിയും സർക്കാറിന് മുന്നിലുണ്ട്.

Tags:    
News Summary - Government support for Kannur VC; Continuation of the war against the governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.