തിരുവനന്തപുരം: ബാറ്റിലും ബാളിലും വെടിമരുന്നു തേച്ച് ഇന്ത്യ-വെസ്റ്റിൻഡീസ് ടീമുകൾ ചൊവ്വാഴ്ച തലസ്ഥാനത്തെത്തും. ബുധനാഴ്ച സ്പോർട്സ് ഹബിൽ (ഗ്രീൻഫീൽഡിൽ) പരിശീലനം. കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് ആരാധകർ കാത്തിരിക്കുന്ന ഏകദിന ക്രിക്കറ്റ് മത്സരം.
ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെ മുംബൈ- തിരുവനന്തപുരം െജറ്റ് എയർവേസിൽ എത്തുന്ന താരങ്ങൾക്ക് കോവളത്തെ ഹോട്ടൽ ലീല റാവിസിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സ്വീകരണമൊരുക്കും. ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ 12 വരെ ഇരു ടീമുകളും പരിശീലനത്തിനിറങ്ങും.
ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിച്ചെത്തുന്ന ആരാധകരെ നിരാശപ്പെടുത്താത്ത തരത്തിൽ റണ്ണൊഴുകുന്ന മൂന്ന് പിച്ചുകളാണ് പച്ചപ്പാടത്ത് കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കിയിട്ടുള്ളത്. പുറമേ, നാല് പ്രാക്ടിസ് പിച്ചുമുണ്ട്. കർണാടകയിലെ മാണ്ഡ്യയിൽനിന്നു കൊണ്ടുവന്ന കളിമണ്ണിൽ തീർത്ത പിച്ചുകളിലൊന്നിലായിരിക്കും മത്സരം. കളി ഏതിലായാലും കുറഞ്ഞത് 300 റൺസെങ്കിലും പിറക്കുന്ന രീതിയിലാണ് പിച്ചുകളുടെ നിർമാണമെന്ന് കെ.സി.എ വൃത്തങ്ങൾ സൂചിപ്പിച്ചു.
കഴിഞ്ഞ ഇന്ത്യ-ന്യൂസിലൻഡ് ട്വൻറി20 മത്സരത്തിൽ ചെമ്മണ്ണ് വിരിച്ച പിച്ചായിരുന്നു ഒരുക്കിയതെങ്കിലും കളിമണ്ണിൽ കളിക്കാനാണ് വിരാട് കോഹ്ലിയും കോച്ച് രവി ശാസ്ത്രിയും താൽപര്യം കാണിച്ചത്. ഏകദിനത്തിന് ബി.സി.സി.ഐയും ഇപ്പോൾ റെഡ്സോയിൽ പിച്ചുകളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ക്യൂറേറ്റർ എ.എം. ബിജു പറയുന്നു. അതിനാലാണ് ഇത്തവണ അഞ്ച് പിച്ചും കളിമണ്ണിൽ തീർക്കാൻ കെ.സി.എ തീരുമാനിച്ചത്.
ടിക്കറ്റിന് പ്രിയം പോരാ
കഴിഞ്ഞ ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം ചൂടപ്പംപോലെയാണ് വിറ്റഴിഞ്ഞത്. അന്ന് ഓൺലൈനിൽപോലും ടിക്കറ്റ് കിട്ടാത്തതിനെ തുടർന്ന് സ്റ്റേഡിയത്തിന് മുന്നിൽ ആരാധകരുടെ പ്രതിഷേധ പ്രകടനം വരെ ഉണ്ടായി. ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്.
കൗണ്ടര്‍ വഴി വില്പനക്ക് പകരം പേടിഎം, ഇന്‍സൈഡര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകൾക്ക് ടിക്കറ്റ് വിൽപനയുടെ ചുമതല നൽകിയതോടെ വരുമാനത്തിൽ വൻ ഇടിവാണ് കെ.സി.എക്ക്. അഞ്ചരക്കോടിയുടെ വരുമാനം പ്രതീക്ഷിച്ചിടത്ത് മൂന്നുകോടിയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. വിൽപന കുറഞ്ഞതോെട 2700 അക്ഷയ ഇ-കേന്ദ്രങ്ങളെക്കൂടി കെ.സി.എ ആശ്രയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ വിദ്യാര്‍ഥികൾക്ക് 2000 സീറ്റുകൂടി നീക്കിെവച്ചതായി കെ.സി.എ അറിയിച്ചു. 500 രൂപയാണ് വിദ്യാർഥികളുടെ ടിക്കറ്റ് വില. 1000, 2000, 3000 രൂപയാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.