തദ്ദേശ വാർഡ് വിഭജന ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു; ചർച്ചയില്ലാതെ പാസാക്കിയ ബില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പ്രതിപക്ഷ ആവശ്യം തള്ളി തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. ഇതുപ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും. ചർച്ച കൂടാതെ പാസാക്കിയ ബില്ലിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഈ ആവശ്യം തള്ളിയാണ് ഗവര്‍ണര്‍ ബില്ലിൽ ഒപ്പുവെച്ചത്.

തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമീഷൻ രൂപവത്കരിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാനാണ് ചെയർമാൻ. ഐ.എ.എസ് ഉദ്യോഗസ്ഥരായ രത്തൻ ഖേൽക്കർ, കെ. ബിജു, എസ്. ഹരികിഷോർ, കെ. വാസുകി എന്നിവരാണ് അംഗങ്ങൾ. ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു വാർഡ് വീതം കൂട്ടാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുകളുടെ എണ്ണം കൂട്ടാൻ നിയമസഭ നേരത്തേ ബിൽ പാസാക്കിയിരുന്നു.

11ാം നിയമസഭ സമ്മേളനത്തിൽ പ്രതിപക്ഷ ബഹളത്തിനിടെ സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനക്ക് വിടാതെ ബിൽ ധിറുതിയിൽ പാസാക്കിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം. തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വാർഡ് വീതം വർധിപ്പിക്കാൻ നിർദേശിച്ച് ഓർഡിനൻസ് ഇറക്കാനായിരുന്നു തീരുമാനം. പ്രത്യേക മന്ത്രിസഭായോഗം ഇതിന് അനുമതി നൽകിയിരുന്നു. എന്നാൽ, നിയമസഭ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തിൽ ഓർഡിനൻസ് ഒഴിവാക്കി ബില്ലായി കൊണ്ടുവരുകയായിരുന്നു.

അടുത്തവർഷം ഡിസംബറിലാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഗവർണർ ഒപ്പിടാൻ വൈകിയതോടെ വാർഡ് വിഭജനം പൂർത്തിയാക്കാനാകുമോ എന്ന് ആശങ്ക ഉയർന്നിരുന്നു. 

Tags:    
News Summary - Governor signs local ward division bills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.