ഗുരുവായൂരപ്പന്‍റെ 'ഥാര്‍' ലേലത്തിൽ സ്വന്തമാക്കി അമല്‍ മുഹമ്മദ്; ലേലമുറപ്പിക്കാതെ ദേവസ്വം

ഗുരുവായൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ എറണാകുളം ഇടപ്പളളി സ്വദേശി അമല്‍ മുഹമ്മദ് ലേലത്തില്‍ സ്വന്തമാക്കി. 15.10 ലക്ഷം രൂപക്കാണ്് അമല്‍ മുഹമ്മദ് വാഹനം ലേലത്തില്‍ സ്വന്തമാക്കിയത്്.

എന്നാല്‍ കൂടുതല്‍ വില നല്‍കാന്‍ അമല്‍ തയ്യാറായിരുന്നുവെന്ന വിവരം പുറത്ത് വന്നതോടെ ലേലം സ്ഥിരംപെടുത്തിയിട്ടില്ല എന്ന നിലപാടിലായി ദേവസ്വം. 21 ലക്ഷം വരെ ലേലം ചെയ്യാനും കൂടുതല്‍ തുകക്ക് മറ്റാരെങ്കിലും ഉണ്ടെങ്കില്‍ തന്നെ ബന്ധപ്പെടാനും ലേം ചെയ്ത അമല്‍ അറിയിച്ചിരുന്നതായി ലേലത്തില്‍ അമലിന് വേണ്ടി പങ്കെടുത്ത സുഹൃത്ത് ജിതേഷ് പണിക്കര്‍ വെളിപ്പെടുത്തിയിരുന്നു.

അമല്‍ ബഹ്‌റൈനിലാണ്. ഈ മാസം 21ന് ചേരുന്ന ദേവസ്വം ഭരണ സമിതി യോഗം ലേല നടപടികള്‍ അംഗീകരിച്ച് ശേഷം ദേവസ്വം കമീഷണറുടെ അനുമതിയും വാങ്ങിയ ശേഷമാണ് കാര്‍ കൈമാറുമെന്നാണ് ദേവസ്വം ആദ്യം അറിയിച്ചത്. എന്നാല്‍ 21 ലക്ഷമെങ്കിലും ലഭിക്കുമായിരുന്നു എന്ന വിവരം ലേല ശേഷം പുറത്തുവന്നതോടെ ദേവസ്വം അധികൃതരുടെ നിലപാട് മാറുകയായിരുന്നു.

ലേലത്തില്‍ പുനരാലോചന വേണ്ടതുണ്ടോയെന്ന് ഭരണ സമിതി ചര്‍ച്ച ചെയ്യുമെന്നായി ചെയര്‍മാന്റെ നിലപാട്. എന്നാല്‍ ദേവസ്വം നിലപാട് മാറ്റിയാല്‍ നിയമനടപടികള്‍ അടക്കമുള്ളത് ആലോചിക്കുമെന്ന് ലേലത്തില്‍ പങ്കെടുത്ത സുഭാഷ് പണിക്കര്‍ പറഞ്ഞു. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നത്. 15 ലക്ഷമാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.

അഡ്വ. കെ.ബി. മോഹന്‍ ദാസ്, ഭരണ സമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, അഡ്വ. കെ.വി. മോഹനകൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. മനോജ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ലേല നടപടികള്‍. ഈ മാസം നാലിനാണ് ചുവപ്പ് നിറത്തിലുള്ള ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍ ഥാര്‍ വഴിപാടായി ലഭിച്ചത്. വാഹനം ലേലം ചെയ്ത് നല്‍കാന്‍ ഭരണ സമിതി തീരുമാനിക്കുകയായിരുന്നു.

Tags:    
News Summary - Guruvayoorappan's 'Thar' to Amal Muhammad; It was auctioned for Rs 15.10 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.