'തനിക്കെതിരെയുണ്ടായ വധശ്രമത്തിൽ ഇതുവരെ നടപടിയെടുത്തില്ല'; പിറകോട്ടില്ലെന്ന സന്ദേശവുമായി ഗവർണർ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യവിമർശനം ഉന്നയിച്ചതോടെ, താൻ പിറകോട്ടില്ലെന്ന സന്ദേശവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാറിനെതിരായ പോര് ശക്തമാക്കി മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ രംഗത്തെത്തി. ഇപ്പോഴെങ്കിലും മുഖ്യമന്ത്രി തിരശ്ശീല നീക്കി പുറത്തുവന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മൂന്ന് വർഷം മുമ്പ് കണ്ണൂരിൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ തനിക്കുനേരെ വധശ്രമമുണ്ടായതിൽ ഒരുനടപടിയും സ്വീകരിച്ചില്ല. അന്ന് ആഭ്യന്തരം ആരുടെ കൈയിലായിരുന്നുവെന്നും എന്തു നടപടിയാണ് സംഭവത്തിൽ സ്വീകരിച്ചതെന്നും ചോദിച്ചു. കണ്ണൂർ വി.സി അന്ന് അതിനു കൂട്ടുനിന്നു. അന്നുണ്ടായ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ ഗവർണർ ഞായറാഴ്ചയോ തിങ്കളാഴ്ചയോ തിരുവനന്തപുരത്ത് എത്തിയ ശേഷം തെളിവുകൾ രേഖാമൂലം പുറത്തുവിടുമെന്നും വ്യക്തമാക്കി.

സ്വമേധയാ കേസെടുക്കേണ്ട സംഭവമായിരുന്നിട്ടും പൊലീസ് നടപടിയെടുക്കാതിരുന്നതിന് പിന്നിൽ ആരുടെ താൽപര്യമായിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. സർക്കാറിന്റെ നയങ്ങൾ അറിയാൻ പൊതുജനത്തിന് അവകാശമുണ്ട്. ഏതെങ്കിലും ജോലിയിൽ നിയമിക്കപ്പെടാൻ ആരെങ്കിലും അയോഗ്യരാണെന്ന് താൻ പറഞ്ഞിട്ടില്ല. ആരെങ്കിലും യോഗ്യരാണെങ്കിൽ അവരെ സ്വാഗതം ചെയ്യുന്നു.

സംസ്ഥാനത്ത് സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും താൻ‌ ഗവർണർ ആയിരിക്കുന്നക്കാലം അത് അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് പുറത്തുവിടും. വി.സിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ല. സർവകലാശാലകളിൽ യോഗ്യതയില്ലാത്തവരെ നിയമിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല.

സർവകലാശാലകൾ ജനങ്ങളുടേതാണ്. അല്ലാതെ കുറച്ചുകാലം അധികാരത്തിലിരിക്കുന്നവരുടേതല്ല. കാമ്പസ് രാഷ്ട്രീയത്തിന് താൻ എതിരല്ല. എന്നാൽ, എത്ര കുട്ടികളുടെ ജീവിതമാണ് കലാലയങ്ങളിൽ ഇല്ലാതായത്. സർവകലാശാലകളുടെ സ്വയംഭരണാവകാശം കാത്തുസൂക്ഷിക്കും. യുവാക്കൾ ഉപരിപഠനത്തിന് കേരളം എന്തുകൊണ്ട് തെരഞ്ഞെടുക്കുന്നില്ല. സ്വജനപക്ഷപാതം താൻ ഗവർണർ ആയിരിക്കുന്ന കാലം സമ്മതിക്കില്ല.

ആരെയും ഭയമില്ലെന്നും നിർഭയത്തോടെയും സത്യസന്ധതയോടെയുമാണ് തന്റെ കർത്തവ്യം നിർവഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേഴ്സനൽ സ്റ്റാഫിന്‍റെ ബന്ധുവിന്‍റെ നിയമനം താനറിഞ്ഞാണെന്ന ഗവർണറുടെ ആരോപണം അസംബന്ധമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഗവര്‍ണര്‍ പറഞ്ഞതിൽപരം അസംബന്ധം ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്ത്വം നോക്കാതെ സംസാരിക്കാൻ ഗവർണർക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.

Tags:    
News Summary - Governor with a message of no back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.