തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ, ഗ്രാമപഞ്ചായത്ത് ക്ലർക്കിനെ വിജിലന്‍സ് കൈയോടെ പിടികൂടി. കോട്ടുകാൽ പഞ്ചായത്ത് ഓഫിസിലെ സെക്ഷൻ ക്ലർക്ക് എം. ശ്രീകുമാറിനെയാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
കല്ലിയൂർ സ്വദേശിയായ സുരേഷ് വിഴിഞ്ഞം ആഴിമല ഭാഗത്ത് ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ രണ്ടു നിലകൾ വാടകക്കെടുത്ത് ഹോം സ്റ്റേ തുടങ്ങാൻ കോട്ടുകാൽ പഞ്ചായത്ത് ഓഫിസിൽനിന്ന് 2019ൽ ലൈസൻസ് വാങ്ങിയിരുന്നു. എന്നാൽ, കോവിഡ് മൂലം ഹോം സ്റ്റേ ആരംഭിക്കാൻ സാധിച്ചില്ല. ലൈസൻസിന്‍റെ കാലാവധി കഴിഞ്ഞതിനാൽ പുതുക്കുന്നതിനായി വെള്ളിയാഴ്ച പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകി.
അടുത്തദിവസം കെട്ടിടം പരിശോധന നടത്താനെത്തിയ സെക്ഷൻ ക്ലർക്ക് എം. ശ്രീകുമാർ ലൈസൻസ് പുതുക്കി നൽകാൻ 25,000 രൂപ ആവശ്യപ്പെടുകയും ആദ്യ ഗഡുവായി 10,000 രൂപ ഉടൻ നൽകണമെന്ന് പറയുകയും ചെയ്തു. സുരേഷ് ഇക്കാര്യം വിജിലൻസ് തിരുവനന്തപുരം സതേൺ റേഞ്ച് എസ്.പി. ആർ. ജയശങ്കറിനെ അറിയിക്കുകയും അദ്ദേഹത്തിന്‍റെ നിർദേശാനുസരണം സതേൺ റേഞ്ച് ഡിവൈ.എസ്.പി വി. അനിൽ കെണിയൊരുക്കുകയും ചെയ്തു.
ബുധനാഴ്ച ഉച്ചക്ക് 12ഓടെ കോട്ടുകാൽ പഞ്ചായത്ത് ഓഫിസിന് സമീപം കൈക്കൂലി വാങ്ങുന്നതിനിടെ ശ്രീകുമാറിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയിൽ ഹാജരാക്കും.
ഇന്‍സ്പെക്ടര്‍മാരായ വിജയരാഘവൻ, ശ്രീകുമാർ, വിനേഷ് കുമാർ സബ് ഇന്‍സ്പെക്ടര്‍മാരായ ഖാദർ, ഗോപാലകൃഷ്ണൻ, ഗോപകുമാർ, ശശികുമാർ, രാജേഷ്, സി.പി.ഒമാരായ കണ്ണൻ, സിജി മോൻ, ബിജു തുടങ്ങിയവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.