തിരുവനന്തപുരം: വിവാദമായ കോവിഡ് മരണ നിരക്ക് സംബന്ധിച്ച് സർക്കാർ വാദത്തിന് തിരുത്തായി സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ റിപ്പോർട്ട്. കോവിഡ് രൂക്ഷമായ 2021ൽ സംസ്ഥാനത്തെ മൊത്തം മരണത്തിൽ ഗണ്യമായ വർധനയുണ്ടായെന്നാണ് ഔദ്യോഗിക കണക്ക് സൂചിപ്പിക്കുന്നത്.
2020നേക്കാള്‍ 88,000ത്തിലധികം മരണം 2021ലുണ്ടായി. കോവിഡ് കാരണമാണ് ഈ വർധനയെന്നാണ് ആരോഗ്യ രംഗത്തുള്ളവർ പറയുന്നത്. ആദ്യഘട്ടത്തില്‍ സര്‍ക്കാറിന്റെ ഔദ്യോഗിക പട്ടികയില്‍പ്പെടാതെ പോയ കോവിഡ് മരണങ്ങളിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ കണക്ക്. സംസ്ഥാനത്ത് ഇതുവരെ 70,913 കോവിഡ് മരണം ഉണ്ടായതായി സര്‍ക്കാറിന്റെ കോവിഡ് ഡാഷ് ബോര്‍ഡിൽ പറയുന്നു.
2021ലെ കോവിഡ് മരണം 38,979. ആദ്യം ഉള്‍പ്പെടാതിരുന്ന 12,826 പേരുകൾ കൂട്ടിച്ചേര്‍ത്താണ് വിവാദങ്ങൾക്കൊടുവിൽ സർക്കാർ മരണപ്പട്ടിക തിരുത്തിയത്. സിവില്‍ രജിസ്ട്രേഷന് പ്രകാരം 2021ല്‍ മരിച്ചത് 3,39,648 പേരാണ്. 2020നേക്കാള്‍ 88,665 പേര് അധികം. രണ്ടര ലക്ഷത്തിനും രണ്ടേമുക്കാല്‍ ലക്ഷത്തിനും ഇടയ്ക്കാണ് സംസ്ഥാനത്ത് ഒരു വര്‍ഷമുണ്ടാകാറുള്ള ശരാശരി മരണം. ഈ സ്ഥാനത്താണ് ഒരു ലക്ഷത്തിനടുത്ത് ആളുകൾ കൂടുതൽ മരണപ്പെട്ടത്. അതും കോവിഡ് പിടിമുറുക്കിയ വർഷം. 55 വയസ്സിനു മുകളില്‍ പ്രായമുള്ള 77,316 പേരാണ് ഇക്കാലയളവിൽ കുടുതൽ മരിച്ചത്. 10.26 ശതമാനം പുരുഷന്മാരും 5.6 ശതമാനം സ്ത്രീകളും ഉൾപ്പെടെ 15.86 ശതമാനം പേരാണ് ആകെ മരിച്ചത്. ഈ പ്രായക്കാരെയാണ് കോവിഡ് ഗുരുതരമായി ബാധിച്ചതും കൂടുതൽ മരണപ്പെട്ടതും.
ഇതേവർഷം കൂടുതൽ പേർ മരിച്ചത് സെപ്റ്റംബറിലാണ്. ആകെ മരണത്തിന്റെ 10.20 ശതമാനം - 3464 പേർ. ആഗസ്റ്റിൽ 7.95 ശതമാനവും ഒക്ടോബറിൽ 9.70 ശതമാനവുമായിരുന്ന സ്ഥാനത്താണിത്. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു സർക്കാർ കണക്കിലും കോവിഡ് മരണം ഉയർന്നുനിന്നത്.
തദ്ദേശ തലത്തില്‍ രജിസ്റ്റര്‍ ചെയ്ത കണക്കുമായി പൊരുത്തപ്പെടാത്ത സർക്കാറിന്റെ കോവിഡ് മരണപ്പട്ടികക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഈ കണക്കുകൾ. കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത അവകാശിക്ക് അര ലക്ഷം രൂപ നൽകാനുള്ള തീരുമാനത്തിന് പിന്നാലെയായിരുന്നു സർക്കാർ മരണസംഖ്യ കുറച്ചത്സ വിവാദമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.