ഗുരുവായൂര്‍: ആനത്താവളത്തിന് സമീപത്തെ വീട്ടില്‍നിന്ന് 371 പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പിടിയിലായ പ്രതി തിരുച്ചിറപ്പള്ളി മാല്‍ഗുഡി സ്വദേശി നാഗരാജിന്റെ ഹോബി തമിഴ് സൂപ്പര്‍ സ്റ്റാറുകള്‍ താമസിക്കുന്ന ഹോട്ടലുകളില്‍ താമസിക്കുക എന്നതായിരുന്നു. ഗൂഗ്ളില്‍ സെര്‍ച്ച് ചെയ്താണ് നടന്മാര് താമസിക്കുന്ന ഹോട്ടലുകള്‍ കണ്ടെത്തിയിരുന്നത്. മോഷണ മുതല്‍ വിറ്റ് പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയായിരുന്നു ഇയാളുടെ ജീവിതം. ഹോട്ടല്‍ ജീവനക്കാര്‍ക്ക് ആയിരങ്ങളാണ് ടിപ്പായി നല്‍കിയിരുന്നത്. ആഡംബര ബൈക്കുകളും ഏറെ താൽപര്യമുള്ളവയാണ്. വീടിന് സമീപമുള്ള ശ്മശാന പരിസരത്ത് വലിയ ഗുണ്ടാസംഘത്തെ ഇയാൾ സംരക്ഷിച്ചുപോന്നിരുന്നു.
ആനത്താവളത്തിന് സമീപം കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍നിന്നാണ് 371 പവന് സ്വര്‍ണവും രണ്ട് ലക്ഷം രൂപയും മോഷ്ടിച്ചത്. വീട്ടില്‍ കയറി മോഷണം നടത്തിയ ധര്‍മരാജിന്റെ സഹോദരനാണ് ഇപ്പോൾ പിടിയിലായ നാഗരാജ്. കവര്‍ച്ച ചെയ്ത സ്വര്‍ണത്തിന്റെ ഒരു ഭാഗം വിറ്റഴിച്ചതും പണം സൂക്ഷിച്ചതും നാഗരാജായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
മേയ് 12നാണ് ബാലന്റെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്നത്. വീട്ടുകാര്‍ സിനിമക്ക് പോയ സമയത്തായിരുന്നു മോഷണം. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ ധര്‍മരാജിനെ മേയ് 29ന് ചണ്ഡീഗഢില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണം വില്ക്കാന് സഹായിച്ചതിന് ധര്‍മരാജിന്റെ സഹോദരന് ചിന്നരാജ്, മാതൃസഹോദരീ പുത്രന് രാജു എന്നിവരെയും പിന്നീട് അറസ്റ്റ് ചെയ്തു. പ്രതികള്‍ വിറ്റഴിച്ച തൊണ്ടി മുതല്‍ പൂര്‍ണമായി കണ്ടെടുക്കാനും പൊലീസിന് കഴിഞ്ഞു. എന്നാല്‍, സ്വര്‍ണം വില്പന നടത്തിയവരില്‍ പ്രധാനിയായ നാഗരാജ് ഒളിവിലായിരുന്നു.
നാഗരാജിന് തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മോഷണ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി കോടതികളില്‍ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ടുകളുണ്ട്. അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രതിയുടെ ബാഗിൽനിന്ന് ഏഴര ലക്ഷത്തോളം രൂപ പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.