പാലക്കാട്, ചേലക്കര സീറ്റുകളിൽ സി.പി.എം-ബി.ജെ.പി ധാരണയായെന്ന് പി.വി. അൻവർ; ‘നേതൃത്വം നൽകിയത് എ.ഡി.ജി.പി’

മഞ്ചേരി: ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പാലക്കാട്, ചേലക്കര സീറ്റുകളിൽ സി.പി.എം-ബി.ജെ.പി ധാരണയായെന്ന് പി.വി. അൻവർ എം.എൽ.എ. ‘ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള’ (ഡി.എം.കെ) എന്ന സാമൂഹിക കൂട്ടായ്മയുടെ നയം പ്രഖ്യാപിച്ച് കൊണ്ടുള്ള പൊതുസമ്മേളനത്തിലാണ് പി.വി അൻവർ ഇക്കാര്യം വ്യക്തമാക്കിയത്.

പാലക്കാട് ബി.ജെ.പിക്ക് കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു. അതിന്‍റെ അലയൊലികൾ ആരംഭിച്ചിട്ടുണ്ട്. ചേലക്കര സീറ്റിൽ ബി.ജെ.പി സി.പി.എമ്മിന് വോട്ട് ചെയ്യും. കൃത്യമായ പ്ലാനിങ് ആണെന്നും അൻവർ പറഞ്ഞു.

എ.ഡി.ജി.പി അജിത് കുമാർ ആണ് പ്ലാനിങ്ങിന് നേതൃത്വം നൽകിയിട്ടുള്ളത്. പാർലമെന്‍റിൽ ഒരു സീറ്റും നിയമസഭയിൽ ഒരു സീറ്റും. എ.ഡി.ജി.പി ഹോൾസെയിലായി ഏറ്റിരിക്കുകയാണ്. ഇതാണ് കേരളത്തിലെ രാഷ്ട്രീയ ചിത്രമെന്നും അൻവർ വ്യക്തമാക്കി.

ഇതാണ് താൻ പറയുന്ന അവിശുദ്ധ കൂട്ടുക്കെട്ട്. ഈ അവിശുദ്ധ കൂട്ടുക്കെട്ട് തുടർന്നാൽ എന്ത് നീതിയാണ് കേരളത്തിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നത്. നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറം ഈ കൂട്ടുക്കെട്ടിന്‍റെ വലുപ്പം. ഇതിൽ എല്ലാ പാർട്ടിയിലെയും ചില ഉന്നത നേതാക്കളുണ്ടെന്നും അൻവർ പറഞ്ഞു.

പൊതുസമ്മേളനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പുകഴ്ത്തിയ പി.വി അൻവർ,  ബി.ജെ.പിയെ ശക്തമായി നേരിടുന്നത് തമിഴ്നാടും ഡി.എം.കെയുമാണെന്ന് പറഞ്ഞു. തമിഴ്നാട്ടിൽ ഒരു സീറ്റ് പോലും അവർ ബി.ജെ.പിക്ക് കൊടുത്തില്ല. ഈ സമയത്ത് കേരളത്തിൽ വരാൻ ബി.ജെ.പിക്ക് പരവതാനി വിരിച്ചു കൊടുത്തു. തൃശൂർ പൂരം കലക്കി ബി.ജെ.പിക്ക് സി.പി.എം സീറ്റുറപ്പിച്ച് കൊടുത്തു. സ്റ്റാലിനോട് തന്നെ തള്ളിപ്പറയാൻ ചിലർ ആവശ്യപ്പെട്ടെന്നും അൻവർ വ്യക്തമാക്കി.

പൊലീസും വാഹന വകുപ്പ് ഉദ്യോഗസ്ഥരും ക്വാട്ട തികയ്ക്കാൻ പണം പിടിച്ചു പറിക്കുന്ന അവസ്ഥയിലേക്ക് കേരളത്തിന്‍റെ വഴിയോരങ്ങൾ മാറിക്കഴിഞ്ഞു. കേരളത്തിൽ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്ന മുഴുവൻ ആളുകളുടെയും സംഘടന ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള രൂപീകരിക്കും. ഇരുചക്രവാഹന യാത്രക്കാരെ വഴിയിൽ തടഞ്ഞുനിർത്തി അപഹസിക്കുന്നത് നിരവധി കണ്ടിട്ടുണ്ട്. ഇതിനെതിരായ പോരാട്ടം ഡി.എം.കെ വെല്ലുവിളിയായി ഏറ്റെടുക്കും.

ഗ്ലാസ് ഉയർത്തി ലോക്ക് ചെയ്ത് ശീതീകരിച്ച വലിയ വണ്ടിയിൽ സമ്പന്നർ പോകുമ്പോൾ ഉദ്യോഗസ്ഥർ കൈ കാണിക്കില്ല. സമ്പന്നർ പോകുമ്പോൾ കേരളത്തിൽ ഒരു തടസമില്ല. ഉള്ളവനിൽ നിന്നും വാങ്ങുന്നതിന് പകരം ഇല്ലാത്തവനിൽ നിന്ന് പിടുങ്ങുന്നതിന്‍റെ പേര് കമ്യൂണിസമല്ല. പച്ച മലയാളത്തിൽ പറഞ്ഞാൽ പിടിച്ചുപറിയാണ്. ഈ പിടിച്ചുപറി കേരളത്തിൽ അവസാനിപ്പിക്കേണ്ടതുണ്ട്. ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭയല്ല ഇതിന് നേതൃത്വം നൽകേണ്ടത്. പിടിച്ചുപറിക്ക് പരിശീലനം നൽകുന്നവരായി പൊലീസ് മാറുന്നുണ്ടെങ്കിൽ അതിനെ നിയമപരമായി പ്രതിരോധം തീർക്കും. അനീതിക്കെതിരായ പോരാട്ടം തുടരും.

ജനകീയ ജനാധിപത്യത്തിൽ സോഷ്യലിസ്റ്റ് ആശയത്തോട് കൂടിയുള്ള സോഷ്യൽ മൂവ്മെന്‍റ് ആണ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള. ഇത് രാഷ്ട്രീയ പാർട്ടിയല്ല. രാഷ്ട്രീയ പാർട്ടിയാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. സാമൂഹിക മുന്നേറ്റത്തിന്‍റെ ഭാഗമായി രാഷ്ട്രീയ പാർട്ടി ആവശ്യമായി വന്നാൽ അന്ന് അതേ കുറിച്ച് ആലോചിക്കാം. ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ടു പോകും.

കള്ളക്കേസ് എടുത്ത് അൻവറിനെ ജയിലിലടക്കാനും ഇല്ലായ്മ ചെയ്യാനുമാണ് എതിരാളികളുടെ തീരുമാനമെങ്കിൽ അതിന് മുമ്പിൽ മുട്ടുമടക്കാൻ പുത്തൻവീട്ടിൽ ഷൗക്കത്തലിയുടെ മകൻ പി.വി. അൻവർ തീരുമാനിച്ചിട്ടില്ല. സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി പോരാട്ടം തുടരും. ഈ മണ്ണിൽ മരിച്ചുവീഴാനാണ് വിധിയെങ്കിൽ അത് സന്തോഷപൂർവം ഏറ്റെടുക്കും -അൻവർ വ്യക്തമാക്കി.  

പി.വി അൻവർ സാമൂഹിക കൂട്ടായ്മയായ ‘ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള’ (ഡി.എം.കെ) യുടെ നയംപ്രഖ്യാപിച്ചു. എം.എൽ.എ. മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനിൽ ഇന്ന് വൈകീട്ട് നടന്ന പൊതുസമ്മേളനത്തിലാണ് സംഘടനയുടെ പേരും നയനിലപാടുകളും ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

മുഴുവൻ പൗരന്മാർക്കും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക നീതി, വിശ്വാസ സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റം എന്നിവയാണ് ഡി.എം.കെ എന്ന സംഘടന ലക്ഷ്യമിടുന്നത്. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ജനാധിപത്യ സോഷ്യലിസ്റ്റ് നയം നടപ്പാക്കും. ദേശീയ പാരമ്പര്യത്തിലും ഫെഡറലിസത്തിലും അധിഷ്ഠിതമായ ജനാധിപത്യ കാഴ്ചപ്പാട് മുന്നോട്ടുവെക്കും. ജാതി സെൻസസ് നടത്തണം, പ്രവാസികൾക്ക് വോട്ടവകാശം, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വോട്ട് രേഖപ്പെടുത്താൻ ഇ ബാലറ്റ് സംവിധാനം, മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണം, മലപ്പുറം ജില്ല വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല പ്രഖ്യാപിക്കണം എന്നിവയാണ് പ്രധാനമായും ഡി.എം.കെ മുന്നോട്ടുവെക്കുന്നത്.

വിദ്യാഭ്യാസ വായ്പ ബാധ്യതകൾ എഴുതിത്തള്ളണം, സംരംഭക സംരക്ഷണ നിയമം അടിയന്തരമായി നടപ്പാക്കണം, തിരികെ എത്തുന്ന പ്രവാസികൾക്കായി പദ്ധതികൾ ആരംഭിക്കും, വിദ്യാഭ്യാസം സൗജന്യമാക്കണം, മേക്ക് ഇൻ കേരള പദ്ധതി ജനകീയമാക്കണം, വഴിയോര കച്ചവടക്കാർക്ക് കച്ചവട സൗഹൃദ വായ്പ നടപ്പാക്കണം, തൊഴിലില്ലായ്മ വേതനം മിനിമം 2000 രൂപയാക്കണം, അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് കെ.എസ്.ആർ‌.ടി.സി സൗജന്യ യാത്ര പാസ്, വയോജന ക്ഷേമ നയം നടപ്പാക്കണം.

ചെറുകിട കച്ചവടം പ്രോത്സാഹിപ്പിക്കണം, വന്യജീവികളെ നേരിടുന്നതിന് കേസെടുക്കണം, നഷ്ടപരിഹാരം വർധിപ്പിക്കണം, വൈദ്യുതിവേലികൾ നിർബന്ധമാക്കുക, വെള്ളപ്പൊക്കം തടയാൻ ഉടൻ നടപടി വേണം, തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കണം, വനിത പ്രാതിനിധ്യ ബിൽ നടപ്പിലാക്കണം, പി.എസ്.സി പെൻഷൻ അവസാനിപ്പിക്കണം, മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ പാടില്ല, വിദ്യാഭ്യാസം സൗജന്യമാക്കും, സ്കൂൾ സമയം എട്ടുമുതൽ ഒരു മണി വരെയാക്കണം.

വയോജന വകുപ്പ് രൂപീകരിക്കണം, തീരദേശ അവകാശ നിയമം പാസാക്കണം, പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കണം, നിയോജക മണ്ഡലങ്ങളിൽ കൃഷിക്കായി പ്രത്യേക സോൺ, പഞ്ചായത്ത് തോറും കാലാവസ്ഥ പഠന കേന്ദ്രം, റബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കണം, തോട്ടം പ്ലാന്റേഷനുകളിൽ ആരോഗ്യ–ഫാം ടൂറിസത്തിനായി നിയമഭേദഗതി, ഓൺലൈൻ കച്ചവടം നിരുത്സാഹപ്പെടുത്തണം, വന്യമൃഗ ആക്രമണത്തിന്റെ നഷ്ട പരിഹാരം 50 ലക്ഷമാക്കണം, സഹകരണ സംഘങ്ങളിൽ ‍പാർട്ടി നിയമനങ്ങൾ അവസാനിപ്പിക്കും.

ലഹരിക്കെതിരെ ഗ്രാമതലത്തിൽ അധികാരമുള്ള ജനകീയ സംവിധാനം, രണ്ട് എഫ്.ഐ.ആറുകളിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ തത്സ്ഥാനത്ത് നിന്ന് മാറ്റണം, അസ്വാഭാവികമല്ലാത്ത അപകട മരണങ്ങളിൽ കുടുംബം ആവശ്യപ്പെട്ടാൽ പോസ്റ്റ്‌മോർട്ടം നടപടികൾ ഒഴിവാക്കണം, ശബരിമലയുടെയും വഖഫ് ബോർഡിന്റെയും ഭരണം അതാത് മതവിശ്വാസികൾ അല്ലാത്തവർ നിയന്ത്രിക്കുന്നത് അടിയന്തരമായി മാറ്റണം, കായിക സർവകലാശാല നടപ്പിലാക്കണം -എന്നിങ്ങനെയാണ് മറ്റ് പ്രഖ്യാപനങ്ങൾ.

Tags:    
News Summary - CPM-BJP agreement on Palakkad and Chelakara seats -PV Anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.