ശമ്പള-പെന്‍ഷന്‍ വിതരണം ചിലയിടങ്ങളില്‍ ആദ്യദിനം പാളി

തിരുവനന്തപുരം: പൊതുവെ സുഗമമെന്ന് പറയാമെങ്കിലും ശമ്പള-പെന്‍ഷന്‍ വിതരണം ചില ട്രഷറികളില്‍ ആദ്യദിനം തന്നെ പാളി. ആയിരക്കണക്കിന് പെന്‍ഷന്‍കാര്‍ ആശ്രയിക്കുന്ന തിരുവനന്തപുരം പെന്‍ഷന്‍ സബ് ട്രഷറിയില്‍ പണം എത്തിയത് ഉച്ചക്കാണ്. ആവശ്യത്തിന് പണം കിട്ടിയ ചില ട്രഷറികളില്‍ സോഫ്റ്റ്വെയര്‍ പ്രശ്നം മൂലം വിതരണത്തിന് പ്രയാസം നേരിട്ടു. നെയ്യാറ്റിന്‍കരയില്‍ കിട്ടിയ പണം പെട്ടെന്ന് തീര്‍ന്നു.

പെന്‍ഷന്‍കാരാണ് ഏറെ പ്രയാസപ്പെട്ടത്. അതേസമയം ഉച്ചയോടെ പ്രശ്നങ്ങള്‍ പരിഹരിച്ച് വിതരണം നടന്നു. വയനാട്ടിലെ ദ്വാരക സബ് ട്രഷറിയില്‍ ഒരു രൂപയും ബാങ്കില്‍നിന്ന് കിട്ടിയില്ല. പണമത്തൊന്‍ വൈകിയതിനാല്‍ മല്ലപ്പള്ളി ട്രഷറിയില്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടു. അവര്‍ക്ക് ബുധനാഴ്ച പണം നല്‍കുമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ ആവശ്യപ്പെട്ട പണം ഇക്കുറിയും റിസര്‍വ് ബാങ്ക് നല്‍കിയില്ല. ആദ്യദിവസം ട്രഷറികള്‍ ആവശ്യപ്പെട്ട 270.5 കോടിയില്‍ 177 കോടി മാത്രമാണ് ലഭിച്ചത്.

100കോടിയോളം രൂപയുടെ കുറവുണ്ടായിരുന്നെങ്കിലും ട്രഷറികളിലെ നീക്കിയിരിപ്പും വരവുകളും ഉപയോഗപ്പെടുത്തി 206.4 കോടി  പെന്‍ഷനും ശമ്പളവുമായി വിതരണം ചെയ്തതായി ധനവകുപ്പ് അറിയിച്ചു. ഇതില്‍ 113.4 കോടി  പെന്‍ഷനാണ്. 36.69 കോടിയുടെ ക്ഷേമ പെന്‍ഷനും നല്‍കി. ശമ്പള വിതരണത്തിന്‍െറ ആദ്യദിനമായതിനാല്‍ ട്രഷറികളില്‍ നല്ല തിരക്കായിരുന്നു. പണമില്ലാത്തതിനാല്‍ വലഞ്ഞത് പെന്‍ഷന്‍ ട്രഷറികളാണ്. അവിടെ പണം മിച്ചമായി ഉണ്ടായിരുന്നില്ല. മറ്റ് ട്രഷറികളില്‍ ആദ്യം നേരത്തേയുണ്ടായിരുന്ന പണമെടുത്ത് വിതരണം നടത്തി.

ആദ്യത്തെ 10 പ്രവൃത്തിദിവസങ്ങളിലേക്കുവേണ്ട 1,391 കോടിയില്‍ 400 കോടി മാത്രമാണ് ആദ്യ പ്രവൃത്തിദിവസത്തിനുമുമ്പ് റിസര്‍വ് ബാങ്ക് നല്‍കിയത്. ഇതില്‍ പകുതിയോളം ട്രഷറിക്ക് ലഭ്യമാക്കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥമായിരുന്നെങ്കിലും 177 കോടിയാണ് നല്‍കിയതെന്ന് ധനവകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ നല്‍കാന്‍ എത്ര നോട്ടുകള്‍ ബാങ്കിലുണ്ടെന്ന് വ്യക്തമല്ല. അടിയന്തരമായി ബാക്കി നോട്ടുകള്‍ എത്തിച്ചില്ളെങ്കില്‍ പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന് ധനവകുപ്പ് വിലയിരുത്തി.

Tags:    
News Summary - govt employee salary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.