ആലപ്പുഴ: റിപ്പബ്ലിക്ദിന പരേഡിന് കേരളം ശ്രീനാരായണഗുരുവിനെ ആസ്പദമാക്കിയ ഫ്ലോട്ട് തള്ളിയ കേന്ദ്രസർക്കാർ നിലപാടിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശങ്കരാചാര്യരുടെ പ്രതിമ ഉൾപ്പെടുത്തി ഫ്ലോട്ട് സമർപ്പിക്കണമെന്ന നിർദേശം സംസ്ഥാനം പാലിക്കാത്തതിനാലാണ് കേരളത്തെ തള്ളിയത്. ജാതിഭ്രാന്തന്മാരായ ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഗുരുവിനോടുള്ള അവഹേളനമാണിതെന്ന് സംഘടനയുടെ മുഖപ്രസിദ്ധീകരണമായ യോഗനാദത്തിലെ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി വിമർശിക്കുന്നു.
സവർണ ജാതിവെറി പൂണ്ട ഉദ്യോഗസ്ഥരുടെ ജാതിചിന്തയും വർണവിരോധവുമാണ് ഗുരുവിനെപോലെ ജാതിമതഭേദമന്യേ ആധുനിക ലോകത്തിന് അവഗണിക്കാനാകാത്ത കാലാനുസൃത ദർശനം നൽകിയ നവോത്ഥാന നായകനെ ഉൾക്കൊള്ളാനാകാതെ വന്നതിന് പിന്നിലെന്ന് കുറ്റപ്പെടുത്തുന്ന ലേഖനം, ശങ്കരാചാര്യരുടെ അനുയായികൾ ജന്മനാട്ടിൽപോലും നാമമാത്രമാണെന്നും വിമർശിക്കുന്നു.
ബ്രാഹ്മണരുടെ ആത്മീയഗുരുവായി ശങ്കരനും പിൻഗാമികളായ ശങ്കരാചാര്യരും മാറിയപ്പോൾ അധഃകൃത വർഗത്തിന്റെ ദൈവവും ഗുരുവുമായി ശ്രീനാരായണൻ. ബ്രാഹ്മണ ജാത്യാഭിമാനത്തിന്റെ പ്രതീകങ്ങളായി ആധുനിക കാലത്തെ ശങ്കരാചാര്യന്മാരും ശങ്കരമഠങ്ങളും മാറിക്കഴിഞ്ഞു. ഇവരുടെ പ്രതിനിധികളും സവർണവാദികളുമായ കുറെ ഉദ്യോഗസ്ഥപ്രഭുക്കളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രധാന കസേരകളിലിരുന്ന് ഇത്തരം ജാതിവെറികൾക്ക് വഴിതെളിക്കുന്നത്. ഇവരെ ഇറക്കിവിട്ടല്ലാതെ നമ്മുടെ രാജ്യം ജാതിവിവേചനത്തിൽനിന്ന് മുക്തമാകില്ല -വെള്ളാപ്പള്ളി വ്യക്തമാക്കുന്നു.
ജന്മദേശമായ കേരളത്തിൽപോലും ശങ്കരാചാര്യരുടെ അനുയായികൾ നാമമാത്രമാകാൻ കാരണം അവരുടെ സവർണചിന്തകൾതന്നെയാകണം. ഗുരുവിനെ ഒഴിവാക്കാൻ നിർദേശിച്ച ഉദ്യോഗസ്ഥരെ വെളിച്ചത്ത് കൊണ്ടുവരണം. ജൂറിയുടെ നടപടി അപലപനീയമാണെന്നും അന്വേഷിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.