കൊച്ചി: പൊലീസ് ആസ്ഥാനത്ത് ടോമിൻ തച്ചങ്കരിയെ നിയമിച്ചശേഷം അതീവരഹസ്യ സ്വഭാവമുള്ള ഫയലുകളൊന്നും ടി സെക്ഷനിൽനിന്ന് നഷ്ടമായിട്ടില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. എന്നാൽ, മുൻ ഡി.ജി.പി സെൻകുമാർ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ ഫയലുകളുടെ ഒാഡിറ്റിങ് നടത്താൻ ഡി.ജി.പി നിർദേശം നൽകിയിട്ടുള്ളതായി സർക്കാറിന് വേണ്ടി പൊതുഭരണ അണ്ടർ സെക്രട്ടറി രാജ ശശി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സുപ്രീം കോടതി ഉത്തരവനുസരിച്ച് ഡി.ജി.പിയായി സെൻകുമാർ ചുമതലയേൽക്കും മുമ്പ് ടോമിൻ. ജെ. തച്ചങ്കരിയടക്കമുള്ളവരെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചതിനെതിരെ ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം.
പൊലീസ് ആസ്ഥാനത്തെ െഎ.ജിയുടെ സാന്നിധ്യത്തിൽ സെൻകുമാർ അപമര്യാദയായി പെരുമാറി, ഭീഷണിപ്പെടുത്തി, കൈയേറ്റത്തിന് ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് േമയ് ഒമ്പതിന് തച്ചങ്കരിയുടെ പരാതി ലഭിച്ചിരുന്നതായി സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. പൊലീസ് ആസ്ഥാനത്തെ ഒരു ജീവനക്കാരിയുമായി ബന്ധപ്പെട്ട് സെൻകുമാർ നൽകിയ പരാതിയിൽ തച്ചങ്കരിയെയും കുറ്റപ്പെടുത്തിയിരുന്നു. തച്ചങ്കരിയുടെ പൊലീസ് ആസ്ഥാനത്തെ സാന്നിധ്യം അപകടകരമാണെന്ന് കത്തിലൂടെ സർക്കാറിനെ അറിയിച്ചു. പരാതികളിലെ വിഷയങ്ങളെല്ലാം സർക്കാർ അന്വേഷിച്ചുവരുകയാണ്.
തച്ചങ്കരിയെ സസ്പെൻഡ് ചെയ്യണമെന്ന വിജിലൻസ് ഡയറക്ടറുെട ശിപാർശ 2016 ആഗസ്റ്റ് 29നാണ് ലഭിച്ചത്. ഇതിന് എട്ട് ദിവസം മുമ്പ് ഗതാഗത കമീഷണർ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട ചുമതലകളൊന്നും ആ ഘട്ടത്തിൽ വഹിച്ചിരുന്നില്ല. മറ്റൊരു തസ്തികയിൽ ജോലി ചെയ്യുന്നത് മുൻ തസ്തികയിലായിരിക്കെയുള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തെ ബാധിക്കില്ല. അതിനാൽ, സസ്പെൻഡ് െചയ്യേണ്ടതില്ലെന്ന് സർക്കാർ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം വിജിലൻസ് ഡയറക്ടറെ ഒൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കൺസ്യൂമർ ഫെഡിെലയും കെ.ബി.പി.എസിെലയും ചുമതലകളുമായി ബന്ധപ്പെട്ട് തച്ചങ്കരിക്കെതിരെ വിജിലൻസ് അന്വേഷണമോ പ്രാഥമികാന്വേഷണമോ ത്വരിതാന്വേഷണമോ നിലവിലില്ല.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നടപടി നേരിടുകയാണെന്നും കുറ്റം ചുമത്തൽ നടപടികൾക്ക് ആവർത്തിച്ച് നോട്ടീസ് നൽകിയിട്ടും അദ്ദേഹം ഹാജരായില്ലെന്നുമാണ് പരാതി. എന്നാൽ, ആദ്യ രണ്ട് തവണ മാറ്റി വെച്ചതിനാലാണ് തച്ചങ്കരി ഹാജരാകാതിരുന്നത്. പിന്നീട് തച്ചങ്കരി ഹൈകോടതിയിൽ ഹരജി നൽകിയതിനെ തുടർന്ന് വീണ്ടും കേസ് മാറ്റി. ജൂൺ രണ്ടിന് കേസ് വെച്ചെങ്കിലും സിറ്റിങ് ഇല്ലാതിരുന്നതിനാൽ ജൂലൈ 25ലേക്ക് മാറ്റിയിരിക്കുകയാണ്. മേയ് 22ന് ശേഷം ഇൗ കോടതിയിൽ സിറ്റിങ് ഉണ്ടായിട്ടില്ല. കേസിലെ നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയിലെ അഡീ. ലീഗൽ അൈഡ്വസർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഗതാഗത കമീഷണറായിരിക്കെ 2016 ആഗസ്റ്റ് 19ന് രജിസ്റ്റർ ചെയ്ത വിജിലൻസ് കേസിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുള്ളതായി വിജിലൻസ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്. വിജിലൻസ് കേസുകൾ വരുന്നതിനും ആരോപണങ്ങൾ ഉയരുന്നതിനും മുമ്പ് തന്നെ എ.ഡി.ജി.പിയായി പ്രമോഷൻ നൽകിയിരുന്നു. ഇൗ തസ്തികയിൽ സർക്കാർ നിലനിർത്തുക മാത്രമാണ് ചെയ്തത്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി പദവി വഹിക്കുന്നുവെന്നത് കൊണ്ട് അന്വേഷണത്തിൽ ഇടപെടാൻ അദ്ദേഹത്തിന് കഴിയില്ല. സർവിസ് വിഷയം പൊതുതാൽപര്യ ഹരജിയായി നൽകാനാവില്ലെന്നും ഹരജി തള്ളണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.