ഗ്രീൻഫീൽഡ് ഹൈവേ: മൂന്ന് ജില്ലയിൽ ഏറ്റെടുക്കുന്നത് 547 ഹെക്ടർ ഭൂമി

പാലക്കാട്: കോഴിക്കോട്-മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന ഗ്രീൻഫീൽഡ് ഹൈവേക്ക് മൂന്ന് ജില്ലയിൽനിന്നുമായി ആകെ ഏറ്റെടുക്കുക 547 ഹെക്ടർ ഭൂമി. കോഴിക്കോട് ജില്ലയിൽ ഫീൽഡ് സർവേ ഏറക്കുറെ പൂർത്തിയായി. പാലക്കാട് ജില്ലയിൽ ഈ മാസം 10ന് സർവേ ആരംഭിക്കും. സ്ഥലമെടുപ്പ് നടപടി പുരോഗമിക്കവേ, കിടപ്പാടവും കൃഷിയിടവും നഷ്ടപ്പെടുമെന്ന ആശങ്ക ജനങ്ങളിൽ ശക്തമാണ്.

കേന്ദ്ര സർക്കാറിന്‍റെ ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഗ്രീൻഫീൽഡ് ഹൈവേക്ക് മൂന്ന് ജില്ലയിലായി 121 കി.മീറ്ററാണ് ദൈർഘ്യം. 61.44 കി.മീ. പാലക്കാടും 52.96 കി.മീ. മലപ്പുറത്തും 6.60 കി.മീ. കോഴിക്കോട്ടും എന്നിങ്ങനെയാണിത്. കോയമ്പത്തൂർ-പാലക്കാട് ദേശീയപാതയിലെ മരുതറോഡ് വില്ലേജ് ഭാഗത്തു നിന്ന് തുടങ്ങി കോഴിക്കോട് എൻ.എച്ച് 66ലെ പന്തീരാങ്കാവിലാണ് പാത അവസാനിക്കുന്നത്. മൂന്ന് ജില്ലയിലുമായി 39 വില്ലേജിലൂടെയാണ് പാത കടന്നുപോകുന്നത്. നിർമാണത്തിനും സ്ഥലമേറ്റെടുപ്പിനുമായി ആകെ വകയിരുത്തിയത് 8000 കോടി രൂപയാണ്.

സ്ഥലമേറ്റെടുപ്പിന് മുന്നോടിയായുള്ള ത്രീ എ വിജ്ഞാപനം ജൂൺ ആദ്യം പുറത്തിറക്കി. തുടർന്ന് ഇറക്കിയ ത്രീ സി വിജ്ഞാപനപ്രകാരമാണ് ഇപ്പോൾ സ്ഥലമുടമകളുടെ പരാതികളിൽ ഹിയറിങ് നടക്കുന്നത്. ഡ്രോൺ സർവേ പ്രകാരം റോഡിന്‍റെ അലൈൻമെന്‍റിൽ വ്യക്തതയില്ലാത്തത് ജനങ്ങളിൽ പരക്കെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതുമൂലം ആരുടെയെല്ലാം വീടും സ്ഥലവും നഷ്ടപ്പെടുമെന്ന് കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ല. ഫീൽഡ് സർവേയിലൂടെ ഇതിൽ വ്യക്തത വരുമെന്ന് അധികൃതർ പറയുന്നു.

അലൈൻമെന്റ് തയാറാക്കുന്നതിന് 25 ശതമാനം ഭൂമി അധികമായി രേഖപ്പെടുത്തിയാണ് അളവ് തിട്ടപ്പെടുത്തിയിരുന്നത്. എന്നാൽ, പാത നിർമിക്കാൻ 45 മീറ്റർ വീതി കൃത്യമായി രേഖപ്പെടുത്തിയാണ് അളന്നെടുക്കുക. ദേശീയപാത സ്ഥലമേറ്റെടുക്കുന്നതിന് നൽകുന്ന നഷ്ടപരിഹാര പാക്കേജ് തന്നെയായിരിക്കും ഈ പദ്ധതിക്കും അവലംബിക്കുക.

Tags:    
News Summary - Greenfield Highway: 547 hectares of land to be acquired in three districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.