എം. ഷിയാസ്
കൊച്ചി: ലൈഫ് മിഷൻ ഭവനപദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം ഭീമമായി ഏറിയതോടെ 'സൂപ്പർ വെരിഫിക്കേഷൻ' നടത്തി അർഹരുടെ എണ്ണം കണ്ടെത്താൻ സർക്കാർ.
ഫീൽഡ്തല പരിശോധന നടത്തി അർഹരായി കണ്ടെത്തിയ എല്ലാ അപേക്ഷകളും പുനഃപരിശോധിക്കാനാണ് തീരുമാനം. ഇതിനായി ജില്ല കലക്ടർമാരുടെ നേതൃത്വത്തിൽ ഓരോ പഞ്ചായത്തിലേക്കും പത്തംഗ സംഘത്തെ നിയോഗിക്കും.
2017ലെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെപോയ അർഹരായ ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് ഈ മാസം 15നകം പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, അത് നടന്നില്ല. ഓൺലൈനായി 9,20,260 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകരുടെ എണ്ണം ഭീമമായതോടെയാണ് പുനഃപരിശോധനക്ക് സർക്കാർ ഇടപെടൽ ഉണ്ടായത്.
2020 ആഗസ്റ്റ് 27ന് ഇറക്കിയ അർഹതാ മാനദണ്ഡങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ ഓരോ തദ്ദേശ സ്ഥാപനത്തിലും വാർഡ് തിരിച്ച് പുനഃപരിശോധന നടത്താൻ കലക്ടർമാർ ജീവനക്കാരെ ചുമതലപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. ഈ അപേക്ഷകളുടെ പ്രാഥമിക ഫീൽഡ്തല പരിശോധന നടത്തിയ ജീവനക്കാരെ പുതിയ പരിശോധക സംഘത്തിൽ ഉൾപ്പെടുത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്. അതല്ലാതെ ഏത് വകുപ്പിലെയും ജൂനിയർ സൂപ്രണ്ട് വരെയുള്ള ജീവനക്കാരെ പുനഃപരിശോധനക്കായി കലക്ടർക്ക് നിയോഗിക്കാം.
ഏപ്രിൽ 18നകം പുനഃപരിശോധന പൂർത്തിയാക്കി സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യണമെന്നും 19ന് എല്ലാ അർഹരുടെയും അനർഹരുടെയും കരട് ഗുണഭോക്തൃ പട്ടിക വാർഡ് തിരിച്ച് പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിലുണ്ട്. പിന്നീട് ഒന്നും രണ്ടും ഘട്ടങ്ങളിലായി അപ്പീൽ തീർപ്പാക്കി അന്തിമപട്ടിക മേയ് 31ന് പ്രസിദ്ധീകരിക്കും.
അതിനിടെ മൂന്നാംഘട്ട ലൈഫ് മിഷൻ പദ്ധതിക്കായി കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്‍റ് ഫിനാൻസ് കോർപറേഷൻ മുഖേന 1500 കോടി ഹഡ്കോ വായ്പ എടുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ നടപടി പൂർത്തീകരിച്ചിട്ടുണ്ട്.
പഞ്ചായത്തുമായും കോർപറേഷനുമായും വായ്പ കരാറിൽ ഏർപ്പെട്ട് വീടുപണി ആരംഭിച്ചവർക്കും പുരോഗമിക്കുന്നവർക്കും പൂർത്തീകരിച്ചവർക്കും തുക ലഭ്യമാക്കാൻ ഫണ്ട് അഭ്യർഥന ലൈഫ് മിഷന് സമർപ്പിക്കണമെന്ന് ഇതുസംബന്ധിച്ച സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.