കൽപറ്റ: വയനാടിന്‍റെ പൂർണ നാശത്തിന് കാരണമാകുന്ന വിധത്തിൽ വൻമരങ്ങൾ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുകയും വ്യാപകമായി വ്യാജ നിരാക്ഷേപ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്ത വില്ലേജ് ഓഫീസർമാർ, തഹസിൽദാർമാർ, ഡെപ്യൂട്ടി തഹസിൽദാർമാർ തുടങ്ങിയ റവന്യൂ ഉദ്യോഗസ്ഥന്മാർക്കെതിരെ കർക്കശ നടപടി സ്വീകരിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. മരക്കച്ചവടക്കാരും ഉദ്യോഗസ്ഥരും ചേർന്ന ലോബി നിർവിഘ്നം വിദ്രോഹപ്രവർത്തനങ്ങൾ തുടരുകയാണെന്നും റവന്യൂ മന്ത്രി, റവന്യൂ സെക്രട്ടറി എന്നിവർക്ക് അയച്ച നിവേദനത്തിൽ സമിതി ചൂണ്ടിക്കാട്ടി.
റവന്യൂ ഉദ്യോഗസ്ഥരുടെ ഇന്നത്തെ നിലപാട് തുടർന്നാൽ വയനാട് മരുഭൂമിയായി മാറാൻ കാലമേറെ വേണ്ടിവരില്ല. പശ്ചിമഘട്ടത്തിന്‍റെ മഴനിഴൽ പ്രദേശമായ വയനാട്ടിൽ മെച്ചപ്പെട്ട കാലാവസ്ഥ നിലനിൽക്കുന്നതും ഭേദപ്പെട്ട മഴ ലഭിക്കുന്നതും ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന കൂറ്റൻ മരങ്ങൾ ഉള്ളതുകൊണ്ടാണ്. മരുവൽക്കരണം തടയുന്നതും വൃക്ഷങ്ങളാണ്. ഇവയ്ക്കു മേലാണ് അധികൃതരുടെ ഒത്താശയിൽ കോടാലി വീഴുന്നത്.
വൈത്തിരി താലൂക്കിലെ മുട്ടിൽ സൗത്ത് വില്ലേജിൽ റവന്യൂ ഉദ്യോഗസ്ഥർ എൻ.ഒ.സി. നൽകിയ 25 കോടി രൂപ വിലവരുന്ന 250 ലധികം ക്യൂബിക്ക് മീറ്റർ ഈട്ടിത്തടി വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും റോജി അഗസ്റ്റിൻ അടക്കമുള്ള 40 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ട് രണ്ടു മാസം കഴിഞ്ഞു. ഇത്രയധികം സർക്കാർ മരം കണ്ടുകെട്ടിയിട്ടും, മരങ്ങൾ സംരക്ഷിക്കേണ്ട റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ ജില്ല കലക്ടർ നടപടി എടുത്തിട്ടില്ല. റോജി അഗസ്റ്റിനെതിരെയും വ്യാജ എൻ.ഒ.സി നൽകിയവർക്ക് എതിരെയും പൊതുമുതൽ സംരക്ഷണ നിയമമായ പി.ഡി.പി.പി ആക്ട് പ്രകാരമോ ക്രിമിനൽ കേസോ എടുത്തിട്ടില്ല.
മാനന്തവാടി താലൂക്കിലെ നോട്ടിഫൈഡ് വില്ലേജായ തിരുനെല്ലി വില്ലേജിൽ ഒരു ഹെക്ടറിൽ കൂടുതലുള്ള ഭൂമിയിൽനിന്ന് മരംമുറിക്കാൻ നിയമമില്ല. വില്ലേജ് ഓഫിസറും തഹസിൽദാറും വൻക്രമക്കേടുകൾ നടത്തിയിട്ടുണ്ട്. കാൽവരി എസ്റ്റേറ്റിലെ റവന്യൂ ഭൂമിയിൽനിന്ന് 25 തേക്ക് മരങ്ങളും അത്ര തന്നെ ഈട്ടിയും മുറിച്ചിട്ടുണ്ട്. ഈ എേസ്റ്ററ്റിൽ മിച്ചഭൂമിയോ റവന്യൂ ഭൂമിയോ നിക്ഷിപ്ത മരങ്ങളോ ഇല്ലെന്ന സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പരിശോധിച്ചാൽ വ്യക്തമാകും. എൻ.ഒ.സി കൊടുത്തിട്ടുള്ള ആക്കൊല്ലി, ബ്രഹ്മഗിരി-എ തുടങ്ങിയ എസ്റ്റേറ്റുകളിൽ മിച്ചഭൂമിയും റവന്യൂ ഭൂമിയുമുണ്ട്. താലൂക്ക് ലാൻഡ് ബോർഡിൽ കേസ് നിലനിൽക്കുന്നതുമാണ്. ലക്ഷ്മി, ബ്രഹ്മഗിരി-എ എസ്റ്റേറ്റുകളുടെ ഉടമസ്ഥാവകാശക്കേസ് സുപ്രീം കോടതിയിലാണെന്ന് ഇവർക്ക് അറിയാമെങ്കിലും കോടതി വിധികളും നിയമവും ഇവർക്ക് ബാധകമല്ല.
ബ്രിട്ടീഷ് പൗരനായ വാൻ ഇങ്കന്‍റെ, അനന്തരാവകാശികൾ ഇല്ലാത്ത ആലേക്കോട് എസ്റ്റേറ്റ് സർക്കാർ കണ്ടുകെട്ടാൻ റവന്യൂ ബോർഡ് ഒന്നര വർഷം മുൻപ് ഉത്തരവിട്ടിട്ടും ജില്ല കലക്ടർ നടപടി വൈകിപ്പിക്കുകയാണ്. തിരുനെല്ലി പഞ്ചായത്തിലെ 5000ത്തോളം ഏക്കർ എസ്റ്റേറ്റിലെ അനേകായിരം കോടിയുടെ മരങ്ങൾ മുറിച്ചു മാറ്റാനുള്ള വൻ ലോബി വയനാട്ടിൽ പ്രവർത്തിക്കുണ്ട്. ഉന്നത റവന്യൂ ഉദ്യോഗസ്ഥരും മരക്കച്ചവടക്കാരും വക്കീലന്മാരും അടങ്ങിയ സംഘത്തിൽ സമീപകാലത്തായി ചില വനം വകുപ്പു ഉദ്യോഗസ്ഥരും പങ്കാളികളാണ്.
വയനാടിന്‍റെ പച്ചപ്പിനെ നക്കിത്തുടച്ച് മരുഭൂമിയാക്കി മാറ്റാനുള്ള നീക്കത്തിന് തടയിടാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ ബാബു മൈലമ്പാടി അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയൽ, എൻ. ബാദുഷ, എം. ഗംഗാധരൻ, സി.എസ്. ഗോപാലകൃഷ്ണൻ, എ.വി. മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.