തേഞ്ഞിപ്പലം: രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളർച്ച സംബന്ധിച്ച് തെറ്റായ വസ്തുതകളും കണക്കുകളുമാണ് നരേന്ദ്ര മോദി സർക്കാർ അവതരിപ്പിക്കുന്നതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. പരകാല പ്രഭാകർ. കാലിക്കറ്റ് സർവകലാശാല ഇ.എം.എസ് ചെയർ ഫോർ മാർക്സിയൻ സ്റ്റഡീസ് ആൻഡ് റിസർച്ച് സംഘടിപ്പിച്ച ‘ഇ.എം.എസ് സ്മരണ’ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന വലിയ വെല്ലുവിളികളായ ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലവർധന, വിശപ്പ്, സാമൂഹിക അരികുവത്കരണം തുടങ്ങിയവ സംബന്ധിച്ച യഥാർഥ വസ്തുതകളും കണക്കുകളും ഓരോ പൗരനിലേക്കും എത്തണം. ഓരോ വർഷവും രണ്ട് കോടി തൊഴിൽ സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മോദി അധികാരത്തിലെത്തിയത്.
എന്നാൽ, പുതിയ കണക്കുകൾ പ്രകാരം യുവാക്കൾക്കിടയിൽ 24 ശതമാനം തൊഴിലില്ലായ്മയാണുള്ളത്. ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് തങ്ങളുടെ ശക്തി കൃത്യമായി പ്രയോഗിക്കാനുള്ള ചരിത്രസന്ദർഭമാണ് നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെയർ കോഓഡിനേറ്റർ പി. അശോകൻ അധ്യക്ഷത വഹിച്ചു. പ്രഫ. എം.എം. നാരായണൻ എഴുതിയ ‘ഹിന്ദുത്വവാദം, ഇസ്ലാമിസം, ഇടതുപക്ഷം’ പുസ്തകം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് പ്രകാശനം ചെയ്തു. സർവകലാശാല മലയാളം വകുപ്പിലെ വിദ്യാർഥി എസ്. അതുല്യ പുസ്തകം ഏറ്റുവാങ്ങി. പ്രഫ. എം.എം. നാരായണൻ ഇ.എം.എസ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. കെ. ഗോപാലൻ കുട്ടി, പ്രഫ. പി.കെ. പോക്കർ, പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ, ഡോ. വി.എൽ. ലിജീഷ് എന്നിവർ സംസാരിച്ചു. വിനോദ് എൻ. നീക്കമ്പുറത്ത് സ്വാഗതവും പി. നിധിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.